വെറും 295 രൂപയിൽ നിന്ന് തുടങ്ങിയ സാമ്രാജ്യം; ഇന്ന് കോടികളുടെ ഫേവറേറ്റ്, തലമുറകളുടെ ചായ നേരങ്ങൾക്ക് കൂട്ടായ 'ബ്രിട്ടാനിയ'

Published : Jul 19, 2026, 11:22 AM IST
Britannia Biscuits

Synopsis

1892 ൽ കൊൽക്കത്തയിൽ ഒരു ചെറിയ സംരംഭമായി ആരംഭിച്ച് ഇന്ന് വാഡിയ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി കമ്പനിയായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥയാണിത്. ഗുഡ് ഡേ, മാരി ഗോൾഡ് തുടങ്ങിയ ജനപ്രിയ ബ്രാൻഡുകളിലൂടെ ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയിൽ ആധിപത്യം സ്ഥാപിച്ച കമ്പനി, ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും തങ്ങളുടെ സാമ്രാജ്യം വ്യാപിപ്പിച്ചു.

കാലമെത്ര കടന്നു പോയാലും മിക്ക വീടുകളിലും ചായക്കൊപ്പം ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് ബിസ്ക്കറ്റുകൾ. 'ബിസ്ക്കറ്റ്' എന്ന് കേൾക്കുമ്പോൾ തന്നെ സാധാരണക്കാരായ ഇന്ത്യൻ ഉപഭോക്താക്കളുടെ മനസിലേക്ക് ആദ്യം ഓടിയെത്തുന്ന പേര് 'ബ്രിട്ടാനിയ' (Britannia) എന്നായിരിക്കും. പേര് കേൾക്കുമ്പോൾ ഇതൊരു വിദേശ കമ്പനിയാണെന്ന് തോന്നാം. എന്നാൽ, ഒരു നൂറ്റാണ്ടിലധികം പാരമ്പര്യമുള്ള ബ്രിട്ടാനിയ ഇന്ത്യയുടെ സ്വന്തം മാതൃകാ കമ്പനികളിലൊന്നാണ്. പ്രമുഖ ഇന്ത്യൻ ബിസിനസ് ഗ്രൂപ്പായ വാഡിയ ഗ്രൂപ്പിന്റെ (Wadia Group) കീഴിലാണ് ഈ ആഗോള ബ്രാൻഡ് ഇന്ന് പ്രവർത്തിക്കുന്നത്. ചെറുതായി തുടങ്ങിയ കമ്പനി ഇന്ത്യയിലെ മുൻനിര എഫ്.എം.സി.ജി (FMCG) കമ്പനികളിലൊന്നായി മാറിയ ബ്രിട്ടാനിയയുടെ വളർച്ചയുടെ കഥ നോക്കാം.

തുടക്കം കൊൽക്കത്തയിൽ

1892-ൽ കൊൽക്കത്തയിലെ (അന്ന് കൽക്കട്ട) ഒരു ചെറിയ മുറിയിൽ വെറും 295 രൂപ നിക്ഷേപത്തിലാണ് ബ്രിട്ടാനിയയുടെ തുടക്കം. പിന്നീട് വർഷങ്ങളോളം കൈമറിഞ്ഞാണ്, ഒടുവിൽ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ വാഡിയ ഗ്രൂപ്പിന്റെ കൈകളിൽ കമ്പനി സുരക്ഷിതമായി എത്തിച്ചേരുന്നത്. നുസ്ലി വാഡിയയുടെ നേതൃത്വത്തിൽ കമ്പനി കൈവരിച്ച വളർച്ച സമാനതകളില്ലാത്തതാണ്. ഇന്ന് ഇന്ത്യൻ ബിസ്ക്കറ്റ് വിപണിയുടെ മൂന്നിലൊന്നും നിയന്ത്രിക്കുന്നത് ബ്രിട്ടാനിയയാണ്.

പ്രധാന ബ്രാൻഡുകൾ

ബ്രിട്ടാനിയയെ ഓരോ ഇന്ത്യൻ കുടുംബത്തിന്റെയും ഭാഗമാക്കിയത് അവരുടെ വ്യത്യസ്തവും വൈവിധ്യമാർന്നതുമായ ഉൽപ്പന്നങ്ങളാണ്. ഏത് പ്രായക്കാർക്കും വേണ്ടുന്ന, അനുയോജ്യമായ ബ്രാൻഡുകൾ അവർക്കുണ്ട്.

ഗുഡ് ഡേ (Good Day): ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന കുക്കീസുകളിൽ ഒന്നാണിത്. 'ചിരി' (Smile) എന്ന ആശയവുമായി എത്തിയ ഗുഡ് ഡേ കാഷ്യൂ, ബട്ടർ, പിസ്ത വകഭേദങ്ങളിലൂടെ ഇന്നും നമ്മുടെ തീന്മേശകളിലെത്തുന്നു.

മാരി ഗോൾഡ് (Marie Gold): ആരോഗ്യ സംരക്ഷകർക്കും ചായപ്രേമികൾക്കും ഒരുപോലെ പ്രിയപ്പെട്ടതാണ് ഈ ലൈറ്റ് ബിസ്ക്കറ്റ്. ചായയിൽ മുക്കി കഴിക്കാൻ ഇതിലും മികച്ചൊരു ഓപ്ഷൻ ഇന്ത്യക്കാർക്കില്ല.

50-50 (Fifty-Fifty): മധുരവും ഉപ്പും (Sweet & Salty) ചേർന്ന വ്യത്യസ്തമായ രുചിക്കൂട്ടിലൂടെ ചെറുപ്പക്കാർക്കിടയിൽ വൻ തരംഗം സൃഷ്ടിച്ച ബ്രാൻഡ്.

ടൈഗർ (Tiger): കുറഞ്ഞ വിലയിൽ ഉയർന്ന പോഷകഗുണം (ഗ്ലൂക്കോസ്) ഉറപ്പുനൽകിക്കൊണ്ട് സാധാരണക്കാരെയും കുട്ടികളെയും ലക്ഷ്യമിട്ട് പുറത്തിറക്കിയ ബിസ്ക്കറ്റ്.

ബോർബൺ (Bourbon): ചോക്ലേറ്റ് പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്കോ- ക്രീം ബിസ്ക്കറ്റ്.

ബിസ്ക്കറ്റിനപ്പുറമുള്ള ബ്രിട്ടാനിയ ലോകം

ബിസ്ക്കറ്റുകളിൽ മാത്രം ഒതുങ്ങിനിൽക്കുന്നതല്ല ബ്രിട്ടാനിയയുടെ സാമ്രാജ്യം. മാറിയ കാലത്തിനനുസരിച്ച് ഡയറി, ബേക്കറി ഉൽപ്പന്നങ്ങളിലേക്കും കമ്പനി തങ്ങളുടെ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്.

ബ്രിട്ടാനിയ ചീസ്, ബട്ടർ & ഡയറി: ഇന്ത്യൻ ചീസ് വിപണിയിൽ ബ്രിട്ടാനിയ സ്ലൈസുകൾക്കും ക്യൂബുകൾക്കും വലിയ പങ്കുണ്ട്. പാൽ, തൈര്, മിൽക്ക് ഷേക്കുകൾ എന്നിവയും ഇവരുടേതായി വിപണിയിലുണ്ട്.

ബ്രിട്ടാനിയ ബ്രെഡ് & കേക്ക്: ഇന്ത്യയിലെ ഏറ്റവും വലിയ ഓർഗനൈസ്ഡ് ബ്രെഡ് നിർമ്മാതാക്കളിൽ ഒന്നാണ് ബ്രിട്ടാനിയ. ഇവരുടെ ഫ്രൂട്ട് കേക്കുകളും സ്ലൈസ് കേക്കുകളും കുട്ടികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്.

വിപണിയിലെ ആ 'സ്ട്രാറ്റജി'

'ഈറ്റ് ഹെൽത്തി, തിങ്ക് ബെറ്റർ' (Eat Healthy, Think Better) എന്ന ടാഗ്‌ലൈനോടെ ശുദ്ധമായ ചേരുവകൾക്ക് പ്രാധാന്യം നൽകുന്നതാണ് ബ്രിട്ടാനിയയുടെ രീതി. ട്രാൻസ് ഫാറ്റ് പൂർണമായും ഒഴിവാക്കിയ ആദ്യ ഇന്ത്യൻ ബിസ്ക്കറ്റ് കമ്പനികളിലൊന്നാണിത്. ഗ്രാമീണ വിപണികളിലേക്ക് (Rural Markets) കൂടുതൽ ആഴത്തിൽ ഇറങ്ങിച്ചെല്ലാനുള്ള തന്ത്രങ്ങളാണ് കമ്പനി ഇപ്പോൾ ആവിഷ്കരിക്കുന്നത്. ആധുനിക സാങ്കേതികവിദ്യയും ശക്തമായ വിതരണ ശൃംഖലയും ഉള്ളതിനാൽ വരും ദശകങ്ങളിലും ഇന്ത്യൻ ലഘുഭക്ഷണ വിപണിയിലെ ഒഴിച്ചു കൂടാനാവാത്ത സാനിദ്ധ്യമായി ബ്രിട്ടാനിയ തുടരുമെന്നതിൽ തർക്കമില്ല.

PREV
Read more Articles on
click me!

Recommended Stories

റെക്കോർഡുകൾ തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക്; എക്കാലത്തെയും ഉയർന്ന പലിശ വരുമാനവുമായി കുതിപ്പ്, ലാഭത്തിൽ 17% വർധനവ്
ഓഫർ പ്രകാരമുള്ള വിലയേക്കാൾ അധികമായി ഈടാക്കിയത് 1.80രൂപ, റിലയൻസ് റീട്ടെയ്ലിന് 5000 രൂപ പിഴ