
ലണ്ടന്‍: പാക്കിസ്ഥാനെതിരായ ജയത്തോടെ ആത്മവിശ്വാസത്തിന്റെ നെറുകയിലെത്തി വിരാട് കോലിയെയും സംഘത്തെയും ശ്രീലങ്കയുടെ യുവനിര മണ്ണിലിറക്കി. ചാമ്പ്യന്‍സ് ട്രോഫി ഗ്രൂപ്പ് പോരാട്ടത്തില്‍ ഇന്ത്യയെ ഏഴു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക സെമി പ്രതീക്ഷ കാത്തു. ഇന്ത്യ ഉയര്‍ത്തിയ 322 റണ്‍സിന്റെ വിജയലക്ഷ്യം എട്ടു പന്തും ഏഴ് വിക്കറ്റും ബാക്കി നിര്‍ത്തി ശ്രീലങ്ക മറികടന്നു. ശ്രീലങ്കയുടെ ജയത്തോടെ ഗ്രൂപ്പിലെ അവസാന മത്സരങ്ങള്‍ നിര്‍ണായകമായി. ഇന്ത്യ-ദക്ഷിണാഫ്രിക്ക, ശ്രീലങ്ക-പാക്കിസ്ഥാന്‍ മത്സര വിജയകിളാകും ഈ ഗ്രൂപ്പില്‍ നിന്ന് സെമിയിലെത്തുക.
നാടകീയതകളോ ആശങ്കകളോ ഒന്നുമില്ലാതെ തികച്ചും പ്രഫഷണലായാണ് ലങ്ക ഇന്ത്യയുടെ വലിയ സ്കോര്‍ മറികടന്നത്. നാലാം ഓവറില്‍ ഓപ്പണര്‍ ഡിക്‌വെല്ലയെ(7) ഭുവനേശ്വര്‍കുമാര്‍ പറഞ്ഞയച്ചതഴിച്ചാല്‍ ഇന്ത്യക്ക് സന്തോഷിക്കാന്‍ ഏറെ ഒന്നും ഉണ്ടായില്ല. രണ്ടാം വിക്കറ്റില്‍ 169 റണ്‍സടിച്ച ഗുണതിലക-കുശാല്‍ മെന്‍ഡിസ് സഖ്യം കളി ഇന്ത്യയുടെ കൈയില്‍ നിന്ന് തട്ടിയെടുത്തു. ബൗളര്‍മാര്‍ സമ്പൂര്‍ണ പരാജയമായപ്പോള്‍ ഗുണതിലകെയയും(76), മെന്‍ഡിസിനെയും(89) ഫീല്‍ഡിംഗ് മികവിലൂടെ റണ്ണൗട്ടാക്കി മത്സരത്തിലേക്ക് തിരിച്ചുവരാന്‍ വഴിതുറന്ന ഇന്ത്യയ്ക്ക് പക്ഷെ ലങ്കന്‍ നായകന്‍ നായകന്‍ എയ്ഞ്ചലോ മാത്യൂസിന്റെ(52 നോട്ടൗട്ട്) പ്രതിരോധം ഭേദിക്കാനായില്ല. 47 റണ്‍സെടുത്ത കുശാല്‍ പെരേരയും 34 റണ്‍സെടുത്ത ഗുണരത്നെയും എല്ലാം ഒത്തുപിടിച്ചതോടെ ജയം ലങ്കയ്ക്കൊപ്പമായി. ഇന്ത്യക്കായി 10 ഓവറില്‍ 54 റണ്‍സ് വഴങ്ങിയ ഭുവനേശ്വര്‍കുമാറിനാണ് ഏക വിക്കറ്റ്.
നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ശീഖര്‍ ധവാന്റെ സെഞ്ചുറിയുടെയും രോഹിത് ശര്‍മ, എംഎസ് ധോണി എന്നിവരുടെ അര്‍ധ സെഞ്ചുറികളുടെ മികവിലാണ് 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 321 റണ്‍സെടുത്തത്. പത്താം ഏകദിന സെഞ്ചുറി നേടിയ ധവാന്‍ ചാമ്പ്യന്‍സ് ട്രോഫിയിലെ മിന്നുന്ന ഫോം തുടര്‍ന്നപ്പോള്‍ തുടര്‍ച്ചയായ രണ്ടാം അര്‍ധസെഞ്ചുറിയുമായി രോഹിത് ശര്‍മ ടീമിലേക്കുള്ള മടങ്ങിവരവ് ആഘോഷമാക്കി. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 138 റണ്‍സടിച്ചു. 79 പന്തില്‍ 78 റണ്‍സടിച്ച രോഹിത് മടങ്ങിയശേഷം ക്രീസിലെത്തിയ ക്യാപ്റ്റന്‍ വിരാട് കോലി പൂജ്യനായി പുറത്തായപ്പോള്‍ കഴിഞ്ഞ മത്സരത്തിലെ ഹീറോ ആയ യുവരാജ് സിംഗ്(7) നിരാശപ്പെടുത്തി.
എന്നാല്‍ നാലാ വിക്കറ്റില്‍ ധോണി-ധവാന്‍ സഖ്യം 81 റണ്‍സടിച്ച് ഇന്ത്യയെ വീണ്ടും ട്രാക്കിലെത്തിച്ചു. ഇതിനിടെ കരിയറിലെ പത്താം സെഞ്ചുറി പിന്നിട്ട ധവാന്‍ 128 പന്തില്‍ 125 റണ്‍സെടുത്ത് പുറത്തായി. അവസാന ഓവര്‍ വരെ ക്രീസില്‍ നിന്ന ധോണി മെല്ലെയാണ് തുടങ്ങിയതെങ്കിലും 52 പന്തില്‍ 63 റണ്‍സുമായി ഇന്ത്യയെ 300 കടത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചു. ധവാന്‍ പുറത്തായശേഷമെത്തിയ ഹര്‍ദ്ദീക് പാണ്ഡ്യയ്‌ക്ക്(9) കഴിഞ്ഞ മത്സരത്തിലെ പ്രകടനം ആവര്‍ത്തിക്കാനായില്ല. അവസാന ഓവറുകളില്‍ കത്തിക്കയറിയ കേദാര്‍ ജാദവ്(13 പന്തില്‍ 25 നോട്ടൗട്ട്) ഇന്ത്യ 321ല്‍ എത്തിച്ചു. ജഡേജ(0) പുറത്താകാതെ നിന്നു.ലങ്കയ്‌ക്കായി മലിംഗ 70 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റെടുത്തു.