
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ആദ്യ മല്‍സരത്തില്‍ ചിരവൈരികളായ പാകിസ്ഥാനെ തകര്‍ത്ത് ഗംഭീര തുടക്കമിട്ട ഇന്ത്യയ്ക്ക് മുന്നിലുള്ളത് ഇനി വലിയ വെല്ലുവിളി. രണ്ടാം മത്സരത്തില്‍ ശ്രീലങ്കയോട് തോറ്റതോടെ ദക്ഷിണാഫ്രിക്കയ്ക്കെതിരായ അവസാന മത്സരം ഇന്ത്യക്ക് ഫലത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലായി. പാക്കിസ്ഥാനും ശ്രീലങ്കയും ഓരോ മത്സരം വീതം ജയിച്ചതിനാല്‍ ഇവര്‍ തമ്മിലുള്ള അവസാന മത്സരവും ഫലത്തില്‍ ക്വാര്‍ട്ടര്‍ ഫൈനലാണ്.
ഇന്ത്യാ-ദക്ഷിണാഫ്രിക്ക, ശ്രീലങ്ക-പാക്കിസ്ഥാന്‍ പോരാട്ടങ്ങളില്‍ ജയിക്കുന്നവരാകും ബി ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുക. ഞായറാഴ്ചയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം. ദക്ഷിണാഫ്രിക്കയ്ക്കും ജയം അനിവാര്യമായതിനാല്‍ തീ പാറുന്ന പോരാട്ടം തന്നെ പ്രതീക്ഷിക്കാം. അപ്പോഴും മഴയെന്ന വില്ലന്‍ ഇന്ത്യക്ക് മുന്നിലുണ്ട്. ഇന്ത്യ-ദക്ഷിണാഫ്രിക്ക മത്സരം മഴമൂലം പൂര്‍ത്തായാക്കാനാകാതിരുന്നാല്‍ നിലവില്‍ നെറ്റ് റണ്‍റേറ്റില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കമുണ്ട്. നിലവില്‍ ഇന്ത്യയുടെ നെറ്റ് റണ്‍റേറ്റ് +1.272 ആണ്. ദക്ഷിണാഫ്രിക്കയുടേതാകട്ടെ +1.000 ആണ്. കളി തടസപ്പെട്ടാല്‍ ഇത് ഇന്ത്യക്ക് മുന്‍തൂക്കം നല്‍കും.
ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സരം മഴമൂലം തടസപ്പെട്ടാല്‍ ഇന്ത്യക്കും ദക്ഷിണാഫ്രിക്കയ്ക്കും സെമിയെലെത്താന്‍ സാധ്യതയുണ്ട്. ലങ്കയുടെയും പാക്കിസ്ഥാന്റെയും നെറ്റ് റണ്‍റേറ്റ് മൈനസാണെന്നതാണ് ഇരുടീമുകള്‍ക്കും മുന്‍തൂക്കം നല്‍കുന്ന ഘടകം. മഴദൈവങ്ങള്‍ എപ്പോഴും ദക്ഷിണാഫ്രിക്കയ്കക് എതിരാണെന്നാണ് ചരിത്രം പറയുന്നത്. ഞായറാഴ്ച ചരിത്രം ആവര്‍ത്തിക്കുമോ എന്നാണ് ഇന്ത്യന്‍ ആരാധകര്‍ ഉറ്റുനോക്കുന്നത്.
എ ഗ്രൂപ്പില്‍ നിന്ന് ഇംഗ്ലണ്ട് ആദ്യമേ സെമി ഉറപ്പിച്ചുകഴിഞ്ഞു. രണ്ടാമത്തെ സ്ഥാനത്തിനായി ന്യൂസിലന്‍ഡ്, ഓസ്ട്രേലിയ, ബംഗ്ലാദേശ് ടീമിുകള്‍ തമ്മിലാണ് മത്സരം. ഇന്ന് ബംഗ്ലാദേശിനെ കീഴടിക്കായലും ന്യൂസിലന്‍ഡിന് സെമി ഉറപ്പില്ല. അവസാന മത്സരത്തില്‍ ഇംഗ്ലണ്ട് ഓസ്ട്രേലിയയയെ തോല്‍പ്പിച്ചാല്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡും സെമിയിലെത്തും. ഓസ്ട്രേലിയയാണ് ജയിക്കുന്നതെങ്കില്‍ ഓസ്ട്രേലിയയും ഇംഗ്ലണ്ടുമാകും സെമിയിലെത്തുക.