Mega Job Fair : തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി

Web Desk   | Asianet News
Published : Jan 07, 2022, 09:28 AM ISTUpdated : Jan 07, 2022, 09:30 AM IST
Mega Job Fair : തൃശൂരില്‍ രണ്ട് മെഗാ ജോബ് ഫെയറുകള്‍; അയ്യായിരത്തിലേറെ പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ പദ്ധതി

Synopsis

ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. 

തൃശൂര്‍: ജില്ലയിലെ അയ്യായിരത്തിലേറെ ഉദ്യോഗാര്‍ഥികള്‍ക്ക് (Employment) തൊഴില്‍ കണ്ടെത്തി നല്‍കുന്നതിനുള്ള പദ്ധതിയുമായി രണ്ട് മെഗാ ജോബ് ഫെയറുകള്‍ (Mega Job Fairs) ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടക്കും. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ കേരള നോളജ് എക്കോണമി മിഷന്‍, കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സ് (കെയ്‌സ്) എന്നിവയുമായി സഹകരിച്ചാണ് തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറിലേറെ സ്ഥാപനങ്ങള്‍ രണ്ട് മേളകളിലുമായി പങ്കെടുക്കും. 

നേരിട്ടും ഓണ്‍ലൈനായുമായിരിക്കും തൊഴിലന്വേഷകരുമായുള്ള അഭിമുഖം നടക്കുക. അഞ്ചു വര്‍ഷത്തിനകം സംസ്ഥാനത്തെ 20 ലക്ഷം പേര്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള കേരള ഡെവലപ്‌മെന്റ് ആന്റ് ഇനൊവേഷന്‍ സ്ട്രാറ്റജി കൗണ്‍സിലിന്റെ (കെഡിസ്‌ക്ക്) പദ്ധതിയുടെ ഭാഗമായി ജനുവരി 18ന് തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളേജിലാണ് ആദ്യ തൊഴില്‍ മേള. രാവിലെ എട്ട് മുതല്‍ വൈകീട്ട് ആറു മണി വരെ നടക്കുന്ന തൊഴില്‍ മേളയിലേക്കുള്ള രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. knowledgemission.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി തൊഴിലുടമകള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം. 

രജിസ്റ്റര്‍ ചെയ്യുന്ന തൊഴിലന്വേഷകരുടെ യോഗ്യതയ്ക്കും അഭിരുചിക്കും അനുസൃതമായി കമ്പനികള്‍ ഉദ്യോഗാര്‍ഥികളെ തെരഞ്ഞെടുത്താണ് അഭിമുഖത്തിന് അവസരം നല്‍കുക. രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഇന്റര്‍വ്യൂ ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ പ്രാദേശിക തലത്തില്‍ പരിശീലനം നല്‍കും. ആദ്യ തൊഴില്‍ മേളയില്‍ തെരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് ആവശ്യമായ നൈപുണ്യ പരിശീലനം നല്‍കി അവരെ തൊഴില്‍ സജ്ജരാക്കാനുള്ള പദ്ധതികളും കേരള നോളജ് എക്കോണമി മിഷന്‍ നടപ്പിലാക്കും. 18 വയസ്സ് പ്രായമുള്ളവരും പ്ലസ്ടുവോ തത്തുല്യ യോഗ്യതയോ ഉള്ളവരുമായ ഉദ്യോഗാര്‍ഥികള്‍ക്ക് രജിസ്റ്റര്‍ ചെയ്യാം. 

കെയ്‌സിന്റെ നേതൃത്വത്തില്‍ ഫെബ്രുവരി 12, 13 തീയതികളില്‍ തൃശൂര്‍ വിമല കോളേജില്‍ നടക്കുന്ന ജോബ് ഫെയറില്‍ പങ്കെടുക്കുന്നതിനായി www.statejobportal.kerala.gov.in വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. ഇതിലേക്കുള്ള തൊഴില്‍ ദാതാക്കളുടെ രജിസ്‌ട്രേഷന്‍ ഇതിനകം ആരംഭിച്ചു. ഉദ്യോഗാര്‍ഥികള്‍ക്കായുള്ള രജിസ്‌ട്രേഷന്‍ ഉടന്‍ ആരംഭിക്കും. ജനകീയാസൂത്രണത്തിന്റെ രജത ജൂബിലി ആഘോഷങ്ങളുമായി ഭാഗമായി സംഘടിപ്പിക്കുന്ന തൊഴില്‍ മേളകളുടെ വിജയത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍ സെക്രട്ടറിയും ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ജനറല്‍ കണ്‍വീനറുമായി ജില്ലാതല സംഘാടക സമിതിക്ക് രൂപം നല്‍കി. എംപ്ലോയര്‍ മൊബിലൈസേഷന്‍, കാന്‍ഡിഡേറ്റ് മൊബിലൈസേഷന്‍, പ്രചാരണം, പശ്ചാത്തല സൗകര്യം എന്നിവയ്ക്കായി പ്രത്യേക സബ് കമ്മിറ്റികളെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. 
 

PREV
click me!

Recommended Stories

പാരാമെഡിക്കൽ ഡിപ്ലോമ കോഴ്സുകളുടെ പരീക്ഷ; അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 20
നീറ്റ് ഫലം ഓൺലൈനായി സമർപ്പിക്കാം; അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കാനും അവസരം