
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരായ സെമിഫൈനല്‍ പോരാട്ടത്തില്‍ തുടക്കത്തിലെ തകര്‍ച്ചയ്ക്കുശേഷം തമീം ഇക്ബാലും മുഷ്ഫീഖുര്‍ റഹീമും കത്തിക്കയറിയപ്പോള്‍ ബംഗ്ലാദേശ് 300ന് അപ്പുറമുള്ള സ്കോര്‍ ഉറപ്പിച്ചതാണ്. ഹര്‍ദ്ദീക് പാണ്ഡ്യയെയും രവീന്ദ്ര ജഡേജയെയും തമീമും മുഷ്ഫീഖുറും ചേര്‍ന്ന് കൈകാര്യം ചെയ്തപ്പോള്‍ ഇന്ത്യയുടെ മുഖത്തെ ചിരിമങ്ങി. എന്നാല്‍ ആ സമയത്ത് കോലി നടത്തിയ നിര്‍ണായക ബൗളിംഗ് മാറ്റമാണ് കളി ഇന്ത്യയുടെ കൈകളിലെത്തിച്ചത്.
പാര്‍ട് ടൈം സ്പിന്നറായ കേദാര്‍ ജാദവിനെ പന്തേല്‍പ്പിക്കാനുള്ളതായിരുന്നു ആ തീരുമാനം. റണ്ണൊഴുക്ക് നിയന്ത്രിച്ചുവെന്ന് മാത്രമല്ല തമീമിനെയും മുഷ്ഫീഖുറിനെയും വീഴ്ത്തി ജാദവ് ഇന്ത്യക്ക് നല്‍കിയത് ഇരട്ടിമധുരമായിരുന്നു. എന്നാല്‍ കേദാര്‍ ജാദവിനെ പന്തേല്‍പ്പിക്കാനുള്ള തീരുമാനം തന്റേത് മാത്രമല്ലെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ക്യാപ്റ്റന്‍ വിരാട് കോലി. കേദാര്‍ ജാദവിനെ പന്തേല്‍പ്പിക്കാനുള്ള തീരുമാനത്തിന്റെ ക്രെഡിറ്റ് തനിക്ക് മാത്രമല്ലെന്ന് കോലി പറഞ്ഞു.
ഞാന്‍ ധോണിയോട് ചോദിച്ചു. ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്നെടുത്ത തീരുമാനമാണത്. ആ സമയത്ത് ജാദവിനെ പന്തേല്‍പ്പിക്കുന്നത് നന്നായിരിക്കുമെന്ന് തോന്നി. അതിന് ഫലം കിട്ടുകയും ചെയ്തു-കോലി പറഞ്ഞു. ജാദവ് നെറ്റ്സില്‍ കാര്യമായി ബൗളിംഗ് പരിശീലനം നടത്താറില്ലെങ്കിലും മിടുക്കനായ ക്രിക്കറ്ററാണ് അദ്ദേഹമെന്നും കോലി പറഞ്ഞു. എവിടെ പന്തെറിഞ്ഞാലാണ് ബാറ്റ്സ്മാനെ കുഴക്കാനാകുക എന്ന് ജാദവിന് നന്നായി അറിയാം.
ബൗള്‍ ചെയ്യുമ്പോള്‍ ഒരു ബാറ്റ്സ്മാനെ പോലെ ചിന്തിക്കാനാകുന്നു എന്നാണ് അദ്ദേഹത്തിന്റെ മികവ്. അത്തരത്തില്‍ ചിന്തിക്കുന്നൊരു ബൗളര്‍ ഏത് ടീമിനും മുതല്‍ക്കൂട്ടാണെന്നും കോലി പറഞ്ഞു. ജാദവിനെ പന്തേല്‍പ്പിക്കുമ്പോള്‍ ഏതാനും ഡോട്ട് ബോളുകള്‍ എറിഞ്ഞ് റണ്‍ നിയന്ത്രിക്കുമെന്ന് മാത്രമാണ് കരുതിയത്. എന്നാല്‍ രണ്ട് വിക്കറ്റുകള്‍ കൂടി നേടി അദ്ദേഹം കളി ഇന്ത്യക്ക് അനുകൂലമാക്കി-കോലി വ്യക്തമാക്കി.