നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് കൈത്താങ്ങായി തേജോമയ ആഫ്റ്റർ കെയർ ഹോം

Published : Jul 08, 2022, 04:27 PM IST
നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് കൈത്താങ്ങായി തേജോമയ ആഫ്റ്റർ കെയർ ഹോം

Synopsis

സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 14 കുട്ടികളാണ് തേജോമയ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. കേക്ക് നിർമ്മാണം, തയ്യൽ പരിശീലനം, പൗൾട്രി തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. 

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ (nirbhaya homes) നിർഭയ ഹോമുകളിലെ പെൺകുട്ടികൾക്ക് കൈത്താങ്ങായി എറണാകുളം എടക്കാട്ടുവയലിലെ (thejomaya after care home) തേജോമയ ആഫ്റ്റർ കെയർ ഹോം. നിർഭയ ഹോമുകളിലെ 16 വയസിന് മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കി വരുമാനദായകമായ തൊഴില്‍ കണ്ടെത്തി നൽകുന്നതിനാണ് നിര്‍ഭയ പദ്ധതിയുടെ ഭാഗമായി തേജോമയ ആഫ്റ്റര്‍ കെയര്‍ ഹോം ആരംഭിച്ചത്.  സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നും തിരഞ്ഞെടുത്ത 14 കുട്ടികളാണ് തേജോമയ പദ്ധതിയുടെ ഭാഗമായി പരിശീലനം നേടിയത്. കേക്ക് നിർമ്മാണം, തയ്യൽ പരിശീലനം, പൗൾട്രി തുടങ്ങിയ കോഴ്സുകളിലാണ് പരിശീലനം. 

തേജോമയ പദ്ധതിയുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ  കുട്ടിയെ ആഫ്റ്റർ കെയർ ഹോമിലെ സ്ഥിരം കുക്കായി നിയമിച്ചിട്ടുണ്ട്. ഇവർക്ക് 13,000 രൂപ പ്രതിമാസം ശമ്പളം നൽകും. തയ്യൽ പരിശീലനം പൂർത്തിയാക്കിയ രണ്ട് കുട്ടികൾക്ക് തിരുവനന്തപുരത്തെ വസ്ത്ര വ്യാപാരശാലയിൽ ഡിസൈനറായി ജോലിയും കേക്ക് നിർമ്മാണം പൂർത്തിയാക്കിയ രണ്ട് കുട്ടികൾക്ക് പ്രമുഖ കേക്ക് നിർമ്മാണശാലയിൽ ജോലിയും  പദ്ധതിയുടെ ഭാഗമായി ഉറപ്പാക്കിയിട്ടുണ്ട്. കൂടാതെ തുടർ പഠനത്തിന് താല്പര്യമുള്ള രണ്ട് കുട്ടികൾക്ക് സ്റ്റൈപ്പൻ്റ് ഉൾപ്പെടെ പഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. 

വ്യത്യസ്ത ജീവിത സാഹചര്യങ്ങളെയും, പ്രശ്നങ്ങളെയും അതിജീവിച്ച് വരുന്ന കുട്ടികളായതിനാൽ അവരുടെ താൽപര്യങ്ങൾ, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവയെല്ലാം പരിഗണിച്ചാണ് ഓരോ കുട്ടിക്കും പരിശീലനം നൽകുന്നത്. പരിശീലന കാലയളവിൽ തന്നെ മികച്ച പ്രകടനം കാഴ്ചവച്ച കുട്ടികൾക്ക് വരുമാനത്തിനുള്ള അവസരവും ഒരുക്കിയിരുന്നു. പരിശീലന കാലയളവിൽ കുട്ടികൾ  കേക്ക് ഓർഡറുകളും എംബ്രോയിഡറി മാസ്കുകളും നിർമ്മിച്ച് 10000 മുതൽ 15000 രൂപ വരെയും മൃഗസംരക്ഷണ വകുപ്പുമായി സഹകരിച്ച് പൗൾട്രി ഫാം വഴി 50000  രൂപയും വരുമാനം നേടാനായി.

ഓരോ വിഭാഗത്തിലും വിദഗ്ധ പരിശീലനം നേടിയ അധ്യാപകരെയാണ് കുട്ടികൾക്കായി നിയമിച്ചിരിക്കുന്നത്. കേക്ക് നിർമ്മാണത്തിൽ 20 വിഭാഗം കേക്കുകളും പിസ, ബർഗർ തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കുന്നതിനുള്ള പരിശീലനവും കുട്ടികൾക്ക് നൽകിയിട്ടുണ്ട്. ഇവിടെ പരിശീലനം പൂർത്തിയാക്കിയ ഏഴ് കുട്ടികൾ സ്വയം തൊഴിൽ ചെയ്യുന്നതിന് പ്രാപ്തരായിട്ടുണ്ട്. ബാക്കി കുട്ടികളെ കൂടി ഈ നിലയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമം തുടരുകയാണെന്നും ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ കെ.എസ് സിനി പറഞ്ഞു. 

വനിതാ ശിശു വികസന വകുപ്പിന് കീഴിൽ 2020ൽ ആണ് എറണാകുളം ജില്ലയിലെ എടക്കാട്ടുവയലിൽ തേജോമയ ആഫ്റ്റർ കെയർ ഹോം ആരംഭിച്ചത്. പോക്സോ അതിജീവിതരായ കുട്ടികൾ താമസിക്കുന്ന ഓരോ ജില്ലകളിലെയും നിർഭയ ഹോമുകളിൽ നിന്ന് തിരഞ്ഞെടുത്ത കുട്ടികൾക്കാണ് പ്രവേശനം. പഠനം തുടരാൻ താല്പര്യമില്ലാത്ത, എന്നാൽ തൊഴിലധിഷ്ഠിത കോഴ്‌സുകൾ പഠിക്കാൻ താല്പര്യമുള്ള കുട്ടികളെ കണ്ടെത്തിയാണ് പരിശീലനം നൽകുന്നത്. ഇവര്‍ക്കായി സൗജന്യ താമസം, ജീവിത നൈപുണ്യ വിദ്യാഭ്യാസം, മനശാസ്ത്രപരമായ സമീപനം, തൊഴിലധിഷ്ഠിത നൈപുണ്യവികസനം, പ്ലേസ്മെന്റ്, യോഗ, വ്യായാമം, മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികള്‍ എന്നിവയും പദ്ധതിയുടെ ഭാഗമായി ഉള്‍പ്പെടുത്തിയിട്ടുണ്ട്
 

PREV
click me!

Recommended Stories

വിദ്യാഭ്യാസ രം​ഗത്ത് വീണ്ടും തിളങ്ങി കേരളം; 'കൈറ്റി'ന് അഭിമാന നേട്ടം! സമഗ്ര പ്ലസ് എഐയ്ക്ക് ദേശീയ പുരസ്കാരം
മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേയ്ക്കുള്ള പ്രവേശനം; മൂന്നാംഘട്ട സ്ട്രേ വേക്കൻസി താത്ക്കാലിക അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു