എസ്എസ്എൽസി, പ്ലസ്ടു പരീക്ഷ: വര്‍ക്ക് ഷീറ്റുകള്‍ സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി നൽകും

By Web TeamFirst Published Feb 16, 2021, 2:31 PM IST
Highlights

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് നടത്തണം. ഇതിനായി സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും.

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി, ഹയർ സെക്കൻഡറി പരീക്ഷകളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിൽ പൂർത്തിയാക്കാൻ തീരുമാനം. 10, 12 ക്ലാസുകളില്‍ ഫോക്കസ് ഏരിയ സംബന്ധിച്ച് പ്രധാന വിഷയങ്ങളുടെ വര്‍ക്ക് ഷീറ്റുകള്‍ സമഗ്ര ശിക്ഷാ കേരളയുടെ നേതൃത്വത്തില്‍ ഉടൻ തയ്യാറാക്കി വിദ്യാർത്ഥികൾക്ക് നൽകും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയില്‍ നടന്ന ക്യൂ.ഐ.പി. മോണിറ്ററിങ് കമ്മിറ്റി യോഗത്തിലാണ് പ്രധാന തീരുമാനങ്ങൾ. 

എസ്.എസ്.എല്‍.സി, ഹയര്‍ സെക്കൻഡറി പരീക്ഷകള്‍ കഴിഞ്ഞ വര്‍ഷത്തെ പോലെ കോവിഡ് മാനദണ്ഡങ്ങള്‍ കർശനമായി പാലിച്ചുകൊണ്ട് നടത്തണം. ഇതിനായി സ്‌കൂള്‍തലം മുതല്‍ സംസ്ഥാനതലം വരെ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. അധ്യാപകരുടെ പരീക്ഷാ ഡ്യൂട്ടി സംബന്ധമായ പരാതികള്‍ പരിഹരിക്കുന്നതിന് നടപടികള്‍ എടുക്കും. 10, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് മോഡൽ പരീക്ഷയുടെ ഉത്തരക്കടലാസ് പരിശോധിക്കുന്നതിനും ആയത് ചര്‍ച്ച ചെയ്യുന്നതിനും മാര്‍ച്ച് പത്താം തിയതി സ്‌കൂളിലെത്തുന്നതിന് അനുവാദം നല്‍കും. 

ഇതിനു ശേഷം കുട്ടികള്‍ സ്കൂളിൽ പൊതുപരീക്ഷയ്ക്ക് വന്നാല്‍ മതിയാകും. സ്‌കൂള്‍ തലത്തില്‍ ക്ലാസ് പി.ടി.എ, എം.പി.ടി.എ, സ്‌കൂള്‍ പി.ടി.എ യോഗങ്ങൾ ഓണ്‍ലൈനായി വിളിച്ച് ചേര്‍ക്കേണ്ടതാണ്. പ്രധാന അധ്യാപകന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ നടക്കേണ്ട പ്രസ്തുത പി.ടി.എ യോഗങ്ങളില്‍ രക്ഷിതാക്കളുടെ ആശങ്കകള്‍ക്ക് പരിഹാരം ഉണ്ടാക്കും.

click me!