സഹകരണസംഘങ്ങളില്‍ 387 ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍; ഡിസംബർ 2 ന് മുമ്പ് അപേക്ഷ ലഭിക്കണം

Web Desk   | Asianet News
Published : Nov 12, 2020, 01:17 PM IST
സഹകരണസംഘങ്ങളില്‍ 387 ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍; ഡിസംബർ 2 ന് മുമ്പ് അപേക്ഷ ലഭിക്കണം

Synopsis

സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷ 80 മാര്‍ക്കിനാണ്. അതത് സംഘത്തിലെ അഭിമുഖം 20 മാര്‍ക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാല്‍ മൂന്നുമാര്‍ക്കും സ്വന്തം ജില്ലയില്‍ അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥിക്ക് അഞ്ചുമാര്‍ക്കും ലഭിക്കും.

തിരുവനന്തപുരം: സംസ്ഥാനത്തെ 156 സഹകരണ ബാങ്കുകളിലായി ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ 387 ഒഴിവിലേക്ക് സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് അപേക്ഷ ക്ഷണിച്ചു. കാറ്റഗറി നമ്പര്‍: 7/2020. നേരിട്ടുള്ള നിയമനമാണ്. ഒ.എം.ആര്‍. പരീക്ഷയുടെയും ബന്ധപ്പെട്ട സഹകരണ സ്ഥാപനങ്ങള്‍ നടത്തുന്ന അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ പരീക്ഷാ ബോര്‍ഡ് തയ്യാറാക്കുന്ന റാങ്ക്ലിസ്റ്റ് പ്രകാരമായിരിക്കും നിയമനം. എസ്.എസ്.എല്‍.സി./ തത്തുല്യമാണ് യോ​ഗ്യത. സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍). 

കാസര്‍കോട് ജില്ലയിലെ ഉദ്യോഗാര്‍ഥികള്‍ക്ക് പ്രസ്തുത ജില്ലയിലെ സഹകരണസംഘം/ബാങ്കുകളിലെ നിയമനത്തിന് കര്‍ണാടക സംസ്ഥാന സഹകരണ ഫെഡറേഷന്‍ നടത്തുന്ന സഹകരണ ഡിപ്ലോമ കോഴ്സ് (ജി.ഡി.സി.), കേരള സംസ്ഥാന സഹകരണ യൂണിയന്‍ നടത്തുന്ന ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന് (ജെ.ഡി.സി.) തുല്യമായി പരിഗണിക്കും. 

സഹകരണം ഐച്ഛികവിഷയമായുള്ള ബി.കോം. ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും ഒരു അംഗീകൃത സര്‍വകലാശാലയില്‍നിന്നുള്ള ബിരുദവും സഹകരണ ഹയര്‍ ഡിപ്ലോമ (കേരള സംസ്ഥാന സഹകരണ യൂണിയന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി. ആന്‍ഡ് ബി.എം., അല്ലെങ്കില്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ്ങിന്റെ എച്ച്.ഡി.സി. അല്ലെങ്കില്‍ എച്ച്.ഡി.സി.എം.) അല്ലെങ്കില്‍ വിജയകരമായി പൂര്‍ത്തിയാക്കിയ സബോര്‍ഡിനേറ്റ് പേഴ്സണല്‍ കോ-ഓപ്പറേറ്റീവ് ട്രെയിനിങ് കോഴ്സ് (ജൂനിയര്‍ ഡിപ്ലോമ ഇന്‍ കോ-ഓപ്പറേഷന്‍), അല്ലെങ്കില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ ബി.എസ്സി. (സഹകരണം, ബാങ്കിങ്) ഉള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിക്കകം യോഗ്യത നേടിയിരിക്കണം.

1/1/2020ല്‍ 18 വയസ്സ് പൂർത്തിയാകണം. 40 കഴിയരുത്. പട്ടികജാതി/വര്‍ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായത്തില്‍ അഞ്ചുവര്‍ഷത്തെ ഇളവ്. ഉദ്യോഗാര്‍ഥികള്‍ക്ക് ഒന്നില്‍ക്കൂടുതല്‍ സംഘം/ ബാങ്കുകളിലേക്ക് അപേക്ഷിക്കാം. പൊതുവിഭാഗക്കാര്‍ക്കും വയസ്സിളവ് ലഭിക്കുന്നവര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കും ഒരു സംഘം/ബാങ്കിന് 150 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപവീതവും പരീക്ഷാഫീസ് അടയ്ക്കണം. പട്ടികജാതി/വര്‍ഗ വിഭാഗത്തിന് അപേക്ഷയിലെ ഒരു സംഘം/ബാങ്കിന് 50 രൂപയും തുടര്‍ന്നുള്ള ഓരോ സംഘം/ബാങ്കിനും 50 രൂപ വീതവും അടയ്ക്കണം. ഒന്നില്‍ക്കൂടുതല്‍ സംഘം/ബാങ്കിലേക്ക് അപേക്ഷിക്കുന്നതിന് ഒരു അപേക്ഷാഫോറവും ഒരു ചെലാന്‍/ഡിമാന്‍ഡ് ഡ്രാഫ്റ്റും മാത്രമേ സമര്‍പ്പിക്കേണ്ടൂ.

സഹകരണ സര്‍വീസ് പരീക്ഷാബോര്‍ഡ് നടത്തുന്ന ഒ.എം.ആര്‍. പരീക്ഷ 80 മാര്‍ക്കിനാണ്. അതത് സംഘത്തിലെ അഭിമുഖം 20 മാര്‍ക്കിനായിരിക്കും. അഭിമുഖത്തിന് ഹാജരായാല്‍ മൂന്നുമാര്‍ക്കും സ്വന്തം ജില്ലയില്‍ അഭിമുഖത്തിന് ഹാജരാകുന്ന ഉദ്യോഗാര്‍ഥിക്ക് അഞ്ചുമാര്‍ക്കും ലഭിക്കും. വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും www.csebkerala.org എന്ന വെബ്സൈറ്റില്‍ ലഭിക്കും. അപേക്ഷയും അനുബന്ധങ്ങളും ഡിസംബര്‍ രണ്ട് ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്കുമുമ്പ് നേരിട്ടോ തപാല്‍ മുഖേനയോ സെക്രട്ടറി, സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ്, കേരള സംസ്ഥാന സഹകരണബാങ്ക് ബില്‍ഡിങ്, ഓവര്‍ ബ്രിഡ്ജ്, ജനറല്‍ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം-695001 എന്ന വിലാസത്തില്‍ സമര്‍പ്പിക്കണം.


           

PREV
click me!

Recommended Stories

എ.പി.ജെ. അബ്ദുൾ കലാം സ്‌കോളർഷിപ്പ്; അപേക്ഷ ക്ഷണിച്ചു
റഷ്യൻ സർക്കാർ സ്കോളർഷിപ്പ്; ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പ്രവേശന പരീക്ഷയില്ല!