
കറാച്ചി: ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുമായി കിരീടപ്പോരാട്ടത്തിനൊരുങ്ങുന്ന പാക്കിസ്ഥാന്‍ ടീമിനെ പിന്നില്‍ നിന്ന് കുത്തി മുന്‍ നായകന്‍ അമീര്‍ സൊഹൈല്‍. ആദ്യ കളിയില്‍ ഇന്ത്യയോട് തോറ്റശേഷം അവിശ്വസനീയ പ്രകടനങ്ങളുമായി ഫൈനലിലേക്ക് മുന്നേറി പാക്കിസ്ഥാന്റെ പ്രകടനത്തിന് പിന്നില്‍ വേറെ ഏതോ ശക്തികളുണ്ടെന്നാണ് സൊഹൈലിന്റ കണ്ടുപിടുത്തം. ഒരു വാര്‍ത്താചാനലിന്റെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് എതിരാളികള്‍ പോലും പറയാത്ത ആരോപണവുമായി സൊഹൈല്‍ രംഗത്തുവന്നിരിക്കുന്നത്.
ജയിച്ച കളികളില്‍ ജയത്തിനായി പാക്കിസ്ഥാന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് വിശേഷിച്ചൊന്നും ചെയ്തിട്ടില്ലെന്നും പാക്കിസ്ഥാനുവേണ്ടി മറ്റാരോ ആണ് മത്സരങ്ങള്‍ ജയിപ്പിക്കുന്നത് എന്നുമായിരുന്നു സൊഹൈലിന്റെ കമന്റ്. ഇക്കാര്യം സര്‍ഫ്രാസ് തുറന്നുപറയണമെന്നുകൂടി സൊഹൈല്‍ പറഞ്ഞുവെച്ചു. എന്താണ് സംഭവിച്ചതെന്ന് നമുക്ക് എല്ലാവര്‍ക്കുമറിയാം. എങ്ങനെയാണ് പാക്കിസ്ഥാന്‍ കളി ജയിച്ചതെന്ന് എനിക്ക് നിങ്ങളോട് പറയാനാവില്ല. അവരുടെ പേരുകളും പറയാനാവില്ലെന്നായിരുന്നു സൊഹൈലിന്റെ പ്രസ്താവന.
സര്‍ഫ്രാസ് അദ്ദേഹത്തിന്റെ സ്വതസിദ്ധമായ കളി കളിക്കണം. എല്ലാവരുടെയും കഴിവുകള്‍ നമുക്ക് അറിയാം. നന്നായി കളിച്ചാല്‍ അഭിനന്ദിക്കും, മറിച്ചാണെങ്കില്‍ വിമര്‍ശിക്കുമെന്നും സൊഹൈല്‍ പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യകിരീടം ലക്ഷ്യമിടുന്ന പാക്കിസ്ഥാന്‍ കളിക്കാരുടെ മനോവീര്യം കെടുത്തുന്നതാണ് സൊഹൈലിന്റെ വാക്കുകള്‍. മുമ്പും പാക് താരങ്ങള്‍ക്കെതിരെ ഇത്തരം വിവാദമായ പ്രസ്താവനകളിലൂടെ സൊഹൈല്‍ രംഗത്തുവന്നിട്ടുണ്ട്.