ഇന്ത്യൻ വ്യോമസേനയിൽ എയർമെൻ: ഫെബ്രുവരി 7 വരെ അപേക്ഷിക്കാം

By Web TeamFirst Published Jan 21, 2021, 11:05 PM IST
Highlights

ജോയിന്റ് ബേസിക് ഫേസ് ട്രെയിനിങ്ങിനായി രാജ്യത്തെ ഏതെങ്കിലും പരിശീലന കേന്ദ്രത്തിലായിരിക്കും ആദ്യ നിയമനം. പരിശീലന കാലയളവിൽ 14600 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും.

ദില്ലി: ഇന്ത്യൻ വ്യോമസേനയിലെ എയർമെൻ തസ്തികയിലേക്ക് പ്ലസ്ടു/ഡിപ്ലോമ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അവിവാഹിതരായ പുരുഷൻമാർക്കാണ് അപേക്ഷിക്കാൻ അവസരം. ഗ്രൂപ്പ് എക്സ് ട്രേഡ്, ഗ്രൂപ്പ് വൈ ട്രേഡ് തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിട്ടുള്ളത്. ജനുവരി 22 മുതൽ അപേക്ഷ സമർപ്പിക്കാം. ഫെബ്രുവരി 7 വരെയാണ് അപേക്ഷകൾ സമർപ്പിക്കാൻ അവസരം. കേരളം, മാഹി, ലക്ഷദ്വീപ് എന്നിവിടങ്ങളിലുള്ളവർക്ക് കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററിൽ വെച്ചാകും തിരഞ്ഞെടുപ്പ് നടത്തുക. ഗ്രൂപ്പ് എക്സ് വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് വിഷയങ്ങളിൽ പ്ലസ്ടു അല്ലെങ്കിൽ മൂന്നു വർഷത്തെ എൻജിനീയറിങ് ഡിപ്ലോമ പാസായിരിക്കണം. 

ഗ്രൂപ്പ് വൈ വിഭാഗത്തിൽ പ്ലസ്ടു അല്ലെങ്കിൽ രണ്ടു വർഷത്തെ വൊക്കേഷണൽ കോഴ്സ് ആണ് യോഗ്യത. ഗ്രൂപ്പ് വൈ വിഭാഗത്തിലെ മെഡിക്കൽ ട്രേഡിലേക്കാണെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് വിഷയങ്ങളുള്ള പ്ലസ്ടു പാസായിരിക്കണം. കോഴ്സിന് ആകെയും ഇംഗ്ലീഷിന് മാത്രമായും കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണമെന്നത് പൊതു നിബന്ധനയാണ്. ഡിപ്ലോമക്കാർക്ക് ഗ്രൂപ്പ് എക്സ് വിഭാഗത്തിലേക്ക് മാത്രമേ അപേക്ഷിക്കാനാകൂ. നിശ്ചിത യോഗ്യതയുള്ള പ്ലസ്ടുക്കാർക്ക് ഗ്രൂപ്പ് എക്സ്, ഗ്രൂപ്പ് വൈ വിഭാഗത്തിലേക്ക് ഒരുമിച്ച് അപേക്ഷ നൽകാം.

ജോയിന്റ് ബേസിക് ഫേസ് ട്രെയിനിങ്ങിനായി രാജ്യത്തെ ഏതെങ്കിലും പരിശീലന കേന്ദ്രത്തിലായിരിക്കും ആദ്യ നിയമനം. പരിശീലന കാലയളവിൽ 14600 രൂപ സ്റ്റൈപ്പൻഡായി ലഭിക്കും. പരിശീലനത്തിനുശേഷം അതത് ട്രേഡുകളിലായിരിക്കും നിയമനം. വിശദ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും www.airmenselection.cdac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കുന്നതിനെക്കുറിച്ചുള്ള സംശയങ്ങൾ പരിഹരിക്കുന്നതിന് കൊച്ചിയിലെ എയർമെൻ സെലക്ഷൻ സെന്ററുമായും ബന്ധപ്പെടാം. ഫോൺ: 0484 – 2427010, 9188431092, 9188431093.


 

click me!