കാനറ ബാങ്കും സിൻഡിക്കറ്റ് ബാങ്കും ഇനി രണ്ടല്ല, ഒന്നാണ് ! പ്രധാന 12 സേവനങ്ങളിൽ മാറ്റം ഉണ്ടാകില്ലെന്ന് ബാങ്ക്

Web Desk   | Asianet News
Published : Apr 01, 2020, 11:22 AM IST
കാനറ ബാങ്കും സിൻഡിക്കറ്റ് ബാങ്കും ഇനി രണ്ടല്ല, ഒന്നാണ് ! പ്രധാന 12 സേവനങ്ങളിൽ മാറ്റം ഉണ്ടാകില്ലെന്ന് ബാങ്ക്

Synopsis

ഇരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കാനറ ബാങ്ക് അറിയിച്ചു.

ബാം​ഗ്ലൂർ: കാനറ ബാങ്ക്- സിന്‍ഡിക്കറ്റ് ലയനത്തോടെ ഇന്ത്യയിലെ മുന്‍നിര പൊതുമേഖലാ ബാങ്കായി കാനറ ബാങ്ക് മാറി. ഇന്നു മുതല്‍ സിന്‍ഡിക്കേറ്റ് ബാങ്കിന്‍റെ എല്ലാ ശാഖകളും കാനറ ബാങ്ക് ശാഖകളായി പ്രവര്‍ത്തിക്കും. ഇതോടെ കാനറ ബാങ്ക് ശാഖകള്‍ 10,391 ആയും എടിഎമ്മുകള്‍ 12,829 ആയും വര്‍ധിക്കും. ലയനത്തോടെ ബാങ്ക് ജീവനക്കാരുടെ എണ്ണം 91,685 ആകും. 

ഇരു ബാങ്കുകളുടേയും ഉപഭോക്താക്കള്‍ക്കും നിക്ഷേപകര്‍ക്കും ലഭിക്കുന്ന സേവനങ്ങള്‍ക്ക് തടസ്സമുണ്ടാകില്ലെന്ന് കാനറ ബാങ്ക് അറിയിച്ചു. ഈ ലയനത്തോടെ കരുത്തുറ്റ ബാങ്കിങ് സ്ഥാപനമായി കാനറ ബാങ്ക് മാറുമെന്നും ഇരു ബാങ്കുകളുടേയും സമ്പന്ന സേവന പൈതൃകം വലിയ മുതല്‍ക്കൂട്ടാകുമെന്നും കാനറ ബാങ്ക് എംഡിയും സിഇഒയുമായ എല്‍.വി പ്രഭാകര്‍ പറഞ്ഞു. വലിയ ബാങ്കായി മാറുമെങ്കിലും താഴെത്തട്ടിലുള്ള ബാങ്കിങ് സേവനങ്ങളിലും ഉപഭോക്തൃ സംതൃപ്തിയിലും തടസ്സങ്ങള്‍ ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുബാങ്കുകളും നല്‍കി വരുന്ന സേവനങ്ങള്‍ അതുപോലെ തന്നെ തുടരും. കോര്‍ ബാങ്കിങ് സംവിധാനത്തിന്‍റെ ഏകീകരണവും ഏറെ വൈകാതെ ഉണ്ടാകും. കൂടാതെ ഇരുബാങ്കുകളിലും ലഭ്യമാകുന്ന 12 സേവനങ്ങളും കാനറ ബാങ്ക് എപ്രില്‍ ഒന്നു മുതല്‍ നല്‍കിത്തുടങ്ങും. നിലവിലെ ബാങ്കിങ് സേവനങ്ങല്‍ക്കു പുറമെ, ചെറുകിട ഇടത്തരം സംരഭകര്‍, വ്യാപാരികള്‍, പ്രൊഫഷണലുകള്‍ എന്നിവര്‍ക്കായി പുതിയ പദ്ധതികളും കാനറ ബാങ്ക് അവതരിപ്പിച്ചിട്ടുണ്ട്. റീട്ടെയ്ല്‍ വായ്പാ ഇനങ്ങളില്‍ പുതിയ ഭവന വായ്പാ പദ്ധതിയും മഴവെള്ള സംഭരണി നിര്‍മ്മാണ വായ്പയും അവതരിപ്പിച്ചു. കോവിഡ്19 മൂലം പ്രതിസന്ധിയിലായ സംരംഭങ്ങള്‍ക്ക് അവരുടെ പ്രവര്‍ത്തന മൂലധനത്തിന്‍റെ 10 മുതല്‍ 35 ശതമാനം വരെ വായ്പ നല്‍കുന്ന പദ്ധതിയും കാനറ ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്.

PREV
click me!

Recommended Stories

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ - ക്വാളിറ്റി കെയർ ഇന്ത്യ ലയനം; ഓഹരി ഉടമകളുടെയും കടപ്പത്ര ഉടമകളുടെയും യോഗം വിളിച്ചുചേർക്കാൻ ഉത്തരവിട്ട് എൻസിഎൽടി
ബിസ്ലേരിക്ക് 'ദീപിക'യെങ്കില്‍ കാംപയ്ക്ക് 'ബിഗ് ബി'; വെള്ളക്കച്ചവടത്തില്‍ അമിതാഭ് ബച്ചനെ ഇറക്കി അംബാനി