അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ജൂഡോ, റസലിംഗ്, ജിംനാസ്റ്റിക്‌സ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) എന്നീ ഇനങ്ങളിലായാണ് സെലക്ഷൻ.

പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന അയ്യൻകാളി മെമ്മോറിയൽ ഗവ. മോഡൽ റസിഡൻഷ്യൽ സ്‌പോർട്‌സ് സ്‌കൂളിൽ പട്ടികജാതി/ പട്ടികവർഗ വിഭാഗത്തിൽ കായിക മേഖലയിൽ മുന്നാക്കം നിൽക്കുന്ന വിദ്യാർഥികൾക്കായി 2026-27 അധ്യയന വർഷത്തിൽ 5, 11 ക്ലാസുകളിലേയ്ക്കും, നിലവിൽ ഒഴിവുളള 6, 7, 8, 9 ക്ലാസുകളിലേക്കുമുളള സെലക്ഷൻ ട്രയൽ ഫെബ്രുവരി 2 മുതൽ 26 വരെ കേരളത്തിലെ 14 ജില്ലകളിലായി നടക്കും. അത്‌ലറ്റിക്‌സ്, ഫുട്‌ബോൾ, ജൂഡോ, റസലിംഗ്, ജിംനാസ്റ്റിക്‌സ് (ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും) എന്നീ ഇനങ്ങളിലായാണ് സെലക്ഷൻ. നിലവിൽ 4, 10 ക്ലാസുകളിൽ പഠിയ്ക്കുന്ന കുട്ടികൾ സ്‌കൂൾ മേധാവിയുടെ സാക്ഷ്യപത്രം, 3 ഫോട്ടോ, ജാതി, ജനന സർട്ടിഫിക്കറ്റ്, ആധാർ എന്നിവയുടെ പകർപ്പ് ഉൾപ്പെടെ താഴെ പറയുന്ന വേദികളിൽ അതാത് ജില്ലയിലുളളവർ എത്തിച്ചേരണം. ഇപ്പോൾ 5, 6, 7, 8 ക്ലാസ്സുകളിൽ പഠിയ്ക്കുന്ന കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തിൽ 6, 7, 8, 9 ക്ലാസ്സുകളിലേയ്ക്ക് പ്രവേശനം നൽകും. 8, 9, 11 ക്ലാസുകളിലെ പ്രവേശനം ഫിസിക്കൽ ടെസ്റ്റ്, സ്‌കിൽ ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലും, 5, 6, 7 ക്ലാസുകളിലേയ്ക്ക് ഫിസിക്കൽ ടെസ്റ്റിന്റെ അടിസ്ഥാനത്തിലുമാണ് സെലക്ഷൻ.

കാസർഗോഡ് മുൻസിപ്പൽ സറ്റേഡിയത്തിൽ ഫെബ്രുവരി 2 നും കണ്ണൂർ സെൻട്രൽ ജയിൽ ഗ്രൗണ്ടിൽ 3 നും കോഴിക്കോട് ഗവ. ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജിൽ 4 നും വയനാട് ഡബ്ല്യൂ.എം.ഒ കോളേജിൽ 5 നും മലപ്പുറം വണ്ടൂർ വി.എം.സി.എച്ച്.എസ്.എസിൽ 6 നും, പാലക്കാട് വിക്ടോറിയ കോളേജിൽ 7 നും തൃശൂർ തോപ്പ് സെന്റ് തോമസ് കോളേജ് സ്റ്റേഡിയത്തിൽ 9 നും എറണാകുളം തേവര സേക്രട്ട് ഹാർട്ട് കോളേജിൽ 10 നും ഇടുക്കി, മൂലമറ്റം സെന്റ് തോമസ് കോളേജിൽ 11 നും കോട്ടയം പാല മുനിസിപ്പൽ സ്റ്റേഡിയത്തിൽ 13 നും ആലപ്പുഴ പുന്നപ്ര എം.ആർ.എസിൽ 14 നും പത്തനംതിട്ട കൊടുമൺ ഇ.എം.എസ് സ്റ്റേഡിയത്തിൽ 24 നും കൊല്ലം, കൊട്ടാരക്കര ഗവ. ബോയ്സ് എച്ച്.എസ്.എസിൽ 25 നും തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജ് ഗ്രൗണ്ടിൽ 26 നും രാവിലെ 8 മുതലാണ് സെലക്ഷൻ ട്രയൽ. കൂടുതൽ വിവരങ്ങൾക്ക് : 7356075313, 9744786578.