
ചാംപ്യന്‍സ് ട്രോഫിയില്‍ ജീവന്‍ പോരാട്ടത്തിലാണ് ഇന്ത്യയും ദക്ഷിണാഫ്രിക്കയും. ടോസ് നഷ്‌ടപ്പെട്ടെങ്കിലും ആദ്യം ബാറ്റുചെയ്ത ദക്ഷിണാഫ്രിക്കയ്‌ക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ക്വിന്റന്‍ ഡി കോക്കും(53), ഹാഷിം ആംലയും(35) ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 76 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്. എന്നാല്‍ ആദ്യം ആംലയും പിന്നീട് ഡികോക്കും പുറത്തായതോടെ ദക്ഷിണാഫ്രിക്ക രണ്ടിന് 116 എന്ന നിലയിലായി. അപ്പോള്‍ ക്രീസില്‍ ഒത്തുചേര്‍ന്ന നായകന്‍ എബി ഡിവില്ലിയേഴ്‌സിലും ഫാഫ് ഡുപ്ലെസിസിലുമായിരുന്നു ദക്ഷിണാഫ്രിക്കയുടെ പിന്നീടുള്ള പ്രതീക്ഷ. എന്നാല്‍ ദക്ഷിണാഫ്രിക്കയെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടു അടുത്തടുത്ത് രണ്ട് റണ്ണൗട്ടുകള്‍ കളി ഇന്ത്യയുടെ വരുതിയിലാക്കി. 16 റണ‍്സെടുത്ത ഡിവില്ലിയേഴ്‌സിനെ ഹര്‍ദ്ദിക് പാണ്ഡ്യയും ധോണിയും ചേര്‍ന്ന് റണ്ണൗട്ടാക്കിയപ്പോള്‍, ഒരു റണ്‍സെടുത്ത ഡേവിഡ് മില്ലറെ ബംറയും കോലിയും ചേര്‍ന്നാണ് റണ്ണൗട്ടാക്കിയത്. ഈ രണ്ടു റണ്ണൗട്ടുകള്‍ ദക്ഷിണാഫ്രിക്കയുടെ നട്ടെല്ല് ഒടിച്ചുവെന്ന് പറയുന്നതാകും ശരി. പിന്നീട് കൃത്യമായ ഇടവേളകളില്‍ ദക്ഷിണാഫ്രിക്കയുടെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നു. ഒരറ്റത്ത് ജെ പി ഡുമിനി പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വമ്പന്‍ സ്‌കോര്‍ എന്ന ലക്ഷ്യം അവരില്‍നിന്ന് അകന്നുനിന്നു.