പ്രീമിയം ബിയറുകള്‍ക്ക് പ്രിയമേറുന്നു; ഇന്ത്യയിൽ ഏറ്റവും കൂടുതലാളുകളുടെ പ്രിയ ബിയർ ആയി 'ഹൈനകൻ'

Published : Apr 25, 2026, 01:50 PM IST
Beer

Synopsis

ആഗോള ബിയർ ഭീമനായ ഹൈനകന് 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ഇന്ത്യയിൽ മികച്ച വരുമാന വളർച്ച. പ്രീമിയം ബിയറുകളുടെ, പ്രത്യേകിച്ച് കിംഗ്ഫിഷർ അൾട്രായുടെ, വിൽപ്പനയിലുണ്ടായ കുതിപ്പാണ് ഈ മുന്നേറ്റത്തിന് കാരണം. ആഗോളതലത്തിൽ വെല്ലുവിളികൾ നേരിടുന്നുണ്ടെങ്കിലും, ഇന്ത്യൻ വിപണിയിൽ കമ്പനി ശക്തമായ വളർച്ച രേഖപ്പെടുത്തി.

ആഗോള ബിയര്‍ വിപണിയിലെ വമ്പന്മാരായ ഹൈനകന് ഇന്ത്യയില്‍ മികച്ച മുന്നേറ്റം. 2026 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ ഇന്ത്യയിലെ വരുമാനത്തില്‍ വര്‍ധന രേഖപ്പെടുത്തി. പ്രീമിയം വിഭാഗത്തിലുള്ള ബിയറുകളുടെ വില്‍പനയിലുണ്ടായ കുതിപ്പാണ് ഇന്ത്യയില്‍ കമ്പനിക്ക് തുണയായത്. യുണൈറ്റഡ് ബ്രൂവറീസ് ലിമിറ്റഡില്‍ 61.5 ശതമാനത്തിലധികം ഓഹരിയുള്ള ഹൈനകന്, ഇന്ത്യ തങ്ങളുടെ സുസ്ഥിരമായ വിപണിയാണെന്ന് കമ്പനി വ്യക്തമാക്കി. മാര്‍ച്ച് പാദത്തില്‍ ബിയര്‍ വില്‍പനയില്‍ 5 ശതമാനത്തിനടുത്താണ് വളര്‍ച്ച രേഖപ്പെടുത്തിയത്.

കിംഗ്ഫിഷര്‍ അള്‍ട്രായുടെ കുതിപ്പ്

ഇന്ത്യയിലെ പ്രീമിയം ബിയര്‍ വിപണിയില്‍ 15 ശതമാനത്തോളം വളര്‍ച്ചയുണ്ടായി. ഈ വിഭാഗത്തില്‍ 'കിംഗ്ഫിഷര്‍ അള്‍ട്രാ' ആണ് വിപണി നയിക്കുന്നത്. പ്രീമിയം ബിയറുകള്‍ക്ക് പുറമെ സാധാരണ ബിയര്‍ വിപണിയിലും സ്വാധീനം ഉറപ്പിക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. ഇതിന്റെ ഭാഗമായി കയ്പ്പ് കുറഞ്ഞ 'കിംഗ്ഫിഷര്‍ സ്മൂത്ത്' എന്ന പുതിയ ബിയറും കമ്പനി വിപണിയിലിറക്കിയിരുന്നു.

ആഗോളതലത്തില്‍ വെല്ലുവിളികള്‍

ഇന്ത്യയില്‍ നേട്ടമുണ്ടാക്കിയെങ്കിലും ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന ഇന്ധന- ഊര്‍ജ്ജ വിലയും പണപ്പെരുപ്പവും കമ്പനി നേരിടുന്ന പ്രധാന വെല്ലുവിളികളാണ്. ഭൗമരാഷ്ട്രീയ സാഹചര്യങ്ങള്‍ വിപണിയെ ബാധിച്ചേക്കാമെന്ന് വിരമിക്കുന്ന സി.ഇ.ഒ ഡോള്‍ഫ് വാന്‍ ഡെന്‍ ബ്രിങ്ക് പറഞ്ഞു. വിദേശ നാണയ വിനിമയ നിരക്കിലെ മാറ്റങ്ങള്‍, പ്രത്യേകിച്ച് ഇന്ത്യന്‍ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവ് കമ്പനിയുടെ മൊത്തം വരുമാനത്തെ ബാധിച്ചിട്ടുണ്ട്.

പ്രതീക്ഷ കൈവിടാതെ കമ്പനി

ആഗോളതലത്തില്‍ ആദ്യ പാദത്തില്‍ 6.7 ബില്യണ്‍ യൂറോയാണ് ഹൈനകന്റെ വരുമാനം. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2.8 ശതമാനം കൂടുതലാണ്. സാമ്പത്തിക പ്രതിസന്ധികള്‍ക്കിടയിലും ഈ വര്‍ഷം 2 മുതല്‍ 6 ശതമാനം വരെ പ്രവര്‍ത്തന ലാഭം കമ്പനി പ്രതീക്ഷിക്കുന്നുണ്ട്. നിലവില്‍ കിംഗ്ഫിഷര്‍, ഹൈനകന്‍ എന്നിവയ്ക്ക് പുറമെ കല്യാണി ബ്ലാക്ക് ലേബല്‍, ബുള്ളറ്റ്, മഹാരാജ പ്രീമിയം, താജ്മഹല്‍, അമസ്റ്റല്‍, സോള്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളാണ് യുണൈറ്റഡ് ബ്രൂവറീസ് ഇന്ത്യയില്‍ വില്‍ക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

10 വർഷത്തിനിടയിലെ ഏറ്റവും മികച്ച ത്രൈമാസ വളർച്ച രേഖപ്പെടുത്തി നെസ്‌ലെ ഇന്ത്യ
ആദ്യ ശ്രമത്തിൽ തന്നെ ആഗോള പുരസ്കാരം, മലയാളിയുടെ നാടൻ വാറ്റ് ഒറ്റക്കൊമ്പന് ബ്രിട്ടനിൽ വൻനേട്ടം, 3 ഫ്ലേവറിനും അംഗീകാരം