
കാർഡിഫ്: ചാംപ്യൻസ് ട്രോഫിയുടെ ആദ്യ സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് 212 റൺസ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 49.5 ഓവറിൽ 211 റൺസിന് പുറത്താകുകയായിരുന്നു. 46 റൺസെടുത്ത ജോ റൂട്ടാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്കോറർ. ജോണി ബെയർസ്റ്റോ 43 റൺസും ബെൻ സ്റ്റോക്ക്സ് 34 റൺസും ഇയൻ മോർഗൺ 33 റൺസുമെടുത്ത് പുറത്തായി. പാകിസ്ഥാന് വേണ്ടി ഹസൻ അലി 35 റൺസ് വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ജുനൈദ് ഖാൻ, റുമ്മാൻ റയീസ് എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. പാക് നായകൻ സർഫ്രാസ് ഖാന്റെ തന്ത്രപരമായ തീരുമാനങ്ങളും അവസരോചിതമായ ബൌളിങ് മാറ്റങ്ങളുമാണ് ഇംഗ്ലണ്ടിനെ ചെറിയ സ്കോറിൽ ഒതുക്കാൻ സഹായകരമായത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയ പാക് ബൌളർമാർ ഇംഗ്ലീഷ് ബാറ്റിങ് നിരയെ തുടരെ സമ്മർദ്ദത്തിലാക്കിക്കൊണ്ടിരുന്നു.