മുസ്തഫിസുറിനോടുള്ള ആ കണക്കും ഇന്ത്യ തീര്‍ത്തു

Published : Jun 15, 2017, 10:27 PM ISTUpdated : Oct 04, 2018, 07:11 PM IST
മുസ്തഫിസുറിനോടുള്ള ആ കണക്കും ഇന്ത്യ തീര്‍ത്തു

Synopsis

ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി സെമിയില്‍ ബംഗ്ലാദേശിനെതിരെ 265 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങുന്നതിന് മുമ്പ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഭയന്നത് ബംഗ്ലാദേശിന്റെ യുവവിസ്മയം മുസ്തഫിസുര്‍ റഹ്മാനെയായിരുന്നു. ഇത്തവണ ഐപിഎല്ലില്‍ സണ്‍റൈസേഴ്സിനായി അത്ഭുതങ്ങളൊന്നും പുറത്തെടുത്തില്ലെങ്കിലും മുസ്തഫിസുറിന് ഇന്ത്യക്കെതിരെയുള്ള മികച്ച റെക്കോര്‍ഡായിരുന്നു ആരാധരുടെ മനസില്‍ ആശങ്ക നിറച്ചത്. ഇന്ത്യക്കെതിര കളിച്ച മൂന്ന് മത്സരങ്ങളില്‍ നിന്ന് മാത്രം 13 വിക്കറ്റായിരുന്നു സെമിക്ക് ഇറങ്ങും മുമ്പ് മുസ്തഫിസുറിന്റെ സമ്പാദ്യം. ഇതില്‍ രണ്ട് അഞ്ച് വിക്കറ്റ് പ്രകടനങ്ങളും ഉള്‍പ്പെട്ടിരുന്നു.

2015ലെ ലോകകപ്പില്‍ ക്വാര്‍ട്ടറില്‍ ഇന്ത്യ ബംഗ്ലാദേശിനെ കീഴടക്കിയശേഷം ബംഗ്ലാദേശില്‍ നടന്ന മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയില്‍ 2-1ന് ഇന്ത്യ തോറ്റത് മുസ്തഫിസുറിന്റെ ബൗളിംഗിന് മുന്നിലായിരുന്നു. ചരിത്രത്തില്‍ ആദ്യമായായിരുന്നു ബംഗ്ലാദേശ് ഇന്ത്യക്കെതിരെ ഏകദിന പരമ്പര നേടിയത്. അതുകൊണ്ടുതന്നെ ഇന്ന് മുസ്തഫിസുര്‍ തിളങ്ങിയാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ കടുപ്പമാവുമെന്ന് ആരാധകര്‍ കരുതി. എന്നാല്‍ ആ കണക്കും ഇന്ത്യ ഇന്ന് തീര്‍ത്തു.

ബംഗ്ലാദേശിന്റെ തുരുപ്പ് ചീട്ടാവുമെന്ന് കരുതിയ മുസ്തഫിസുറിന്റെ ആദ്യ ഓവറില്‍ തന്നെ രണ്ട് ബൗണ്ടറി അടക്കം 9 റണ്‍സടിച്ചാണ് ശീഖര്‍ ധവാന്‍ വരവേറ്റത്. അടി അവിടംകൊണ്ടു തീര്‍ന്നില്ല. മുസ്തഫിസുറിനെ രണ്ടാമത്തെ ഓവറില്‍ രോഹിത് ശര്‍മയും അടിച്ചുപരത്തി. മൂന്ന് ബൗണ്ടറികളാണ് മുസ്തഫിസുറിന്റെ രണ്ടാം ഓവറില്‍ രോഹിത് അടിച്ചെടുത്തത്. ഇതോടെ ബംഗ്ലാദേശി നായകന്‍ മഷ്റഫി മുര്‍ത്താസ തന്റെ തുരുപ്പുചൂട്ട് തല്‍ക്കാലത്തേക്ക് പിന്‍വലിച്ചു. പിന്നീട് പതിനെട്ടാം ഓവറില്‍ വീണ്ടുമെത്തിയ മുസ്തഫിസുറിനെ ആദ്യ രണ്ടോവറില്‍ ഇന്ത്യ കാര്യമായി നോവിച്ചില്ല.

രണ്ടോവര്‍ എറിഞ്ഞെങ്കിലും മുസ്തഫിസുറിന് വിക്കറ്റൊന്നും ലഭിച്ചില്ല. എന്നാല്‍ മുസ്തഫിസുറിന്റെ അഞ്ചാം ഓവറില്‍ ഇന്ത്യ വീണ്ടും അടി തുടങ്ങി. രണ്ട് ബൗണ്ടറിയടക്കം കോലി ആ ഓവറില്‍ അടിച്ചത് 11 റണ്‍സ്. ഒരിടവേളയ്ക്കുശേഷം 34-ാം ഓവറില്‍വീണ്ടുമെത്തിയ മുസ്തഫിസുറിനെ രോഹിത് ശര്‍മ സിക്സറിന് പറത്തിയപ്പോള്‍ കോലി ബൗണ്ടറിയടിച്ചു. ആ ഓവറില്‍ മുസ്തഫിസുര്‍ വഴങ്ങിയത് 11 റണ്‍സ്. ഇതോടെ തന്റെ ചാമ്പ്യന്‍ ബൗളറെ മുര്‍ത്താസയ്ക്ക് പിന്‍വലിക്കേണ്ടിവന്നു. കളി കഴിഞ്ഞപ്പോള്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയാകുമെന്ന് കരുതിയ മുസ്തഫിസുര്‍ ആറോവറില്‍ വഴങ്ങിയത് 53 റണ്‍സ്. വിക്കറ്റൊന്നും ലഭിച്ചതുമില്ല. അങ്ങനെ മുസ്തഫിസുറിന് ഇന്ത്യക്കെതിരെ ഉണ്ടായിരുന്ന മാനസിക മേധാവിത്വം ഈ മത്സരത്തോടെ ഇല്ലാതായി.

 

PREV
GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!