
ലണ്ടന്‍: ഇന്ത്യാ-പാക്കിസ്ഥാന്‍ പോരാട്ടം നേരില്‍ കാണാന്‍ ഗ്യാലറിയില്‍ സൂപ്പര്‍താരങ്ങളുടെ നീണ്ടനിര. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ മുതല്‍ മലയാളത്തിലെ യുവതാരം പൃഥ്വിരാജ് വരെ കളി നേരില്‍ക്കാണാന്‍ ഗ്യാലറിയിലെത്തി. സച്ചിനും പൃഥ്വിക്കും പുറമെ തമിഴ് സൂപ്പര്‍ താരം ധനുഷ്, ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്‍, രണ്‍വീര്‍ സിംഗ് എന്നിവരും കളി കാണാനെത്തിയിരുന്നു.
സച്ചിനൊപ്പം നില്‍ക്കുന്ന ചിത്രവും പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഞാന്‍ ദൈവത്തില്‍ വിശ്വസിക്കുന്നു, കാരണം ഞാന്‍ അദ്ദേഹത്തെ നിരവധിതവണ നേരില്‍ക്കണ്ടിട്ടുണ്ടെന്നാണ് പൃഥ്വി സച്ചിനൊപ്പമുള്ള ചിത്രത്തില്‍ അടിക്കുറിപ്പായി ചേര്‍ത്തിരിക്കുന്നത്.
സച്ചിനൊപ്പം നില്‍ക്കുന്ന സെല്‍ഫി ധനുഷും ട്വീറ്റ് ചെയ്തിട്ടുണ്ട്.
മത്സരത്തിന് മുമ്പ് ടെലിവിഷന്‍ ക്യാമറകള്‍ സച്ചിനുനേരെ തിരഞ്ഞപ്പോഴെ ഗ്യാലറിയില്‍ വലിയ ആരവമുയര്‍ന്നിരുന്നു. ബിസിസിഐ മുന്‍ സെക്രട്ടറി നിരഞ്ജന്‍ ഷായും സച്ചിനൊപ്പമുണ്ടായിരുന്നു. സച്ചിന്‍ സ്റ്റേഡിയത്തിലെത്തിയപ്പോള്‍ ദൈവം എഡ്ജ്ബാസ്റ്റണില്‍ അവതരിച്ചു എന്നായിരുന്നു രണ്‍വീറിന്റെ ട്വീറ്റ്.