തങ്ങളുടെ കമ്പനിയുടെ ടാല്‍ക്കം പൗഡര്‍ അണ്ഡാശയ അര്‍ബുദത്തിന് കാരണമായെന്നാരോപിച്ചുള്ള കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. പതിനായിരക്കണക്കിന് കേസുകള്‍ ഉള്‍പ്പെടുന്ന ഈ ഒത്തുതീര്‍പ്പ്, പരാതിക്കാരില്‍ 95% പേര്‍ അംഗീകരിച്ചാല്‍ മാത്രമേ നടപ്പിലാകൂ. വര്‍ഷങ്ങളായി തുടരുന്ന നിയമപോരാട്ടങ്ങള്‍ അവസാനിപ്പിക്കാനാണ് നീക്കമെന്ന് കമ്പനി.

തങ്ങളുടെ ടാല്‍ക്കം പൗഡര്‍ ഉപയോഗിച്ചതു വഴി അണ്ഡാശയ അര്‍ബുദം വന്നുവെന്നാരോപിച്ചുള്ള പതിനായിരക്കണക്കിന് കേസുകള്‍ ഒത്തുതീര്‍പ്പാക്കാന്‍ അമേരിക്കന്‍ ബഹുരാഷ്ട്ര കമ്പനിയായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍. നഷ്ടപരിഹാരമായി 5.5 ബില്യണ്‍ ഡോളര്‍ (ഏകദേശം 52,800 കോടി രൂപ) നല്‍കാനാണ് കമ്പനിയുടെ തീരുമാനം. അമേരിക്കന്‍ കോര്‍പ്പറേറ്റ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നിയമപോരാട്ടങ്ങളിലൊന്നിനാണ് ഇതോടെ വിരാമമാകുന്നത്. അമേരിക്കയിലെ വിവിധ ഫെഡറല്‍, സ്റ്റേറ്റ് കോടതികളിലായി നിലവിലുള്ള 76,000-ത്തോളം അണ്ഡാശയ കാന്‍സര്‍ കേസുകളാണ് ഈ ഒത്തുതീര്‍പ്പില്‍ ഉള്‍പ്പെടുന്നത്. എന്നാല്‍ പരാതിക്കാരില്‍ 95 ശതമാനം പേരും ഈ ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അംഗീകരിച്ചാല്‍ മാത്രമേ ഇത് നടപ്പിലാകൂ. കഴിഞ്ഞ പത്ത് വര്‍ഷത്തിലേറെയായി നീണ്ടുനില്‍ക്കുന്ന നിയമപോരാട്ടമാണിത്. മൂന്ന് തവണ പാപ്പരത്ത ഹര്‍ജി നല്‍കിയിട്ടും കമ്പനിക്ക് ഈ കേസുകളില്‍ നിന്ന് ഒഴിയാന്‍ കഴിഞ്ഞിരുന്നില്ല.

എന്തുകൊണ്ടാണ് കമ്പനി ഇപ്പോള്‍ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നത്?

തങ്ങളുടെ പൗഡര്‍ പൂര്‍ണമായും സുരക്ഷിതമാണെന്നും, അതില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടില്ലെന്നുമാണ് കമ്പനി ഇപ്പോഴും ആവര്‍ത്തിക്കുന്നത്. തെറ്റ് ചെയ്തത് കൊണ്ടല്ല, മറിച്ച് വര്‍ഷങ്ങളായി തുടരുന്ന ഈ വന്‍കിട നിയമപോരാട്ടങ്ങള്‍ അവസാനിപ്പിക്കാന്‍ വേണ്ടിയാണ് പണം നല്‍കുന്നത് എന്നാണ് കമ്പനിയുടെ വിശദീകരണം. 2027 ല്‍ 3 ബില്യണ്‍ ഡോളര്‍ (ഏകദേശം 28,800 കോടി രൂപ) കമ്പനി നല്‍കും. ബാക്കി തുക 2028 ലായിരിക്കും കൈമാറുക. എന്നാല്‍ ഈ തുക അന്തിമമല്ല. എത്രപേര്‍ ഈ ഒത്തുതീര്‍പ്പിന് തയ്യാറാകുന്നു എന്നതിനെ ആശ്രയിച്ച് അന്തിമ തുക 7 ബില്യണ്‍ ഡോളറിന് (ഏകദേശം 67,200 കോടി രൂപ) മുകളിലേക്ക് പോകാന്‍ സാധ്യതയുണ്ടെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ പറഞ്ഞു.

എന്തായിരുന്നു പ്രധാന ആരോപണങ്ങള്‍?

വര്‍ഷങ്ങളോളം ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ബേബി പൗഡറും മറ്റ് ടാല്‍ക് ഉല്‍പ്പന്നങ്ങളും ഉപയോഗിച്ചതുവഴി അണ്ഡാശയ കാന്‍സര്‍ വന്നു എന്നാണ് പരാതിക്കാരായ സ്ത്രീകളുടെ പ്രധാന ആരോപണം. പൗഡറില്‍ കാന്‍സറിന് കാരണമാകുന്ന ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ടെന്നും ഇവര്‍ വാദിച്ചു. എന്നാല്‍ ശാസ്ത്രീയ തെളിവുകള്‍ നിരത്തി കമ്പനി ഇത് നിഷേധിക്കുകയായിരുന്നു. വിവാദങ്ങളെ തുടര്‍ന്ന് 2020-ല്‍ അമേരിക്കയില്‍ ടാല്‍ക് അടിസ്ഥാനമാക്കിയുള്ള പൗഡറിന്റെ വില്‍പ്പന കമ്പനി നിര്‍ത്തി. പകരം കോണ്‍സ്റ്റാര്‍ച്ച് (ചോളം) ഉപയോഗിച്ചുള്ള പൗഡറാണ് കമ്പനി ഇപ്പോള്‍ അവിടെ വില്‍ക്കുന്നത്.

നിയമപോരാട്ടത്തിലെ 'ടെക്‌സാസ് ടൂ-സ്റ്റെപ്പ്'

ഈ നിയമപോരാട്ടത്തില്‍ കമ്പനിക്ക് അനുകൂലമായ പല വിധികളും അടുത്തിടെ ഉണ്ടായിട്ടുണ്ട്. പൗഡര്‍ ഉപയോഗിച്ചതാണ് കാന്‍സറിന് കാരണമെന്ന് വ്യക്തിപരമായി തെളിയിക്കാന്‍ പരാതിക്കാര്‍ക്ക് കഴിയുമോ എന്ന് കഴിഞ്ഞ ആഴ്ച ഒരു ജഡ്ജി ചോദിച്ചത് കമ്പനിക്ക് വലിയ ആശ്വാസമായിരുന്നു. എങ്കിലും വര്‍ഷങ്ങളായുള്ള അനിശ്ചിതത്വം അവസാനിപ്പിക്കാനാണ് കമ്പനി ഒത്തുതീര്‍പ്പ് തിരഞ്ഞെടുത്തത്. ഇതിനിടയില്‍ 'ടെക്‌സാസ് ടൂ-സ്റ്റെപ്പ്' ) എന്നൊരു വിവാദ നിയമതന്ത്രവും കമ്പനി പരീക്ഷിച്ചിരുന്നു. ഇതിനായി ഒരു പുതിയ ഉപകമ്പനി രൂപീകരിച്ച് അത് പാപ്പരായതായി പ്രഖ്യാപിക്കുകയും, അതുവഴി കേസുകളെല്ലാം ഒരൊറ്റ ഒത്തുതീര്‍പ്പിലേക്ക് മാറ്റാനുമായിരുന്നു ശ്രമം. എന്നാല്‍ സാമ്പത്തികമായി മികച്ച നിലയിലുള്ള ഒരു കമ്പനി പാപ്പരത്ത നിയമങ്ങളെ ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ച് കോടതികള്‍ ഈ നീക്കം മൂന്ന് തവണ തള്ളി.

ഇപ്പോള്‍ തയ്യാറാക്കിയിട്ടുള്ള ഒത്തുതീര്‍പ്പ് വ്യവസ്ഥകള്‍ അന്തിമ തീരുമാനത്തിനായി പരാതിക്കാര്‍ക്ക് മുന്നില്‍ വെക്കും. അര്‍ഹരായ 76,000-ത്തോളം ആളുകളില്‍ 95% പേര്‍ ഇത് അംഗീകരിച്ചാല്‍ ഈ വമ്പന്‍ കേസിന് അവസാനമാകും. ഇല്ലെങ്കില്‍, വീണ്ടും വര്‍ഷങ്ങളോളം നീളുന്ന നിയമപോരാട്ടങ്ങള്‍ അമേരിക്കന്‍ കോടതികളില്‍ കമ്പനി നേരിടേണ്ടി വരും.