പരിശീലന സ്ഥാപനങ്ങൾക്ക് തൊഴിൽ പരിശീലന പരിപാടിയിൽ അപേക്ഷിക്കാം; ഭിന്നശേഷിക്കാർക്ക് സൗജന്യ തൊഴിൽപരിശീലനം

By Web TeamFirst Published Nov 19, 2021, 3:34 PM IST
Highlights

പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഡിസംബറിൽ ആരംഭിക്കും. 

തിരുവനന്തപുരം: കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശിയ തൊഴിൽ സേവന കേന്ദ്രം, പട്ടികജാതി/വർഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികളുടെ തൊഴിൽ സാദ്ധ്യത വർദ്ധിപ്പിക്കുന്നതിനായി 11 മാസം ദൈർഘ്യമുള്ള സൗജന്യ പരിശീലന പരിപാടി ഡിസംബറിൽ ആരംഭിക്കും. ടൈപ്പ്‌റൈറ്റിംഗ്, ഷോർട്ട്ഹാന്റ്, കമ്പ്യൂട്ടർ, ഇംഗ്ലീഷ്, കണക്ക്, ജനറൽ നോളഡ്ജ് വിഷയങ്ങളിലാണ് പരിശീലനം. കോഴ്സ് പഠിപ്പിക്കുന്ന സ്ഥാപനത്തിന് ഒരു കുട്ടിക്ക് പ്രതിമാസം 1,200 രുപ നിരക്കിൽ ഫീസ് നൽകും. തിരുവനന്തപുരം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളെയാണ് പരിഗണിക്കുന്നത്. 

കോഴ്സ് നടത്താൻ താത്പര്യമുള്ള, എല്ലാവിധ സൗകര്യങ്ങളോടു കൂടിയതും ഗവ. അംഗീകൃതവും, ആദായനികുതി സംബന്ധിച്ച് റിട്ടേൺ ഫയൽ ചെയ്യുന്നതും (TAN/PAN No.) മൂന്നു വർഷമോ അതിലധികമോ ഉള്ള പ്രവൃത്തി പരിചയവും കേന്ദ്രസർക്കാരിന്റെ വെബ്ബ്‌പോർട്ടലായ നാഷണൽ കരീർ സർവീസിൽ (www.ncs.gov.in) രജിസ്റ്റർ ചെയ്തതുമായ സ്ഥാപനങ്ങൾക്ക് അപേക്ഷിക്കാം. അപേക്ഷയോടൊപ്പം ആവശ്യമായ രേഖകളുടെ പകർപ്പും അതതു വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന അധ്യാപകരുടെ വിശദമായ ബയോഡേറ്റയും സഹിതം ഡിസംബർ മൂന്നിനു വൈകിട്ട് അഞ്ചിനു മുൻപ് 'സബ്-റീജിയണൽ എംപ്ലോയ്‌മെന്റ് ഓഫീസർ, നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്.സി/എസ്.റ്റി, തൈക്കാട്, തിരുവനന്തപുരം-695014' എന്ന വിലാസത്തിലോ cgctvmkerala@gmail.com ലോ അപേക്ഷിക്കണം.  കൂടുതൽ വിവരങ്ങൾക്ക്: 0471-2332113/ 8304009409.

ഭിന്നശേഷിയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനം

സാമൂഹ്യനീതി വകുപ്പിന് കീഴിൽ തിരുവനന്തപുരം പൂജപ്പുരയിൽ പ്രവർത്തിക്കുന്ന ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ (വിറ്റിസി) രണ്ടു വർഷം ദൈർഘ്യമുള്ള ബുക്ക് ബയന്റിംഗ്, ഫാഷൻ ഡിസൈനിംഗ് ആൻഡ് ഗാർമെന്റ് ടെക്‌നോളജി എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 15 നും 30 നും മദ്ധ്യേ പ്രായമുള്ള ബധിരർ, മൂകർ, അസ്ഥിസംബന്ധമായ ശാരീരിക വൈകല്യമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. പെൺകുട്ടികൾക്ക് താമസസൗകര്യം സൗജന്യമാണ്.

അപേക്ഷഫോം തിരുവനന്തപുരം പൂജപ്പുരയിലെ ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രത്തിൽ ലഭിക്കും. നിശ്ചിത ഫോമിലോ, വെള്ള കടലാസിലോ തയ്യാറാക്കിയ അപേക്ഷകൾ, ബയോഡേറ്റ (ഫോൺ നമ്പർ ഉൾപ്പെടെ) സഹിതം നവംബർ 26 ന് മുമ്പ് സൂപ്പർവൈസർ, ഭിന്നശേഷിക്കാരുടെ തൊഴിൽ പരിശീലന കേന്ദ്രം, പൂജപ്പുര, തിരുവനന്തപുരം-12 എന്ന വിലാസത്തിൽ ലഭിക്കണം. ഇന്റർവ്യൂ നവംബർ 29 രാവിലെ 11 ന്. കൂടുതൽ വിവരങ്ങൾക്ക്:0471 2343618.
 

click me!