പത്രവിതരണക്കാരനിൽ നിന്ന് ഐഎഎസ് പദവിയിലേക്ക്; കോച്ചിം​ഗിന് പണമില്ല, സ്വയം പഠിച്ചു; 370ാം റാങ്കോടെ വിജയം

By Web TeamFirst Published Oct 1, 2022, 2:16 PM IST
Highlights

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള നിരീഷ്, ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. 

ദില്ലി: ഒന്നുമില്ലായ്മയിൽ നിന്ന് വിജയത്തിലേക്കെത്തി, പ്രചോദനാത്മകമായ നേട്ടങ്ങൾ സൃഷ്ടിക്കുന്ന ചിലരുണ്ട്. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും മറ്റ് ഭൗതിക സാഹചര്യങ്ങളുടെ അഭാവത്തിലും പതറാതെ നിശ്ചയ ദാർഢ്യത്തോടെ മുന്നേറി വിജയിച്ച, വ്യക്തികളിലൊരാളാണ് ഐഎഎസ് ഉദ്യോഗസ്ഥനായ നിരീഷ് രാജ്പുത്. അഖിലേന്ത്യ തലത്തിൽ 370ാം റാങ്കോടെയാണ് അദ്ദേഹം ഐഎഎസ് നേടിയത്. 

മധ്യപ്രദേശിലെ ഭിന്ദ് ജില്ലയിൽ നിന്നുള്ള നിരീഷ്, ദൈനംദിന ചെലവുകൾക്ക് പോലും ബുദ്ധിമുട്ടുന്ന ഒരു കുടുംബത്തിലാണ് ജനിച്ചതും വളർന്നതും. സർക്കാർ സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. ​ഗ്വാളിയോറിലെ സർക്കാർ കോളേജിൽ നിന്നും ബിരുദം നേടി. വിദ്യാഭ്യാസ ചെലവുകൾക്ക് പണമില്ലാത്ത സാഹചര്യം വന്നപ്പോൾ ന്യൂസ് പേപ്പർ വിതരണക്കാരനായും ഇദ്ദേഹം ജോലി ചെയ്തു.  പഠിക്കാനാവശ്യമായ പുസ്തകം വാങ്ങാൻ പോലും പണമില്ലായിരുന്നു. ഇത്രയധികം പ്രതിസന്ധികൾ നേരിടേണ്ടി വന്നിട്ടും ബിഎസ്‍സിയും എംഎസ്‍സിയും നിരീഷ് ടോപ്പറായിട്ടാണ് പാസ്സായത്. 

ഇദ്ദേഹത്തിന്റെ പിതാവ്. മറ്റുള്ളവരിൽ നിന്നും പണം കടം വാങ്ങിയാണ്  കുടുംബത്തിന്റെ ചെലവുകൾ മുന്നോട്ട് കൊണ്ടുപോയിക്കൊണ്ടിരുന്നത്. പിതാവിന്റെ സാമ്പത്തിക പ്രതിസന്ധി കണ്ടപ്പോൾ, ഏത് സാഹചര്യത്തിലും യുപിഎസ്‌സി പരീക്ഷയിൽ വിജയിക്കുമെന്ന് നിരീഷ് ദൃഢനിശ്ചയം ചെയ്തു.  യുപിഎസ്‌സി തയ്യാറെടുപ്പിനിടെ നിരീഷിന്റെ സുഹൃത്ത് ഒരു കോച്ചിം​ഗ് സെന്റർ ആരംഭിക്കുകയും അവിടെ അധ്യാപക ജോലി നൽകുകയും ചെയ്തിരുന്നു. എന്നാൽ രണ്ട് വർഷത്തിന് ശേഷം അദ്ദേഹത്തിന് ഈ ജോലി നഷ്ടപ്പെട്ടു. 

ദില്ലിയിലെ സുഹുത്തുക്കളിൽ നിന്ന് കടം വാങ്ങിയ പഠനസാമ​ഗ്രികളുപയോ​ഗിച്ചാണ് ഇദ്ദേഹം യുപിഎസ്‍സി തയ്യാറെടുപ്പ് നടത്തിയത്. കോച്ചിം​ഗിന് പോകാൻ  പണമില്ലാത്തതിനെ തുടർന്ന് സ്വയം പഠിക്കാൻ തീരുമാനിച്ചു. മൂന്നു തവണ പരീക്ഷയെഴുതിയിട്ടും തോൽവിയായിരുന്നു ഫലം. എന്നിട്ടും പിന്മാറാൻ നിരീഷ് തയ്യാറായില്ല. 2013 ൽ 370ാം റാങ്കോടെയാണ് നിരീഷ് രാജ്പുത് യുപിഎസ്‍സി പരീക്ഷ പാസ്സായത്. 
 

click me!