
ദില്ലി: ദില്ലിയിലെ ജാമിയ സർവകലാശാലയിലെ പ്രവേശന പരീക്ഷയ്ക്കുള്ള കേന്ദ്രങ്ങളിൽ നിന്ന് തിരുവനന്തപുരത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ദക്ഷിണേന്ത്യയിലെ ഏക പരീക്ഷാ കേന്ദ്രമായിരുന്ന തിരുവനന്തപുരത്തെയാണ് പട്ടികയിൽ നിന്ന് ഒഴിവാക്കിയത്. നടപടി അംഗീകരിക്കാനാവില്ലെന്നും നിയമപരമായി നേരിടുമെന്നും എം എസ് എഫ് വ്യക്തമാക്കി.
പരീക്ഷ കേന്ദ്രം പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് എംപിമാരായ ശശി തരൂർ, ഹാരീസ് ബീരാൻ എന്നിവർ രംഗത്തെത്തി. കേരളത്തിലെ പരീക്ഷ കേന്ദ്രം പുന:സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ജാമിയ വിസിക്ക് ഹാരീസ് ബീരാൻ എംപി കത്ത് നൽകി. രണ്ടായിരത്തിലധികം വിദ്യാർത്ഥികളെ ദുരിതത്തിലാക്കുന്ന നടപടിയാണെന്നും മറ്റു സംസ്ഥാനങ്ങളിലേക്ക് പരീക്ഷ കേന്ദ്രം മാറ്റിയ നടപടി പിൻവലിക്കണമെന്നും വിസിക്ക് നൽകിയ കത്തിൽ ഹാരീസ് ബീരാൻ വ്യക്തമാക്കി.