
കാലിഫോർണിയ വിടാനൊരുങ്ങിയ മാർക്ക് സക്കർബർഗിനെ മെറ്റയിൽ തുടരാൻ പ്രേരിപ്പിച്ച് കമ്പനി ഡയറക്ടർ ബോർഡ്. പ്രതിഫലത്തെയും കമ്പനിയിലെ വോട്ടിങ് അധികാരത്തെയും ചൊല്ലി സക്കർബർഗും ബോർഡും തമ്മിൽ മാസങ്ങളായി നിലനിന്ന തർക്കത്തിനൊടുവിലാണ് ധാരണയിലെത്തിയത്. മെറ്റയിലെ നിയന്ത്രണം നഷ്ടപ്പെടാതെ നിശ്ചിത എണ്ണം ഓഹരികൾ വിൽക്കാൻ സക്കർബർഗിന് അവസരം നൽകുന്നതാണ് പുതിയ കരാർ. നിർമിതബുദ്ധി രംഗത്ത് വൻതോതിൽ നിക്ഷേപം നടത്താൻ കൂടുതൽ പണം കണ്ടെത്താനുള്ള മെറ്റയുടെ നീക്കങ്ങൾക്കിടെയാണ് ഈ തർക്കം ഉടലെടുത്തത്. കഴിഞ്ഞദിവസം മെറ്റ പുറത്തുവിട്ട സാമ്പത്തിക രേഖയിലാണ് തർക്കത്തിന്റെ വിശദാംശങ്ങൾ പുറത്തുവന്നത് എന്ന് വാഷിങ്ടൺ പോസ്റ്റിനെ ഉദ്ദരിച്ച് ഇന്ത്യാ ടുഡേ ടെക്ക് റിപ്പോർട്ട് ചെയ്യുന്നു.
നിർമിതബുദ്ധി രംഗത്തെ മത്സരം ശക്തമാകുന്നതിനിടെ കൂടുതൽ പണം ആവശ്യമായി വരുമെന്ന് മെറ്റയുടെ മാനേജ്‌മെന്റ് തിരിച്ചറിഞ്ഞതോടെയാണ് തർക്കം തുടങ്ങിയത്. 2025 ഒക്ടോബറിൽ തന്നെ എഐ വികസനത്തിനായി വൻതോതിൽ പണം ചെലവഴിക്കുന്നുണ്ടെന്ന് സക്കർബർഗ് നിക്ഷേപകരോട് വ്യക്തമാക്കിയിരുന്നു. ഭാവിയിൽ വിപണി തിരിച്ചടി നേരിടാനുള്ള സാധ്യതയുണ്ടെങ്കിലും നേരത്തേ തന്നെ ആവശ്യമായ ശേഷി വികസിപ്പിക്കുന്നത് ഉചിതമാണെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.
പണം കണ്ടെത്തുന്നതിനായി പുതിയൊരു വിഭാഗം ഓഹരികൾ അവതരിപ്പിക്കാനായിരുന്നു മെറ്റയുടെ പദ്ധതി. നിക്ഷേപകർക്ക് വിൽക്കാനും ഏറ്റെടുക്കലുകൾക്കായി ഉപയോഗിക്കാനും ജീവനക്കാർക്ക് പ്രതിഫലമായി നൽകാനും കഴിയുന്ന തരത്തിലായിരിക്കും ഈ ഓഹരികൾ.
പദ്ധതിയോട് സക്കർബർഗിന് എതിർപ്പില്ലായിരുന്നെങ്കിലും സ്വന്തം ഓഹരികൾ വിൽക്കുന്നതിലൂടെ കമ്പനിയിലെ വോട്ടിങ് നിയന്ത്രണം കുറയരുതെന്ന നിലപാടിലായിരുന്നു അദ്ദേഹം. എന്നാൽ, ഓഹരികൾ വിറ്റിട്ടും പൂർണ നിയന്ത്രണം നിലനിർത്താൻ സക്കർബർഗിനെ അനുവദിക്കുന്നത് മറ്റ് ഓഹരി ഉടമകളോട് നീതികേടാകുമെന്ന് ഡയറക്ടർമാർ കരുതിയതായി റിപ്പോർട്ടുണ്ട്. 2017ലും സമാനമായ പദ്ധതി കമ്പനി പരിഗണിച്ചെങ്കിലും നിക്ഷേപകർ നിയമനടപടി സ്വീകരിച്ചതിനെത്തുടർന്ന് പിൻവലിച്ചിരുന്നു.
കമ്പനിയിലെ ഓഹരികൾ അടിസ്ഥാനമാക്കിയുള്ള വലിയ പ്രതിഫല പാക്കേജിനായും സക്കർബർഗിന്റെ പ്രതിനിധികൾ സമ്മർദം ചെലുത്തിയതായി റിപ്പോർട്ടുണ്ട്. ടെസ്‌ല സിഇഒ ഇലോൺ മസ്‌കിന്റെ പ്രകടനാധിഷ്ഠിത പ്രതിഫല കരാറുകൾക്ക് സമാനമായ രീതിയിലുള്ള പാക്കേജാണ് പരിഗണിച്ചത്. മെറ്റയുടെ രേഖകൾ പ്രകാരം സക്കർബർഗിന്റെ വാർഷിക ശമ്പളം നിലവിൽ 1 ഡോളറാണ്.
കാലിഫോർണിയയിൽ നിർദേശിക്കപ്പെട്ട ഒറ്റത്തവണ സമ്പത്ത് നികുതി അടയ്ക്കുന്നതിനായി വലിയ അളവിൽ മെറ്റ ഓഹരികൾ വിൽക്കേണ്ടിവരുമെന്ന് സക്കർബർഗ് അറിയിച്ചതോടെ തർക്കം കൂടുതൽ സങ്കീർണമായി. കാലിഫോർണിയ വിട്ടുപോകാനുള്ള സാധ്യതയും അദ്ദേഹം ആവർത്തിച്ച് ഉന്നയിച്ചു. എഐ രംഗത്ത് കമ്പനിയുടെ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന സാഹചര്യത്തിൽ സക്കർബർഗിന്റെ കാലിഫോർണിയയിലെ സാന്നിധ്യം പ്രധാനമാണെന്ന് ഡയറക്ടർ ബോർഡ് കരുതിയിരുന്നു. അതിനാൽ താമസം മാറ്റാനുള്ള നീക്കം കമ്പനിക്കുള്ളിൽ ആശങ്കയുണ്ടാക്കി. സെപ്റ്റംബർ ആദ്യത്തോടെ ചർച്ചകൾ നിർണായക ഘട്ടത്തിലെത്തി. സക്കർബർഗ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായില്ലെങ്കിൽ ചർച്ചകൾക്ക് നേതൃത്വം നൽകിയ മൂന്ന് ഡയറക്ടർമാർ രാജിവയ്ക്കുന്നതിനെക്കുറിച്ചുപോലും ആലോചിച്ചതായി റിപ്പോർട്ടുണ്ട്.
സെപ്റ്റംബർ 9ന് സക്കർബർഗ് തന്റെ പാലോ ആൾട്ടോയിലെ വീട് നാല് ദിവസത്തിനുള്ളിൽ വിൽപ്പനയ്ക്ക് വെക്കുമെന്ന് ചില ഡയറക്ടർമാരെ അറിയിച്ചതായാണ് റിപ്പോർട്ട്. ഇത് കാലിഫോർണിയ വിടാനുള്ള നീക്കത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് കൂടുതൽ ശ്രദ്ധ നേടിക്കൊടുത്തു. തുടർന്ന് ചർച്ചകൾ വേഗത്തിലായി. സെപ്റ്റംബർ 14ഓടെ ഇരുപക്ഷവും ധാരണയിലെത്തി. കരാർ പ്രകാരം ചില ഒഴിവുകൾക്ക് വിധേയമായി അടുത്ത എട്ട് വർഷം കാലിഫോർണിയയിൽ താമസിക്കാൻ സക്കർബർഗ് സമ്മതിച്ചിട്ടുണ്ട്. കമ്പനിയിലെ വോട്ടിങ് നിയന്ത്രണം നഷ്ടപ്പെടാതെ നിശ്ചിത പരിധിയിൽ ഓഹരികൾ വിൽക്കാനും അദ്ദേഹത്തിന് കഴിയും. മെറ്റയിൽ തുടരുന്ന കാലയളവ് കൂടുന്നതിനനുസരിച്ച് നിയന്ത്രണാധികാരത്തെ ബാധിക്കാതെ വിൽക്കാവുന്ന ഓഹരികളുടെ എണ്ണവും വർധിക്കും.
പുതിയ ഓഹരി ഘടനയിലൂടെ നിർമിതബുദ്ധി പദ്ധതികൾക്കാവശ്യമായ പണം കണ്ടെത്തുന്നതിനൊപ്പം സ്ഥാപകന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ നിലവിലെ മോഡൽ നിലനിർത്താനും കഴിയുമെന്നാണ് മെറ്റയുടെ നിലപാട്. എഐ രംഗത്തെ വൻ നിക്ഷേപങ്ങൾക്കായി പണം കണ്ടെത്തേണ്ടതും കമ്പനിയിലെ നിയന്ത്രണം നിലനിർത്തേണ്ടതും തമ്മിലുള്ള തർക്കത്തിൽ സക്കർബർഗിന് അനുകൂലമായ ചില വ്യവസ്ഥകൾ ഉൾപ്പെട്ടതാണ് പുതിയ ധാരണയുടെ പ്രധാന സവിശേഷത.