
വാഷിംഗ്ടൺ: പുതിയ കിൻഡിൽ ഇ- റീഡറുകളും ടാബ്‌ലെറ്റ് കമ്പ്യൂട്ടറുകളും വിപണിയിലെത്തിച്ചതിന് തൊട്ടുപിന്നാലെ ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗത്തിൽ നിന്നും 250 ഓളം ജീവനക്കാരെ പിരിച്ചുവിട്ട് ആമസോൺ. റോയിട്ടേഴ്‌സിന്റെ അന്വേഷണത്തിന് മറുപടിയായാണ് കമ്പനി പിരിച്ചുവിടൽ സ്ഥിരീകരിച്ചത്. പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിനും കമ്പനിയുടെ ഭാവി റോഡ്‌മാപ്പിന് അനുസൃതമായി ഘടന പുനഃസംഘടിപ്പിക്കുന്നതിനുമാണ് ഈ നീക്കമെന്ന് ആമസോൺ വക്താവ് വ്യക്തമാക്കി.
പ്രധാനമായും സോഫ്റ്റ്‌വെയർ ഡെവലപ്‌മെന്റ് വിഭാഗത്തിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയാണ് ഈ തീരുമാനം ബാധിച്ചത്. കമ്പനിയുടെ പതിവ് രീതി പോലെ, ബുധനാഴ്ച രാവിലെ ടെക്സ്റ്റ് സന്ദേശങ്ങളിലൂടെയും ഇമെയിലുകളിലൂടെയുമാണ് ജീവനക്കാരെ പിരിച്ചുവിട്ട വിവരം ജീവനക്കാരെ അറിയിച്ചത്. വിശദമായ അവലോകനം നടത്തിയ ശേഷമാണ് തസ്തികകൾ ഒഴിവാക്കാൻ തീരുമാനിച്ചതെന്ന് ഡിവൈസസ് ആൻഡ് സർവീസസ് വിഭാഗം എച്ച്. ആർ വൈസ് പ്രസിഡന്റ് ചെറി റോബിൻസൺ ജീവനക്കാർക്കയച്ച സന്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
അടുത്തിടെ പുതിയ കിൻഡിൽ മോഡലുകളും ടാബ്‌ലെറ്റുകളും വിപണിയിലെത്തിച്ച ആമസോൺ, അലക്‌സ പ്രവർത്തിക്കുന്ന പുതിയ അലാറം ക്ലോക്കും ഫോട്ടോ ഫ്രെയിമും കൂടി പുറത്തിറക്കിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് പുതിയ പിരിച്ചുവിടൽ വാർത്ത വരുന്നത്. ഈ മാസത്തിന്റെ തുടക്കത്തിൽ ആമസോണിന്റെ പ്രധാന റീട്ടെയിൽ വിഭാഗത്തിൽ നിന്ന് ആയിരത്തോളം ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. അതിനുശേഷമാണ് ഇപ്പോൾ വീണ്ടും 250 തസ്തികകൾ കൂടി വെട്ടിക്കുറച്ചിരിക്കുന്നത്. കമ്പനിയുടെ മൂന്നാം പാദ സാമ്പത്തിക ഫലങ്ങൾ പുറത്തുവിടാനിരിക്കെയാണ് ഈ നടപടികൾ.