കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവിൽ ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കൊക്കോ കോള. പാക്കേജിംഗ് ചെലവുകളിലെ വർദ്ധനവും, സാധാരണക്കാർ വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വിലയിൽ ഉൽപ്പന്നങ്ങൾ ഇല്ലാത്തതുമാണ് ഇതിന് പ്രധാന കാരണം. ഈ പ്രതിസന്ധി മറികടന്ന് ഉപഭോക്താക്കളെ തിരികെ പിടിക്കാനുള്ള പുതിയ തന്ത്രങ്ങൾ ആവിഷ്കരിക്കുകയാണ് കമ്പനി.

നമ്മുടെ നാട്ടിലെ സാധാരണ കടകളില്‍ പോയി നോക്കൂ. അവിടെ എത്തുന്ന ഭൂരിഭാഗം ആളുകളും ചോദിക്കുന്നത് പ്രത്യേക അളവിലുള്ള കുപ്പികളല്ല, മറിച്ച് സ്വന്തം കീശയ്ക്ക് ഇണങ്ങുന്ന വിലയിലുള്ള പാനീയങ്ങളാണ്. 'ഒരു 20 രൂപയുടെ കൂള്‍ ഡ്രിങ്ക്‌സ് താ', അല്ലെങ്കില്‍ '30-ന്റെയോ 40-ന്റെയോ ഒരു കുപ്പി' എന്നൊക്കെയാണ് സാധാരണക്കാരുടെ ചോദ്യം. കൃത്യമായി പറഞ്ഞാല്‍, ഈ സാധാരണക്കാരുടെ ബജറ്റിലാണ് ഇപ്പോള്‍ ലോകത്തെ വലിയ പാനീയ കമ്പനിയായ കൊക്കോ കോളയ്ക്ക് അടി തെറ്റിയിരിക്കുന്നത്.

കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള മാസങ്ങളില്‍ ഇന്ത്യയിലെ വിപണി വിഹിതം കുറഞ്ഞതായി കോക്കകോള തന്നെ തുറന്നു സമ്മതിച്ചിരിക്കുന്നു. പാക്കേജിംഗ് ചെലവുകള്‍ വര്‍ധിച്ചതും, സാധാരണക്കാര്‍ ഏറ്റവും കൂടുതല്‍ വാങ്ങുന്ന 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില നിലവാരത്തില്‍ കൃത്യമായ ഉല്‍പ്പന്നങ്ങള്‍ ഇല്ലാത്തതുമാണ് ഈ തിരിച്ചടിക്ക് കാരണമെന്ന് കമ്പനി വ്യക്തമാക്കുന്നു.

എന്താണ് '11-40 രൂപയുടെ' പ്രശ്‌നം?

ഇന്ത്യയിലെ വലിയൊരു വിഭാഗം ഉപഭോക്താക്കളും ആശ്രയിക്കുന്നത് 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള പാനീയങ്ങളെയാണ്. എന്നാല്‍ നിലവില്‍ ഈ പരിധിയില്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്ന കൃത്യമായ പാക്കേജുകളോ ഉല്‍പ്പന്നങ്ങളോ തങ്ങള്‍ക്കില്ലെന്ന് കൊക്കോ കോള ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പറഞ്ഞു.

കൊക്കോ കോളയ്ക്ക് തിരിച്ചടിയായത് എവിടെ?

ഈ വര്‍ഷം അലുമിനിയം, പിഇടി പ്ലാസ്റ്റിക് എന്നിവയുടെ വിലയിലുണ്ടായ വലിയ വര്‍ധനവാണ് കമ്പനിക്ക് പ്രധാന വെല്ലുവിളിയായത്. നിര്‍മ്മാണ ചെലവ് കൂടിയതോടെ ഇന്ത്യയിലൊട്ടാകെ ഉല്‍പ്പന്നങ്ങളുടെ വില കൂട്ടാന്‍ കൊക്കോ കോള നിര്‍ബന്ധിതരായി. ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് അലുമിനിയം ക്യാനുകളുടെ കടുത്ത ക്ഷാമത്തിന് കാരണമായി. ഈ പ്രതിസന്ധി മറികടക്കാന്‍ തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്ന് വലിയ അളവിലുള്ള ക്യാനുകള്‍ കമ്പനി ഇറക്കുമതി ചെയ്യാന്‍ തുടങ്ങി. 

പ്രതീക്ഷിച്ചതിലും അധികമാണ് അലുമിനിയത്തിന്റെയും പ്ലാസ്റ്റിക്കിന്റെയും വില വര്‍ധിച്ചതെന്നും, ഇത് നിയന്ത്രിക്കാനുള്ള ശ്രമങ്ങളിലാണ് തങ്ങളെന്നും കമ്പനി വ്യക്തമാക്കി. വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ വിപണിയില്‍, 11 രൂപയ്ക്കും 40 രൂപയ്ക്കും ഇടയിലുള്ള വില- പാക്കേജിംഗ് തന്ത്രങ്ങള്‍ ശരിയാക്കി ഉപഭോക്താക്കളെ തിരികെ പിടിക്കാമെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോള്‍ കോക്കകോള.