അവസാന വര്‍ഷ ഡിഗ്രി പരീക്ഷ: കേരള സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളുടെ വ്യാപക പരാതി

By Web TeamFirst Published Apr 2, 2021, 7:20 AM IST
Highlights

ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച് പതിനെട്ടിന്. പിന്നാലെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചത്.
 

തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികളുടെ പരീക്ഷയുമായി ബന്ധപ്പെട്ട് വ്യാപക പരാതി ഉയരുന്നു. അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ അവസാന സെമസ്റ്റര്‍ പരീക്ഷ നടത്തുന്നതാണ് വിദ്യാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്.

ഡിഗ്രി വിദ്യാര്‍ത്ഥികളുടെ അഞ്ചാം സെമസ്റ്റര്‍ പരീക്ഷ കഴിഞ്ഞത് മാര്‍ച്ച് പതിനെട്ടിന്. പിന്നാലെയാണ് ആറാം സെമസ്റ്റര്‍ പരീക്ഷ ഈ മാസം പതിനഞ്ച് മുതല്‍ നടത്താന്‍ കേരള സര്‍വകലാശാല തീരുമാനിച്ചത്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കിട്ടുന്നത് ഒരു മാസത്തില്‍ താഴെ മാത്രം സമയം. ഇതിനിടയില്‍ വേണം പ്രോജക്ടും ലാബ് പരീക്ഷകള്‍ക്കുമടക്കം തയ്യാറാവാന്‍.

സാങ്കേതികമായി ആറാം സെമസ്റ്റര്‍ ഡിസംബറില്‍ തുടങ്ങിയതാണ്. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ക്ലാസുകള്‍ സജീവമായിരുന്നില്ലെന്നും സിലബസ് പൂര്‍ത്തിയായിട്ടില്ലെന്നും വിദ്യാര്‍ത്ഥികള്‍ പറയുന്നു. പരീക്ഷ മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ട് സര്‍വകലാശാല അധികൃതരെ ബന്ധപ്പെട്ടെങ്കിലും അനുകൂല മറുപടിയുണ്ടായില്ലെന്നാണ് ആരോപണം.

വിദ്യാര്‍ത്ഥികളുടെ പരാതി ശ്രദ്ധയില്‍ പെട്ടെന്നും തെരഞ്ഞെടുപ്പിന് ശേഷം വിഷയം ചര്‍ച്ച ചെയ്ത് അന്തിമ തീരുമാനം എടുക്കുമെന്നും സര്‍വകലാശാല എക്‌സാം കണ്‍ട്രോളര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

click me!