
ലണ്ടന്‍: ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക പോരാട്ടത്തില്‍ പാക്കിസ്ഥാനെതിരെ ഇന്ത്യ ഉജ്ജ്വല ജയം സ്വന്തമാക്കിയപ്പോള്‍ അധികമാരും ശ്രദ്ധിക്കാതെ പോയൊരു കൈയബദ്ധം ഇന്ത്യയുടെ ഭാഗത്തുനിന്നുണ്ടായി. മത്സരം ഏകപക്ഷീയമായതിനാല്‍ അതിന് ഇന്ത്യ വലിയ വിലകൊടുക്കേണ്ടി വന്നില്ലെന്ന് മാത്രം.
പാക്ക് ഇന്നിംഗ്സിന്റെ 32-ാം ഓവറിലായിരുന്നു ജാദവിന്റെ കൈവിട്ട കളി. ഉമേഷ് യാദവിന്റെ പന്ത് ഷാദാബ് ഖാന്‍ ഉയര്‍ത്തി അടിച്ചു. കവറില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന കേദാര്‍ ജായവിന് അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ച് ആയിരുന്നു അത്. എന്നാല്‍ ഏവരെയും അമ്പരപ്പിച്ച് പന്ത് ജാദവിന്റെ കൈകള്‍ക്കിടയിലൂടെ ചോര്‍ന്നുപോയി. 14 പന്തില്‍ 24 റണ്‍സെടുത്ത ഷദാബ് ഖാന്‍ തന്നെയാണ് പുറത്താവതെ നിന്ന ഏക പാക് ബാറ്റ്സ്മാനും.
മത്സരത്തില്‍ പാക് ഫീല്‍ഡര്‍മാര്‍ നിരവധി അവസരങ്ങള്‍ കൈവിട്ടിരുന്നു. യുവരാജിനെയും കോലിയെയും ഓരോ തവണ കൈവിട്ടതിന് പാക്കിസ്ഥാന്‍ വലിയ വില കൊടുക്കേണ്ടിയും വന്നു. എന്നാല്‍ ജാദവ് വിട്ട ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ കൈവിട്ടതിനേക്കാള്‍ ഏറ്റവും അനായാസമായിരുന്നു. എന്തായാലും ജാദവിന്റെ പിഴവ് മത്സരഫലത്തെ സ്വാധീനിച്ചില്ലെന്നത് ഇന്ത്യയ്ക്ക് അനുഗ്രഹമായി.