സിവിൽ സർവീസ് മോഹവുമായി എത്തുന്നവരെ കബളിപ്പിക്കുന്നു; 20 കോച്ചിങ് സെന്ററുകൾക്ക് നോട്ടീസ്, 3 സ്ഥാപനങ്ങൾക്ക് പിഴ

Published : Oct 28, 2023, 09:55 AM IST
സിവിൽ സർവീസ് മോഹവുമായി എത്തുന്നവരെ കബളിപ്പിക്കുന്നു; 20 കോച്ചിങ് സെന്ററുകൾക്ക് നോട്ടീസ്, 3 സ്ഥാപനങ്ങൾക്ക് പിഴ

Synopsis

മോക്ക് ടെസ്റ്റുകളിൽ മാത്രം പങ്കെടുത്തവർ സ്ഥാപനത്തിൽ പഠിച്ച് സിവിൽ സർവ്വീസ് നേടി എന്ന വ്യാജ പരസ്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി തുടങ്ങിയത്.

ദില്ലി: വ്യാജ അവകാശ വാദങ്ങളുന്നയിച്ച് പരസ്യം നൽകുന്ന സിവിൽ സർവീസ് പരിശീലന സ്ഥാപനങ്ങൾക്ക് നോട്ടീസ് അയച്ച് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി. പല പ്രമുഖ സ്ഥാപനങ്ങളുടെയും പരസ്യങ്ങളിലെ തട്ടിപ്പ് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നടപടി. സിവിൽ സർവീസ് മോഹവുമായി എത്തുന്ന നിരവധി ഉദ്യോഗാർത്ഥികൾ കബളിപ്പിക്കപ്പെടുന്ന സാഹചര്യത്തിലാണിതെന്ന് ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണ‌ർ നിധി ഖരെ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് രാജ്യത്തെ 20 പ്രമുഖ പരിശീലന സ്ഥാപനങ്ങൾക്ക് കേന്ദ്ര ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നോട്ടീസ് നൽകിയത്. ഈ സ്ഥാപനങ്ങളിൽ പഠിച്ച് സിവിൽ സർവ്വീസ് നേടിയവരെക്കുറിച്ച് വ്യാജ അവകാശവാദമുന്നയിച്ച് പരസ്യം നല്കിയതിനാണ് നോട്ടീസ്. മൂന്ന് സ്ഥാപനങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം പിഴയീടാക്കുകയും ചെയ്തു. കോച്ചിങ് സ്ഥാപനങ്ങൾ സൗജന്യമായി സംഘടിപ്പിക്കുന്ന മോക്ക് ടെസ്റ്റുകളിൽ യു.പി.എസ്.സി പ്രിലിംസും മെയിൻസും കടന്നവർ പങ്കെടുക്കാറുണ്ട്. 

മോക്ക് ടെസ്റ്റുകളിൽ മാത്രം പങ്കെടുത്തവർ സ്ഥാപനത്തിൽ പഠിച്ച് സിവിൽ സർവ്വീസ് നേടി എന്ന വ്യാജ പരസ്യങ്ങൾ കണ്ടെത്തിയ സാഹചര്യത്തിലാണ് നടപടി തുടങ്ങിയത്. വിവരങ്ങള്‍ മറച്ചുവെച്ച് വലിയ സാമ്പത്തിക നേട്ടമാണ് ഈ സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്നതെന്നും തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കുന്നതിനും ന്യായരഹിതമായ വ്യാപാര പ്രവര്‍ത്തനങ്ങള്‍ക്കും എതിരെയാണ് നടപടിയെന്നും ഇത് ഉപഭോക്താക്കളുടെ അവകാശങ്ങള്‍ നിഷേധിക്കുന്നതായും  ഉപഭോക്തൃ സംരക്ഷണ അതോറിറ്റി ചീഫ് കമ്മീഷണ‌ർ നിധി ഖരെ പറഞ്ഞു.

Read also: ബിരുദം പോലുമില്ല; വാര്‍ഷിക വരുമാനം 50 ലക്ഷത്തിന് മുകളില്‍; ദിവസം വെറും ആറ് മണിക്കൂര്‍ ജോലി !

പ്രതിവർഷം യു.പി.എസ്‍.സി സിവിൽ സർവീസുകളിലേക്ക് തെരഞ്ഞെടുക്കുന്ന ഉദ്യോഗാർഥികളുടെ എണ്ണം ഏകദേശം ആയിരത്തിനടുത്തു വരും. എന്നാൽ ഇതിന്റെ മൂന്നു മടങ്ങോളമാണ് ഈ കേന്ദ്രങ്ങൾ അവകാശപ്പെടുന്ന വിജയികളുടെ ആകെ എണ്ണം. പരീക്ഷ വിജയിച്ച ഒരേ ആളുകളുടെ ഫോട്ടോകള്‍ തന്നെ പല സ്ഥാപനങ്ങളില്‍ പഠിച്ചുവെന്ന അവകാശവാദവുമായി പലരുടെയും പോസ്റ്ററുകളില്‍ കാണാറുണ്ടെന്നും ഇത് ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ടെന്നും  ഐ.എ.എസ് കോച്ചിങിനായി പല സംസ്ഥാനങ്ങളിൽ നിന്ന് ദില്ലിയിൽ വന്നു പഠിക്കുന്ന ഉദ്യോഗാർഥികളും പറയുന്നു.

ഉടൻ തന്നെ പരസ്യങ്ങൾ എല്ലായിടത്തു നിന്നും നീക്കണമെന്നും വസ്തുതകൾ മാത്രം പരസ്യങ്ങളിൽ നല്കണമെന്നുമാണ് അതോറിറ്റിയുടെ നിർദേശം. നിലവിൽ നോട്ടീസിനെതിരെ ചില കോച്ചിങ് സെന്ററുകൾ കോടതിയെ സമീപിച്ചിട്ടുമുണ്ട്. കോച്ചിങ് സ്ഥാപനങ്ങളുടെ പരസ്യങ്ങളിൽ വിശ്വസിച്ച എത്രയോ പേരുടെ ഭാവി ഇതിനോടകം പ്രതിസന്ധിയിലായി കഴിഞ്ഞു. കർശന നടപടികൾ ഇനിയും ഉണ്ടായില്ലെങ്കിൽ സ്ഥാപനങ്ങളുടെ ഈ ചൂഷണം തുടരുമെന്നാണ് ഈ രംഗത്തുള്ളവര്‍ നല്‍കുന്ന മുന്നറിപ്പ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...

PREV
click me!

Recommended Stories

പി.ജി മെഡിക്കൽ കോഴ്‌സ് പ്രവേശനം; രണ്ടാം ഘട്ട അലോട്ട്‌മെന്റ് നടപടികൾ ആരംഭിച്ചു
48,954 ഒഴിവുകൾ! ഈ ചാൻസ് പാഴാക്കരുത്; എസ്.എസ്.സി അപേക്ഷ ക്ഷണിച്ചു