
ദക്ഷിണാഫ്രിക്കയോട് 5-0 ന് പരമ്പര തോല്‍ക്കുക, ബംഗ്‌ളാദേശിനോട് ടെസ്റ്റില്‍ തോല്‍ക്കുക, ചാമ്പ്യന്‍സ് ലീഗ് സന്നാഹ മത്സരത്തില്‍ നാലില്‍ മൂന്നിലും തോല്‍ക്കുക, ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തിലും വന്‍ തോല്‍വി. പക്ഷെ ഇന്ത്യയെ തോല്‍പ്പിച്ച് ശ്രീലങ്ക കുറിച്ചത് ചരിത്രം. മൂന്നു പതിറ്റാണ്ടിന് ശേഷം ഇംഗ്ലീഷ് മണ്ണില്‍ ഇന്ത്യയെ ശ്രീലങ്ക ദഹിപ്പിച്ചു.
കളിയിലെ കേമനായ മെന്‍ഡിസ് മികച്ച ബാറ്റിംഗിലൂടെ മാന്‍ ഓഫ് ദി മാച്ച് പുരസ്‌ക്കാരം കൂടി നേടിയപ്പോള്‍ ശരിക്കും താരമായി മാറിയത് മൂന്‍ നായകന്‍ ജയവര്‍ദ്ധനെയാണ്. മൂന്‍ നായകനും ക്‌ളാസ്സിക് ബാറ്റ്‌സ്മാനുമായ മഹേളാ ജയവര്‍ദ്ധനെ നല്‍കിയ ടിപ്‌സ് കളത്തില്‍ വിജയിപ്പിച്ചതാണ് മെന്‍ഡിസിന്റെ മികച്ച പ്രകടനത്തിന്റെ ആധാരം.
ഇംഗ്‌ളീഷ് കൗണ്ടിയില്‍ സറേയ്ക്ക് വേണ്ടി തകര്‍പ്പന്‍ ഫോമിലുള്ള ജയവര്‍ദ്ധനെയുടെ ലണ്ടനിലെ അപ്പാര്‍ട്ട്‌മെന്റിലേക്ക് മെന്‍ഡിസിനെ തിങ്കളാഴ്ചയാണ് ശ്രീലങ്കന്‍ ടീം മാനേജ്‌മെന്‍റ് വിട്ടത്. ഇംഗ്‌ളണ്ടിലെ സാഹചര്യങ്ങള്‍ക്ക് അനുകൂലമായി പരീക്ഷിക്കേണ്ട ചില വിദ്യകള്‍ ജയവര്‍ദ്ധനെ പറഞ്ഞുകൊടുക്കുകയും ചെയ്തു. മെന്‍ഡിസ് ഇത് ഫലപ്രദമായി വിനിയോഗിച്ചപ്പോള്‍ ഇന്ത്യയ്ക്ക് കളി കാര്യമായി. മാത്രവുമല്ല ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് കോച്ചായിരുന്ന ജയവര്‍ദ്ധനയ്ക്ക് ചില ഇന്ത്യന്‍ ബൗളര്‍മാരെ മെരുക്കാനുള്ള നമ്പറുകള്‍ അറിയാമായിരുന്നു എന്നാണ് ക്രിക്കറ്റ് ലോകത്തെ സംസാരം.
മത്സരത്തില്‍ 89 റണ്‍സാണ് മെന്‍ഡിസ് അടിച്ചു കൂട്ടിയത്. കളി നിര്‍ണ്ണയിച്ച 76 റണ്‍സ് നേടിയ ഗുണതിലകെയുമായുള്ള 159 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കാനുമായി. 93 പന്തുകളില്‍ നിന്നുമായിരുന്നു മെന്‍ഡിസിന്റെ അര്‍ദ്ധശതകം വന്നത്. 11 ബൗണ്ടറികളും ഒരു സിക്‌സറും ബാറ്റില്‍ നിന്നു പിറക്കുകയും ചെയ്തു. ഒടുവില്‍ റണ്ണൗട്ടായാണ് മെന്‍ഡിസ് പുറത്തായത്.
72 പന്തുകളില്‍ 76 റണ്‍സ് അടിച്ച ഗുണതിലകെയും റണ്ണൗട്ടായെങ്കിലും പിന്നാലെ വന്ന പെരേര (47) ഏഞ്ജലോ മാത്യൂസ് (52), ഗുണ രത്‌നെ (34) എന്നിവര്‍ ചേര്‍ന്ന് വിജയം പിടിയിലൊതുക്കി.