പ്രതിസന്ധി തുടരുന്നു; ബൈജൂസിൽ നിന്നും ഓഡിറ്ററും ബോർഡംഗങ്ങളും രാജിവെച്ചു, ഊഹാപോഹമെന്ന് കമ്പനി

By Web TeamFirst Published Jun 23, 2023, 6:30 PM IST
Highlights

അടുത്തിടെ  ബൈജൂസ് 500 മുതൽ 1,000 മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടു. 

ദില്ലി: എജുക്കേഷൻ ടെക് കമ്പനിയായ ബൈജൂസിൽ പ്രതിസന്ധി തുടരുന്നു. ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തുനിന്ന്  ബഹുരാഷ്ട്ര ധനകാര്യ സ്ഥാപനമായ ഡെലോയിറ്റ് രാജിവെച്ചു.  കൂടാതെ ബൈജൂസിന്റെ മൂന്ന് ബോർഡ് അംഗങ്ങളും രാജി വെച്ചതായാണ് റിപ്പോർട്ടുകൾ. കമ്പനി ഫിനാൻഷ്യൽ സ്റ്റേറ്റ്മെന്റുകൾ സമർപ്പിക്കുന്നത് വൈകിയ പശ്ചാത്തലത്തിലാണ് ഡിലോയിറ്റിന്റെ  രാജി. ഓഡിറ്റ് റിപ്പോർട്ട് പരിഷ്‌കരണങ്ങളുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പ് ലഭിച്ചിട്ടില്ലെന്നും, സ്റ്റേറ്റ്മെന്റുകൾ ലഭിക്കാൻ വൈകിയതിനാൽ  ഓഡിറ്റ് ആരംഭിക്കാൻ കഴിഞ്ഞിട്ടില്ലെന്നും ഇത് സമയബന്ധിതമായി ഓഡിറ്റ് പൂർത്തിയാക്കാനുള്ള നടപടിയെ പ്രതികൂലമായി  ബാധിക്കുന്നതാണെന്നും ഡിലോയിറ്റ് ബോർഡനയച്ച കത്തിൽ വ്യക്തമാക്കി. 

എന്നാൽ ഡിലോയിറ്റിന്റെ രാജിയെക്കുറിച്ച് ബൈജൂസ് പ്രതികരിച്ചിട്ടില്ല. 2021 ഏപ്രിൽ മുതൽ അഞ്ച് വർഷത്തേക്ക് ബിഡിഒയെ (എംഎസ്‌കെഎ & അസോസിയേറ്റ്‌സ്) നിയമാനുസൃത ഓഡിറ്റർമാരായി നിയമിച്ചതായി കമ്പനി ഒരു പ്രസ്താവനയിൽ അറിയിച്ചു. പീക്ക് എക്‌സ്‌വി പാർട്‌ണേഴ്‌സിന്റെ (മുമ്പ് സെക്വോയ ഇന്ത്യയും എസ്ഇഎയും) മാനേജിംഗ് ഡയറക്ടർ ജി വി രവിശങ്കർ, പ്രോസസ് ഗ്രൂപ്പിലെ റസ്സൽ ആൻഡ്രൂ ഡ്രെസെൻസ്റ്റോക്ക്, ചാൻ സക്കർബർഗിന്റെ വിവിയൻ വു എന്നിവർ രാജിവച്ചതായാണ് വിവരം. എന്നാൽ  ബൈജൂസ് വാർത്ത ഊഹോപാഹമെന്ന് വിശേഷിപ്പിച്ചെങ്കിലും കമ്പനി രാജികൾ സ്വീകരിച്ചതായും റിപ്പോർട്ടുകളുണ്ട്.

അടുത്തിടെ  ബൈജൂസ് 500 മുതൽ 1,000 മുഴുവൻ സമയ ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ വർഷം ബൈജൂസ്‌ രണ്ട് തവണകളിലായി 3,000-ത്തിലധികം പേരെ പിരിച്ച് വിട്ടു.  ഇന്ത്യയിലെ ഏറ്റവും വലിയ സ്റ്റാർട്ടപ്പുകളിൽ ഒന്നായ കമ്പനിയുടെ മൂല്യം ഒരിക്കൽ 22 ബില്യൺ ഡോളറായിരുന്നു. 2011 ൽ സ്ഥാപിതമായ ബൈജൂസ്‌ കഴിഞ്ഞ ദശകത്തിൽ ജനറൽ അറ്റ്ലാന്റിക്, ബ്ലാക്ക് റോക്ക്, സെക്വോയ ക്യാപിറ്റൽ തുടങ്ങിയ ആഗോള നിക്ഷേപകരെ ആകർഷിച്ചു. കമ്പനി ഒരു കാലത്ത് അതിന്റെ വിജയഗാഥകൾക്ക് പേരുകേട്ടതാണെങ്കിലും, അടുത്ത മാസങ്ങളിൽ, നിയമപരവും സാമ്പത്തികവുമായ പ്രശ്‌നങ്ങളിൽ പെട്ടിരിക്കുകയാണ്. കഴിഞ്ഞ മാസം കമ്പനിയുടെ മൂല്യനിർണ്ണയം 8.2 ബില്യൺ ഡോളറായി കുറഞ്ഞു. 

Read More... 'വീട്ടുജോലിക്കാര്‍ താമസക്കാര്‍ ഇരിക്കുന്ന സോഫയിലും പാര്‍ക്കിലും ഇരിക്കരുത്'; വിവാദമായി സര്‍ക്കുലര്‍

tags
click me!