
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫിയില്‍ ബംഗ്ലാദേശിനെതിരെ ഒമ്പത് വിക്കറ്റിന്റെ അനായാസ ജയവുമായി ഇന്ത്യ പാക്കിസ്ഥാനുമായുള്ള സ്വപ്ന ഫൈനലിന് അരങ്ങൊരുക്കി. ബംഗ്ലാദേശ് ഉയര്‍ത്തിയ 265 റണ്‍സ് വിജയലക്ഷ്യം ഒമ്പത് വിക്കറ്റും പന്തും ബാക്കി നിര്‍ത്തി ഇന്ത്യ മറികടന്നു. രോഹിത് ശര്‍മയുടെ സെഞ്ചുറിയും ക്യാപ്റ്റന്‍ വിരാട് കോലിയുടെ അര്‍ധസെഞ്ചുറിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ഇന്ത്യ പാക്കിസ്ഥആനെ നേരിടും. സ്കോര്‍ ബംഗ്ലാദേശ് 50 ഓവറില്‍ 264/7. ഇന്ത്യ 40.1 ഓവറില്‍ 265/1. രോഹിത് ശര്‍മയാണ് കളിയിലെ താരം.
കളിക്കുമുമ്പെ ബംഗ്ലാദേശി ആരാധകര്‍ നടത്തിയ വീമ്പടിയെല്ലാം വെറുതെയായി. ഇന്ത്യക്കെതിരെ തോറ്റുവെന്ന് മാത്രമല്ല ഒറു പോരാട്ടം കാവ്ചവെയ്ക്കാന്‍ പോലും ബംഗ്ലാ കടുവകള്‍ക്കായില്ല. ടോസിലെ ഭാഗ്യമുതല്‍ കാര്യങ്ങളെല്ലാം ഇന്ത്യയുടെ വഴിക്കായിരുന്നു. ഇടയ്ക്ക് തമീം ഇക്ബാലും മുഷ്ഫീഖുര്‍ റഹീമും തകര്‍ത്തടിച്ചപ്പോഴികെ ഒറുഘട്ടത്തിലും കളിയില്‍ പിടിമുറുക്കാന്‍ ബംഗ്ലാദേശിനായില്ല. 265 റണ്‍സ് വിജയലക്ഷ്യം ഭേദപ്പെട്ട സ്കോറായിരുന്നെങ്കിലും രോഹിത് ശര്‍മയും ശീഖര്‍ ധവാനും ചേര്‍ന്ന് ഒറിക്കല്‍ കൂടി ഇന്ത്യക്ക് നല്ല തുടക്കമിട്ടു. സ്കോര്‍ 87ല്‍ നില്‍ക്കെ 46 റണ്‍സെടുത്ത ധവാന്‍ വീണു. കളിയില്‍ ബംഗ്ലാദേശിന് ആശ്വസിക്കാനുണ്ടായിരുന്ന അപൂര്‍വം നിമിഷങ്ങളിലൊന്ന്. എന്നാല്‍ പിന്നീട് രോഹിത്തും കോലിയും ചേര്‍ന്ന് ബംഗ്ലാദേശി ഫീല്‍ഡര്‍മാരെ കാഴ്ചക്കാരാക്കി കളി കൈയിലെടുക്കുന്നതാണ് കണ്ടത്.
129 പന്തില്‍ 123 റണ്‍സടിച്ച രോഹിത്തിന് 78 പന്തില്‍ 96 റണ്‍സടിച്ച കോലി പറ്റിയ പങ്കാളിയായി. ഇരുവരും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 25.3 ഓവറില്‍ 178 റണ്‍സടിച്ച് ബംഗ്ലാദേശിന്റെ ആദ്യ ഫൈനല്‍ സ്വപ്നങ്ങളെ കരിച്ചുകളഞ്ഞു. പതിനൊന്നാം ഏകദിന സെഞ്ചുറിയാണ് രോഹിത് ബംഗ്ലാദേശിനെതിരെ നേടിയത്. 96 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലിക്ക് നാല് റണ്‍സകലത്തില്‍ സെഞ്ചുറി നഷ്ടമായി.