
ചാംപ്യന്‍സ് ട്രോഫി തുടങ്ങുന്നതിന്റെ തലേദിവസം ആജ് തക് ചാനല്‍ നടത്തിയ ആജ് തക് സലാം ക്രിക്കറ്റ് എന്ന ടോക്ക് ഷോയില്‍വെച്ച് ഒരു പന്തയം വെപ്പ് നടന്നു. ചാംപ്യന്‍സ് ട്രോഫി ആരു വിജയിക്കുമെന്നതിനെക്കുറിച്ച് ചര്‍ച്ച നടക്കുമ്പോഴായിരുന്നു ഇത്. സൗരവ് ഗാംഗുലി, ഷെയ്ന്‍ വോണ്‍, മൈക്കല്‍ ക്ലാര്‍ക്ക് എന്നിവരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. ഇന്ത്യ-ഓസ്‌ട്രേലിയ ഫൈനല്‍ വരുമെന്ന് ക്ലാര്‍ക്ക് പ്രവചിച്ചു. എന്നാല്‍ ഇംഗ്ലണ്ട് ഫൈനലില്‍ എത്തുമെന്നായിരുന്നു ഇന്ത്യയുടെ മുന്‍ നായകന്‍ കൂടിയായ സൗരവ് ഗാംഗുലിയുടെ പ്രവചനം. എന്നാല്‍ ഇത് ഷെയ്ന്‍ വോണിനെ ചൊടിപ്പിച്ചു. ഓസ്‌ട്രേലിയയ്ക്കെതിരെ ജയിക്കാന്‍പോലും ഇംഗ്ലണ്ടിന് പറ്റില്ലെന്നും, പിന്നെ എങ്ങനെ ഫൈനലില്‍ എത്തുമെന്നുമായിരുന്നു വോണിന്റെ വാദം. ഓസ്‌ട്രേലിയയേക്കാള്‍ മികച്ച ടീം ഇംഗ്ലണ്ട് എന്നായിരുന്നു ഗാംഗുലിയുടെ മറുപടി. എന്നാല്‍ ഓസ്‌ട്രേലിയയാണ് മികച്ച ടീം എന്ന് വോണ്‍ പറഞ്ഞു. തര്‍ക്കത്തിനൊടുവില്‍ പന്തയംവെപ്പായി. ഇംഗ്ലണ്ട് ജയിച്ചാല്‍, അവരുടെ ജഴ്‌സി താന്‍ ധരിക്കാമെന്നും, ഡിന്നര്‍ വാങ്ങിനല്‍കാമെന്നുമായി വോണ്‍. തിരിച്ച് ഓസ്‌ട്രേലിയ ജയിച്ചാല്‍, അവരുടെ ജഴ്‌സി താന്‍ ധരിക്കാമെന്നും, ഡിന്നര്‍ വാങ്ങി നല്‍കാമെന്നും ഗാംഗുലിയും പറഞ്ഞു. എന്നാല്‍ മല്‍സരം കഴിഞ്ഞപ്പോള്‍ ഓസ്‌ട്രേലിയയെ ഇംഗ്ലണ്ട് തോല്‍പ്പിച്ചു. ഏതായാലും ഇംഗ്ലണ്ടിന്റെ ജഴ്‌സി ധരിക്കാമെന്ന വാക്ക് പാലിക്കുമെന്നാണ് ഇപ്പോള്‍ വോണ്‍, ഗാംഗുലിയെ അറിയിച്ചിരിക്കുന്നത്. ട്വിറ്ററിലൂടെയായിരുന്നു വോണ്‍ ഇക്കാര്യം വ്യക്തമാക്കിയത്.