
ലണ്ടന്‍: ക്രിക്കറ്റില്‍ ഡക്‌വര്‍ത്ത്-ലൂയിസ് നിയമപ്രകാരം എങ്ങനെയാണ് വിജയലക്ഷ്യം നിര്‍ണയിക്കുന്നത്. ക്രിക്കറ്റിനെക്കുറിച്ച് ആധികാരികമായി സംസാരിക്കുന്ന ആരാധകര്‍ക്ക് പോലും ഇക്കാര്യത്തില്‍ വലിയ പിടിയുണ്ടാവില്ല. എന്നാല്‍ ക്രിക്കറ്റിന്റെ ആഗോള നടത്തിപ്പുകാരായ ഐസിസിക്ക് പോലും ഇക്കാര്യത്തില്‍ വലിയ പിടിയുണ്ടാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ നായകന്‍ കൂടിയായ എംഎസ് ധോണിയുടെ അഭിപ്രായം.
ലണ്ടനില്‍ വിരാട് കോലി ഫൗണ്ടേഷന്‍ നടത്തിയ അത്താഴവിരുന്നില്‍ പങ്കെടുക്കവെയാണ് ധോണിയോട് ഡക്‌വര്‍ത്ത് ലൂയിസിനെക്കുറിച്ച് ചോദ്യമുയര്‍ന്നത്. വളരെക്കാലമായി ക്രിക്കറ്റ് കളിക്കുന്ന താങ്കള്‍ക്ക് ഡക്‌വര്‍ത്ത് ലൂയിസ് നിയമത്തെക്കുറിച്ച് വ്യക്തമായി അറിയാമോ എന്നായിരുന്നു സദസില്‍ നിന്നുയര്‍ന്ന ചോദ്യം. അതിന് ധോണി ചിരിച്ചുകൊണ്ടാണ് മറുപടി പറഞ്ഞത്. എനിക്കെന്നല്ല ഐസിസിക്കുപോലും ഇതിനെക്കുറിച്ച് വലിയ ധാരണയുണ്ടാവില്ലെന്നായിരുന്നു ധോണിയുടെ മറുപടി.
ഐസിസി ചാമ്പ്യന്‍സ് ട്രോഫിയില്‍ നിരവധി മത്സരങ്ങള്‍ മഴയില്‍ ഒലിച്ചുപോയിരുന്നു. പൂര്‍ത്തിയാക്കിയ മത്സരങ്ങളില്‍ ഭൂരിഭാഗവും ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമാണ് വിജയികളെ നിശ്ചയിച്ചത്. ഇന്ത്യാ-പാക് മത്സരത്തിലും വിജയികളെ നിര്‍ണയിച്ചത് ഡക്‌വര്‍ത്ത് ലൂയിസ് നിയമപ്രകാരമായിരുന്നു