
ഗ്ലെന്‍ മക്‌ഗ്രാത്ത്, ബ്രട്ട് ലീ തുടങ്ങിയ അതികായന്‍മാരെ നേരിട്ടാണ് മഹേന്ദ്രസിങ് ധോണി അന്താരാഷ്‌ട്ര ക്രിക്കറ്റ് തുടങ്ങിയത്. പിന്നീട് ലസിത് മലിംഗ, ഡേല്‍ സ്റ്റെയ്ന്‍ തുടങ്ങിയവരെയും ധോണി അടിച്ചുപറത്തുന്നത് ക്രിക്കറ്റ് ലോകം കണ്ടു. എന്നാല്‍ കരിയറില്‍ ഏറ്റവുമധികം ഭയപ്പെട്ട ബൗളര്‍ ആരാണെന്ന് ചോദിച്ചാല്‍ ഇവരാരുമല്ലെന്നാണ് ധോണിയുടെ മറുപടി. റാവല്‍പ്പിണ്ടി എക്‌സ്‌പ്രസ് എന്ന ചെല്ലപ്പേരില്‍ അറിയപ്പെട്ടിരുന്ന പാക് താരം ഷൊയ്ബ് അക്‌തറാണ് 13 വര്‍ഷത്തോളം നീണ്ട കരിയറില്‍ ഏറ്റവുമധികം ബുദ്ധിമുട്ട് ഉണ്ടാക്കിയ ബൗളറെന്ന് ധോണി പറയുന്നു. പൊതുവെ പേസര്‍മാരെ നേരിടാന്‍ ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. എന്നാല്‍ ഷൊയ്‌ബ് അക്തറിനെതിരെ കളിച്ചപ്പോഴൊക്കെ റണ്‍സ് കണ്ടെത്താന്‍ നന്നേ ബുദ്ധിമുട്ടിയിട്ടുണ്ട്- ധോണി പറയുന്നു. അക്തറുടെ ബൗളിംഗിലെ അപ്രവചനീയ സ്വഭാവമാണ് പ്രശ്‌നമുണ്ടാക്കുന്നത്. ബൗളിംഗ് ആക്ഷനും ഓട്ടവും വിലയിരുത്തി യോര്‍ക്കറാണോ, ബൗണ്‍സറാണോ ബീമറാണോ എറിയുകയെന്ന് വിലയിരുത്താന്‍ സാധിച്ചിട്ടില്ല. കഴിഞ്ഞ ദിവസം ഇന്ത്യന്‍ നായകന്‍ വിരാട് കോലി ഒരുക്കിയ വിരുന്ന് സല്‍ക്കാരത്തിനിടെയാണ് ധോണി ഇക്കാര്യങ്ങള്‍ പറഞ്ഞത്.