പ്ലസ് വൺ പരീക്ഷ ഓഫ് ലൈനായി നടത്താം, സുപ്രീം കോടതിയുടെ അനുമതി; ടൈംടേബിൾ പുതുക്കുമെന്ന് മന്ത്രി

By Web TeamFirst Published Sep 17, 2021, 1:26 PM IST
Highlights

സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു. പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചോദ്യപേപ്പർ നേരത്തെ തന്നെ സ്കൂളികളിൽ എത്തിച്ചിട്ടുണ്ട്. 

തിരുവനന്തപുരം: സംസ്ഥാനത്തെ പ്ലസ് വൺ പരീക്ഷ നേരിട്ട് നടത്താൻ അനുമതി നൽകി സുപ്രീംകോടതി. സംസ്ഥാന സർക്കാരിന്റെ വിശദീകരണം തൃപ്തികരമാണ്. മുമ്പ് നടത്തിയ പരീക്ഷകളിലും കോടതി സംതൃപ്തി പ്രകടിപ്പിച്ചു.

ചെറിയ കുട്ടികളാണ് പരീക്ഷ എഴുതുന്നത്. അനിഷ്ട സംഭവങ്ങൾ ഉണ്ടാകില്ല എന്ന് ഉറപ്പുവരുത്തണം. സർക്കാർ എല്ലാ മുൻകരുതലും സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. ഇങ്ങനെ ഉത്തരവിൽ വ്യക്തമാക്കിയാണ് പ്ളസ് വൺ പരീക്ഷ നേരിട്ട് നടത്താനുള്ള അനുവാദം സുപ്രീം കോടതി നല്കിയത്. നേരത്തെ പരീക്ഷ സ്റ്റേ ചെയ്തപ്പോൾ ഒരു മൂന്നാം തരംഗം സപ്തംബറിൽ ഉണ്ടാകും എന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ ഇതിൻറെ സാധ്യത ഇപ്പോൾ കാണുന്നില്ല. സാങ്കേതിക സർവ്വകലാശാല പരീക്ഷ ഒരു ലക്ഷം വിദ്യാർത്ഥികൾ എഴുതി എന്ന് കേരളം സത്യവാങ്മൂലത്തിൽ അറിയിച്ചിട്ടുണ്ട്. നീറ്റ് പരീക്ഷയും അടുത്തിടെ നടന്നു. അതിനാൽ പരീക്ഷ തടയേണ്ട സാഹചര്യം ഇപ്പോളില്ലെന്ന് കോടതി വ്യക്തമാക്കി. സർക്കാർ നല്കിയ സത്യവാങ്മൂലം തൃപ്തികരമല്ലെന്നായിരുന്നു ഹർജിക്കാരുടെ വാദം. നീറ്റ് പോലുള്ള പ്രവേശന പരീക്ഷയുമായി പ്ളസ് വൺ പരീക്ഷയെ താരതമ്യം ചെയ്യരുതെന്നും ഹർജിക്കാർ നിർദ്ദേശിച്ചു. എന്നാൽ ഈ വാദം തളളിയ ജസ്റ്റിസുമാരായ എഎം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സിടി രവികുമാർ എന്നിവർ ഉൾപ്പെട്ട ബഞ്ച് സർക്കാരിൻറെ വിശദീകരണം തൃപ്തികരം എന്ന് വിലയിരുത്തി.

സിബിഎസ്ഇ പരീക്ഷ ഉൾപ്പടെ റദ്ദാക്കാൻ നിർദ്ദേശിച്ച സുപ്രീംകോടതിയിൽ നിന്ന് വ്യത്യസ്തമായ തീരുമാനമാണ് പ്ളസ് വൺ പരീക്ഷയിൽ ഉണ്ടായത്. പല സംസ്ഥാനസർക്കാരുകൾക്കും ഈ വിധി നേരിട്ടുള്ള പരീക്ഷകളിലേക്ക് കടക്കാൻ പ്രേരണ നല്കും. 

ടൈംടേബിൾ പുതുക്കുമെന്ന് മന്ത്രി

പരീക്ഷയ്ക്കായി പുതുക്കിയ ടൈംടേബിൾ തയ്യാറാക്കുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ചോദ്യപേപ്പർ നേരത്തെ തന്നെ സ്കൂളികളിൽ എത്തിച്ചിട്ടുണ്ട്. എല്ലാ സ്കൂളുകളിലും അണുനശീകരണം നടത്തും. കുട്ടികൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാകാതെ പരീക്ഷ നടത്തും. കൊവിഡ് മാനദണ്ഡം പൂർണമായും പാലിച്ചുകൊണ്ടാകും പരീക്ഷ നടത്തുക. എല്ലാ സ്കൂളുകളും അണുനശീകരണം നടത്തും. മുഖ്യമന്ത്രിയെ കണ്ട് സ്കൂൾ തുറക്കുന്നുൾപ്പടെ തീരുമാനിക്കും. പരീക്ഷ നടത്തുന്നതിനെതിരെ ചിലർ പ്രചാരണം നടത്തുന്നുണ്ട്. പരീക്ഷ എഴുതാനാഗ്രഹിക്കുന്നവർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും.  കുട്ടികളെ നിരുത്സാഹപ്പെടുത്തരുത്. സ്കൂൾ തുറക്കുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം വേണം. സ്കൂൾ തുറക്കുന്നതിനെ സംബന്ധിച്ച് മികച്ച ആലോചന വേണമെന്നും മന്ത്രി പറഞ്ഞു.

പ്ലസ് വൺ പരീക്ഷ നടത്തുന്നതിനെതിരെ 48 വിദ്യാർത്ഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്. കേരളത്തിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സുപ്രീം കോടതി നേരത്തെ പരീക്ഷാ നടപടികൾക്ക് തടയിട്ടതും സംസ്ഥാനത്തോട് സത്യവാങ്മൂലം നൽകാൻ ആവശ്യപ്പെട്ടതും. ഓണ്‍ലൈന്‍ പരീക്ഷ നടത്താനാകില്ലെന്നാണ് സര്‍ക്കാര്‍ നിലപാട് എടുത്തത്. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റ് സംവിധാനങ്ങളുമില്ലാത്ത നിരവധി കുട്ടികളുണ്ടെന്നാണ് സത്യവാങ്മൂലത്തില്‍ സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയത്. മോഡല്‍ പരീക്ഷയുടെ അടിസ്ഥാനത്തില്‍ മൂല്യനിര്‍ണയം നടത്താനാകില്ല. ഒക്ടോബറില്‍ മൂന്നാംതരംഗം ഉണ്ടാകുന്നതിന് മുന്‍പ് പരീക്ഷ പൂര്‍ത്തിയാക്കുമെന്നും  സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുമ്പോൾ നേരിട്ടുള്ള പരീക്ഷ നടത്തിപ്പ് അംഗീകരിക്കില്ലെന്നായിരുന്നു സുപ്രീംകോടതിയുടെ മുന്‍ ഉത്തരവ്. ശാസ്ത്രീയ പഠനങ്ങളൊന്നും നടത്തിയല്ല പരീക്ഷ തീരുമാനിച്ചതെന്നും ആരോഗ്യരംഗത്ത് പുരോഗതിയുള്ളപ്പോഴും കൊവിഡിനെ പിടിച്ചുകെട്ടാൻ കേരളത്തിന് സാധിക്കുന്നില്ലെന്നും കോടതി അന്ന് വിമർശിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!