
ലാഹോര്‍: അറന്നൂറിലേറെ രാജ്യാന്തര മത്സരങ്ങള്‍ കളിച്ചിട്ടുള്ള താരമാണ് പാക്കിസ്ഥാന്‍ മുന്‍ നായകനായ ഷാഹിദ് അഫ്രീദി. അങ്ങനെയുള്ള അഫ്രീദിക്ക്എല്‍ബിഡബ്ല്യു(ലെഗ് ബിഫോര്‍ വിക്കറ്റ്) എന്ന വാക്കിന്റെ അര്‍ഥമറിയില്ലേ ?. ഒരു പാക്കിസ്ഥാനി ടെലിവിഷന്‍ ചാനലില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കവെയാണ് ലെഗ് ബിഫോര്‍ വിക്കറ്റിന്റെ അര്‍ഥമറിയാതെ അഫ്രീദി കുഴങ്ങിയത്.
അവതാരകര്‍ ലെഗ് ബിഫോര്‍ വിക്കറ്റ് എന്താണ് എന്ന് ചോദിക്കുമ്പോള്‍ അഫ്രീദി ആ വാക്കുപോലും ആദ്യമായി കേള്‍ക്കുന്നതുപോലെയാണ് പ്രതികരിക്കുന്നത്. ലെഗ് ബിഫോര്‍ ഫ്രീയെന്നും മറ്റും പറയുന്ന അഫ്രീദിയ്ക്ക് അവതാരകര്‍ മൈക്ക് കൈയിലെടുത്ത് ബാറ്റ് ചെയ്യുന്നതുപോലെ കാണിച്ചുകൊടുത്തിട്ടും കാര്യം മനസിലാവുന്നില്ല.
പിന്നീട് ഈ ലെഗ് ബിഫോര്‍ വിക്കറ്റ് എന്താണെന്ന് തിരിച്ചു ചോദിക്കുന്ന അഫ്രീദി എല്‍ബിഡബ്ല്യു ആണെന്ന് അവതാരകര്‍ പറയുമ്പോള്‍ ഇതാദ്യമായാണ് കേള്‍ക്കുന്നതെന്ന് വീഡിയോയില്‍ പറയുന്നുണ്ട്. എന്നാല്‍ ഏത് സാഹചര്യത്തിലാണ് അവതാരകര്‍ ഇത്തരമൊരു ചോദ്യം ഉന്നയിച്ചതെന്നോ അഫ്രീദി മറുപടി പറയുന്നതെന്നോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമല്ല.