എഐ രംഗത്തെ നിക്ഷേപം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ഗൂഗിളിന്റെ എഐ ചിപ്പുകൾ വാങ്ങാൻ ഓപ്പൺഎഐ പദ്ധതിയിടുന്നു. സ്വന്തമായി എഐ ചിപ്പ് വികസിപ്പിക്കുന്നതിനൊപ്പം തന്നെ ഗൂഗിൾ ക്ലൗഡ് വഴിയുള്ള സേവനങ്ങളും കമ്പനി ശക്തമാക്കുകയാണ്. ആമസോൺ, മൈക്രോസോഫ്റ്റ് തുടങ്ങിയ വമ്പൻ കമ്പനികളും എഐ അടിസ്ഥാന സൗകര്യങ്ങൾക്കായി വൻതോതിൽ പണം ചെലവഴിക്കുന്നുണ്ട്.

എഐ രംഗത്തെ നിക്ഷേപം വര്‍ധിപ്പിക്കുന്നതിനിടെ, ഗൂഗിളിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ചിപ്പുകള്‍ വാങ്ങാന്‍ ഓപ്പണ്‍എഐ പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട്. എഐ ഉല്‍പ്പന്നങ്ങളുടെയും സെര്‍ച്ച് സേവനങ്ങളുടെയും കാര്യത്തില്‍ പരസ്പരം മത്സരിക്കുന്ന ഓപ്പണ്‍എഐയും ഗൂഗിളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റും തമ്മിലുള്ള വാണിജ്യബന്ധം കൂടുതല്‍ ശക്തമാകുന്നതിന്റെ സൂചനയായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞയാഴ്ച, തങ്ങളുടെ ഏറ്റവും നൂതനമായ എഐ മോഡലുകള്‍ ഗൂഗിള്‍ ക്ലൗഡ് വഴി ലഭ്യമാക്കുമെന്ന് ഓപ്പണ്‍എഐ അറിയിച്ചിരുന്നു. 2025 മുതല്‍ ഓപ്പണ്‍എഐ ഗൂഗിളിന്റെ എഐ ചിപ്പുകള്‍ വാടകയ്‌ക്കെടുത്ത് ഉപയോഗിക്കുന്നുണ്ട്.

ആശയങ്ങളുടെ ഉത്സവം- അഗോറയില്‍ രജിസ്റ്റര്‍ ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

വിപണിയില്‍ മുന്‍നിരയിലുള്ള എന്‍വിഡിയയുടെ എഐ ചിപ്പുകള്‍ക്ക് പകരമായി ഉപയോഗിക്കാവുന്ന, ചെലവ് കുറഞ്ഞ മറ്റൊരു മാര്‍ഗമായാണ് ഗൂഗിളിന്റെ ടെന്‍സര്‍ പ്രോസസിങ് യൂണിറ്റുകള്‍ (ടിപിയു) ശ്രദ്ധ നേടുന്നത്. ഈ വര്‍ഷം മുതല്‍ ചില ഉപഭോക്താക്കള്‍ക്ക് ടിപിയു ചിപ്പുകള്‍ നേരിട്ട് വില്‍ക്കാനും ഗൂഗിള്‍ തുടങ്ങിയിട്ടുണ്ട്. എതിരാളിയായ ആന്ത്രോപിക്കുള്‍പ്പെടെയുള്ള കമ്പനികളുമായുള്ള ഇടപാടുകള്‍ ഗൂഗിളിന്റെ ടിപിയു ചിപ്പുകള്‍ക്കുള്ള ആവശ്യം വര്‍ധിപ്പിച്ചിട്ടുണ്ട്.

സ്വന്തം എഐ ചിപ്പും വികസിപ്പിച്ച് ഓപ്പണ്‍എഐ

അതേസമയം, സ്വന്തമായി എഐ ചിപ്പ് വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഓപ്പണ്‍എഐ തുടരുകയാണ്. ബ്രോഡ്‌കോമുമായി ചേര്‍ന്ന് രൂപകല്‍പ്പന ചെയ്ത ആദ്യ കസ്റ്റം എഐ ചിപ്പ് ജൂണില്‍ കമ്പനി അവതരിപ്പിച്ചിരുന്നു.

എഐ അടിസ്ഥാന സൗകര്യങ്ങള്‍ക്കായി വന്‍ നിക്ഷേപം

എഐ കമ്പ്യൂട്ടിങ്ങിനുള്ള ആവശ്യം കുതിച്ചുയരുന്ന സാഹചര്യത്തില്‍, സാങ്കേതിക കമ്പനികള്‍ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാന്‍ വന്‍തോതില്‍ പണം ചെലവഴിച്ചുവരികയാണ്. ആമസോണ്‍, മൈക്രോസോഫ്റ്റ്, ആല്‍ഫബെറ്റ് എന്നിവ ഈ വര്‍ഷം എഐ അടിസ്ഥാനസൗകര്യങ്ങള്‍ക്കായി ആകെ 600 ബില്യണ്‍ ഡോളര്‍ വരെ ചെലവഴിക്കാന്‍ പദ്ധതിയിടുന്നുണ്ട്. അതേസമയം, ഈ വന്‍ നിക്ഷേപങ്ങള്‍ എപ്പോള്‍ കാര്യമായ വരുമാനമായി മാറുമെന്ന കാര്യത്തില്‍ നിക്ഷേപകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.