
ഇന്ത്യയിലെ കോള വിപണി പിടിച്ചെടുക്കാന്‍ ശതകോടീശ്വരന്‍ മുകേഷ് അംബാനിയുടെ കാംപ കോളയും ആഗോള ഭീമന്മാരായ കൊക്കോ കോളയും പെപ്സിയും തമ്മില്‍ നടത്തുന്ന പോരാട്ടം അപ്രതീക്ഷിതമായി വന്‍ നേട്ടമുണ്ടാക്കി കൊടുക്കുന്നത് രാജ്യത്തെ റെഫ്രിജറേറ്റര്‍ കമ്പനികള്‍ക്കാണ്. കടകളില്‍ പാനീയങ്ങള്‍ പ്രദര്‍ശിപ്പിച്ചു വെക്കുന്ന ഗ്ലാസ് ഡോറുള്ള പ്രത്യേക ഫ്രിഡ്ജുകള്‍ സ്ഥാപിക്കുന്നതിലാണ് ഇപ്പോള്‍ കമ്പനികള്‍ തമ്മില്‍ മത്സരം നടക്കുന്നത്.
റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കണ്‍സ്യൂമര്‍ വിഭാഗവും അമേരിക്കന്‍ കോള കമ്പനികളും തങ്ങളുടെ വിപണി വിപുലീകരിക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ ചെറിയ പെട്ടിക്കടകളിലും പലചരക്ക് കടകളിലും വലിയ തോതില്‍ കൂളറുകള്‍ സ്ഥാപിച്ചു വരികയാണ്. ഇതാണ് ബ്ലൂ സ്റ്റാര്‍ , വോള്‍ട്ടാസ് , ഹയര്‍ തുടങ്ങിയ കമ്പനികള്‍ക്ക് വലിയ നേട്ടമാകുന്നത്. ഇന്ത്യയിലെ കൊമേഴ്സ്യല്‍ ഫ്രിഡ്ജ് വിപണി 2025-ല്‍ 2.8 ബില്യണ്‍ ഡോളറില്‍ നിന്ന് 2034-ഓടെ 3.9 ബില്യണ്‍ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്. ബ്ലൂ സ്റ്റാര്‍ പോലുള്ള കമ്പനികളുടെ വാര്‍ഷിക വളര്‍ച്ചയേക്കാള്‍ വേഗത്തിലാണ് ഈ വിഭാഗം ഇപ്പോള്‍ വളരുന്നത്.
വെറും 10 രൂപയ്ക്ക് കോള വിപണിയിലെത്തിച്ച് റിലയന്‍സ് വിപണി പിടിച്ചതോടെയാണ് മത്സരം കടുത്തത്. വിദേശ രാജ്യങ്ങളിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ ചെറിയ കടകളില്‍ ഫ്രിഡ്ജ് വാങ്ങാനോ അത് വെക്കാനോ ഉള്ള സാമ്പത്തിക ശേഷി വ്യാപാരികള്‍ക്ക് ഉണ്ടാകില്ല. അതുകൊണ്ടുതന്നെ സ്വന്തം ബ്രാന്‍ഡ് കോളകള്‍ വില്‍ക്കാന്‍ കമ്പനികള്‍ തന്നെ ഫ്രിഡ്ജ് നല്‍കുന്ന രീതിയാണ് പിന്തുടരുന്നത്. 'ആരുടെ ഫ്രിഡ്ജ് കടയുടെ മുന്‍പിലുണ്ടോ, അവരുടെ കോള കൂടുതല്‍ വില്‍ക്കപ്പെടും' എന്ന തന്ത്രമാണ് കമ്പനികള്‍ പയറ്റുന്നത്.
ഏകദേശം അഞ്ച് ലക്ഷത്തിലധികം പുതിയ കൂളറുകളാണ് കാംപയും കോക്കും പെപ്സിയും ചേര്‍ന്ന് വിപണിയിലെത്തിക്കുന്നത് എന്ന് പെപ്സിയുടെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ വരുണ്‍ ബിവറേജസ് അറിയിച്ചു. ഇതിന് പുറമെ വ്യാപാരികള്‍ സ്വന്തം നിലയ്ക്ക് അഞ്ച് ലക്ഷത്തോളം ഫ്രിഡ്ജുകള്‍ വാങ്ങുന്നുമുണ്ട്.
വിപണിയിലെത്തി കുറഞ്ഞ കാലത്തിനുള്ളില്‍ തന്നെ കാംപ കോള വലിയ വളര്‍ച്ചയാണ് നേടിയത്. 2026 മാര്‍ച്ച് 31-ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ 4,700 കോടി രൂപയുടെ വില്‍പനയാണ് കാംപ കോള നടത്തിയത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ കോള ബ്രാന്‍ഡായി ഇത് മാറി. അതേസമയം, കോക്ക കോള ഇന്ത്യ 2025 സാമ്പത്തിക വര്‍ഷത്തില്‍ 5,170 കോടി രൂപയുടെ വരുമാനമാണ് നേടിയത്.