ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാൻ ഫൈനലിൽ

Web Desk |  
Published : Jun 14, 2017, 09:33 PM ISTUpdated : Oct 05, 2018, 03:30 AM IST
ഇംഗ്ലണ്ടിനെ വീഴ്ത്തി പാകിസ്ഥാൻ ഫൈനലിൽ

Synopsis

കാർഡിഫ്: സ്വന്തം കാണികളുടെ മുന്നിൽവെച്ച് ഇംഗ്ലണ്ടിനെ നിലംപരിശാക്കി പാകിസ്ഥാൻ ഐ സി സി ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനലിലെത്തി. ഇംഗ്ലണ്ടിനെതിരെ എട്ടു വിക്കറ്റിന്റെ ആധികാരികജയത്തോടെയാണ് പാകിസ്ഥാൻ കലാശപ്പോരിന് യോഗ്യത നേടിയത്. ഇംഗ്ലണ്ടിനെ 211 റൺസിൽ ഒതുക്കിയ പാകിസ്ഥാൻ 77 പന്തും രണ്ടു വിക്കറ്റും ശേഷിക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു. ഓപ്പണർമാരായ അസർ അലി(76), ഫഖർ സമൻ(57) എന്നിവരുടെ മികച്ച ബാറ്റിങാണ് പാകിസ്ഥാന്റെ ജയം അനായാസമാക്കിയത്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 21 ഓവറിൽ 118 റൺസ് അടിച്ചുകൂട്ടിയതോടെ പാകിസ്ഥാന്റെ ജയം ഉറപ്പായിരുന്നു. പാകിസ്ഥാൻ വിജയതീരത്ത് എത്തുമ്പോൾ 38 റൺസോടെ ബാബർ അസമും 31 റൺസോടെ മൊഹമ്മദ് ഹഫീസും ക്രീസിലുണ്ടായിരുന്നു. ഇംഗ്ലണ്ടിനുവേണ്ടി ആദിൽ റഷീദ്, ജെയ്ക്ക് ബാൾ എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റൺസിന് പുറത്താകുകയായിരുന്നു. 46 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോണി ബെയർസ്റ്റോ 43 റൺസും ബെൻ സ്റ്റോക്ക്സ് 34 റൺസും ഇയൻ മോർഗൺ 33 റൺസുമെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി ഹസൻ അലി 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജുനൈദ് ഖാൻ, റുമ്മാൻ റയീസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാക് നായകൻ സർഫ്രാസ് ഖാന്റെ തന്ത്രപരമായ തീരുമാനങ്ങളും അവസരോചിതമായ ബൌളിങ് മാറ്റങ്ങളുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായകരമായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പാക് ബൌളർമാർ ഇംഗ്ലീഷ് ബാറ്റിങ് നിരയെ തുടരെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു.

ജൂൺ പതിനെട്ടിനാണ് ചാംപ്യൻസ് ട്രോഫി ക്രിക്കറ്റിന്റെ ഫൈനൽ. വ്യാഴാഴ്ച നടക്കുന്ന ഇന്ത്യ-ബംഗ്ലാദേശ് പോരാട്ടത്തിലെ വിജയിയെയാണ് പാകിസ്ഥാൻ കലാശപ്പോരിൽ എതിരിടുക. പാകിസ്ഥാൻ ഫൈനലിൽ കടന്നതോടെ ടൂർണമെന്റിൽ വീണ്ടുമൊരു ഇന്ത്യ-പാക് പോരാട്ടത്തിന് സാധ്യത ഏറിയിരിക്കുകയാണ്. അത് സംഭവിക്കുകയാണെങ്കിൽ ചാംപ്യൻസ് ട്രോഫിയുടെ ആവേശം വാനോളം ഉയരും.

PREV
click me!

Recommended Stories

പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിക്കുമെന്ന് ഒരു ഒട്ടകത്തിന്റെ പ്രവചനം!