
ഏവരും കാത്തിരുന്ന കലാശപ്പോരില്‍ ഇന്ത്യയെ തോല്‍പ്പിച്ച് പാകിസ്ഥാന്‍ ചാംപ്യന്‍സ് ട്രോഫി കിരീടത്തില്‍ മുത്തമിട്ടു. കളിയുടെ എല്ലാ മേഖലകളിലും ഇന്ത്യയെ നിലംപരിശാക്കിയാണ് പാകിസ്ഥാന്‍ കിരീടം നേടിയത്. ടോസ് നഷ്‌ടപ്പെട്ടെങ്കിലും ആദ്യം ബാറ്റുചെയ്‌തു 338 റണ്‍സടിച്ചുകൂട്ടാന്‍ പാകിസ്ഥാന് കഴിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയുടെ കരുത്തന്‍മാരാന്‍ നിലയുറപ്പിക്കാന്‍ അനുവദിക്കാതെ പവലിയനിലേക്ക് മടക്കാന്‍ മൊഹമ്മദ് ആമിറിന് സാധിച്ചപ്പോള്‍ത്തന്നെ പാകിസ്ഥാന്‍ വന്‍ജയം സ്വപ്‌നം കണ്ടുതുടങ്ങിയിരുന്നു. ഇടയ്‌ക്ക് ഹര്‍ദ്ദിക് പാണ്ഡ്യയുടെ മിന്നല്‍പ്പിണര്‍ ആണ് പാകിസ്ഥാന്റെ ജയം വൈകിപ്പിച്ചതും ഇന്ത്യയുടെ തോല്‍വിഭാരം കുറച്ചതും. ഈ മല്‍സരത്തിന്റെ ഗതി തന്നെ മാറ്റിമറിച്ച നിമിഷങ്ങള്‍ നിരവധിയായിരുന്നു. അതില്‍ ഏറ്റവും പ്രധാനപ്പെട്ടവ എന്തൊക്കെയാണെന്ന് നോക്കാം...
ഓപ്പണര്‍ ഫഖര്‍ സമാന്റെ തകര്‍പ്പന്‍ ഇന്നിംഗ്സായിരുന്നു പാകിസ്ഥാന്‍ ജയത്തിന് അടിത്തറയിട്ടത്. സമാന്‍ തുടക്കത്തിലേ പുറത്താകേണ്ടതായിരുന്നു. ബുംറയുടെ പന്തില്‍ ധോണി പിടികൂടിയെങ്കിലും അത് നോബോള്‍ ആയത് ഫഖര്‍ സമാന് രക്ഷയായി. മല്‍സരത്തിന്റെ മൂന്നാമത്തെ ഓവറില്‍ ഇന്ത്യ നല്‍കിയ ഈ ലൈഫിന് കൊടുക്കേണ്ടിവന്നത് വലിയ വിലയായിരുന്നു.
നിരവധി അവസരങ്ങളാണ് ഇന്ത്യന്‍ ഫില്‍ഡര്‍മാര്‍ വിട്ടുകളഞ്ഞത്. പാക് ഓപ്പണര്‍മാരെ തന്നെ രണ്ടിലേറെ തവണ ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ രക്ഷപ്പെടുത്തി. അര്‍ദ്ധ അവസരങ്ങള്‍ മുതലാക്കുന്നതിലും ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ പരാജയമായി. ക്യാച്ച് എടുക്കുന്നതില്‍ മാത്രമല്ല, റണ്‍സൊഴുക്ക് തടയുന്നതിലും ഫീല്‍ഡര്‍മാര്‍ വീഴ്‌ച വരുത്തി. രോഹിത് ശര്‍മ്മ, യുവരാജ് സിങ്, വിരാട് കോലി എന്നീ മികച്ച ഫീല്‍ഡര്‍മാരും അവസരങ്ങള്‍ പാഴാക്കിയത് ഫൈനല്‍ പോലെയുള്ള വലിയ മല്‍സരത്തില്‍ കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയത്.
എത്ര വലിയ ലക്ഷ്യമായാലും മികച്ച ബാറ്റിങ് നിരയിലൂടെ എത്തിപ്പിടിക്കാമെന്ന ഇന്ത്യക്കാരുടെ അഹന്ത എറിഞ്ഞുടച്ചുകൊണ്ടാണ് ആമിര്‍ ബൗള്‍ ചെയ്‌തത്. പരിക്ക് മാറി തിരിച്ചെത്തിയ ആമിര്‍, രോഹിത് ശര്‍മ്മ, ശിഖര്‍ ധവാന്‍, വിരാട് കോലി എന്നീ മുന്‍നിരക്കാരെയാണ് പറഞ്ഞയച്ചത്. ഇതുവരെയുള്ള മല്‍സരങ്ങളില്‍ മിന്നുംപ്രകടനങ്ങളുമായി ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ചവരാണ് ഈ മൂന്നുപേരും. ആദ്യ ഓവറില്‍ത്തന്നെ രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടമായത് കനത്ത ആഘാതമായി. ഇതില്‍നിന്ന് കരകയറാന്‍ ഇന്ത്യന്‍ ബാറ്റിങ് നിരയ്‌ക്ക് പിന്നീട് സാധിച്ചില്ല എന്നു പറയുന്നതാണ് നല്ലത്.
മുന്‍നിര തകര്‍ന്നടിഞ്ഞെങ്കിലും തകര്‍പ്പന്‍ വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത ഹര്‍ദ്ദിക് പാണ്ഡ്യ ഒറ്റയ്‌ക്ക് ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. 43 പന്തില്‍ 76 റണ്‍സടിച്ച് നിന്ന പാണ്ഡ്യ, ജഡേജയുമായുള്ള ആശയകുഴപ്പത്തിനൊടുവിലാണ് റണ്ണൗട്ടായത്. ആ റണ്ണൗട്ടിന് കാരണക്കാരന്‍ ജഡേജയുമായിരുന്നു. ഈ റണ്ണൗട്ട് ഉണ്ടായിരുന്നില്ലെങ്കില്‍ ജയത്തിന് അടുത്തെത്താനോ അത്ഭുതം സംഭവിച്ചിരുന്നെങ്കില്‍ ജയിക്കാനോ ഇന്ത്യയ്‌ക്ക് സാധിച്ചിരുന്നേനെയെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധര്‍ പോലും കരുതുന്നത്.
മൊഹമ്മദ് ആമിറും ജുനൈദ് ഖാനും ചേര്‍ന്നുള്ള ഓപ്പണിങ് സ്‌പെല്‍ ഇന്ത്യന്‍ ബാറ്റിങിന്റെ മുന്‍നിരയെ തകര്‍ത്തിരുന്നു. ഈ തകര്‍ച്ചയില്‍നിന്ന് കരകയറാന്‍ ഇന്ത്യയെ അനുവദിക്കാതിരുന്നത് ശതാബ്ഖാന്റെ സ്‌പെല്‍ ആയിരുന്നു. യുവരാജിനും ധോണിക്കുമെതിരായ ശതാബിന്റെ സ്‌പെല്‍ ഇന്ത്യന്‍ മദ്ധ്യനിരയെ ശരിക്കും സമ്മര്‍ദ്ദത്തിലാക്കി.