
അതിര്‍ത്തിയിലേത് പോലെ ഇന്ത്യ-പാക് യുദ്ധമാണ് സോഷ്യല്‍ മീഡിയയില്‍. ഇന്ത്യയ്‌ക്ക് വേണ്ടി യുദ്ധം നയിക്കുന്നത് സാക്ഷാല്‍ വീരേന്ദര്‍ സെവാഗ്. മറുവശത്ത് മുന്‍ പാക് വിക്കറ്റ് കീപ്പര്‍ റഷീദ് ലത്തീഫ്. ഇന്ത്യയില്‍നിന്ന് ഉണ്ടായതാണ് പാകിസ്ഥാന്‍ എന്ന സെവാഗിന്റെ പരാമര്‍ശമാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. ചിരവൈരികളായ പാകിസ്ഥാനെ തോല്‍പ്പിച്ച ഉടന്‍ ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് സെവാഗ് ട്വിറ്ററിലിട്ട കമന്റാണ് ലത്തീഫിനെ ചൊടിപ്പിച്ചത്. പാകിസ്ഥാന്‍ ഇന്ത്യയുടെ മകനാണെന്നും, ബംഗ്ലാദേശ് കൊച്ചുമകനാണെന്നുമുള്ള തരത്തിലായിരുന്നു വീരുവിന്റെ അഭിപ്രായപ്രകടനം. വീരുവിന് മറുപടിയായി 15 മിനിട്ടോളം ദൈര്‍ഘ്യമുള്ള വീഡിയോയാണ് റഷീദ് ലത്തീഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പാകിസ്ഥാനെ തോല്‍പ്പിച്ച ഇന്ത്യ, അടുത്ത കളിയില്‍ ശ്രീലങ്കയോട് തോറ്റതിനെ ലത്തീഫ് ചോദ്യം ചെയ്യുന്നു. അതേസമയം ഇന്ത്യയോട് തോറ്റ പാകിസ്ഥാന്‍ അടുത്ത കളിയില്‍ മുന്‍നിര ടീമായ ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ചത് ചൂണ്ടികാട്ടുകയും ചെയ്യുന്നു. ഈ മല്‍സരത്തിന് ശേഷമാണ് സെവാഗിനുള്ള പ്രത്യേക മറുപടി എന്ന തലക്കെട്ടോടെ ലത്തീഫ് വീഡിയോ പോസ്റ്റ് ചെയ്യുന്നത്. പാകിസ്ഥാനെ അഭിനന്ദിച്ചുകൊണ്ടും ഇന്ത്യയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ടുമാണ് ലത്തീഫ് വീഡിയോ തുടങ്ങിയത്. താന്‍ ബഹുമാനിക്കുന്ന നിരവധി ഇന്ത്യന്‍ താരങ്ങളുണ്ട്. അവരുടെ കൂട്ടത്തില്‍ സെവാഗ് ഇല്ല. സെവാഗ് എവിടെനിന്നാണ് വരുന്നത്. ഇന്ത്യയില്‍ സെവാഗിനേക്കാള്‍ കൂടുതല്‍ ബന്ധുക്കള്‍ തനിക്കുണ്ടെന്നും ലത്തീഫ് പറയുന്നു. ഞായറാഴ്‌ച ദക്ഷിണാഫ്രിക്കയെ നേരിടുന്ന ഇന്ത്യ തിങ്കളാഴ്‌ച നാട്ടിലേക്ക് മടങ്ങുമെന്നും ലത്തീഫ് പരിഹസിക്കുന്നു. എന്നാല്‍ ഇതിന് മറുപടിയായി, സെവാഗ് ട്വിറ്ററില്‍ എഴുതിയത്, മൗനം വിദ്വാന് ഭൂഷണം എന്ന് മാത്രമാണ്.