Latest Videos

ഇസാഫിന് 110 ശതമാനം അറ്റാദായ വർധന; ഐപിഒ കൊവിഡ് സാഹചര്യം വിലയിരുത്തിയ ശേഷം തീരുമാനിക്കും

By Web TeamFirst Published May 30, 2020, 10:14 PM IST
Highlights

വിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും ബാങ്ക് കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഈ മികച്ച ഫലം വ്യക്തമാക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പ്രതികരിച്ചു. 

കൊച്ചി: മാര്‍ച്ച് 31ന് അവസാനിച്ച 2019 -20 സാമ്പത്തിക വര്‍ഷം ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് അറ്റാദായത്തില്‍ വന്‍ വര്‍ധന. മുന്‍ വര്‍ഷം 90.29 കോടി രൂപയായിരുന്ന അറ്റാദായം 110 ശതമാനം വര്‍ധിച്ച് 190.39 കോടി രൂപയിലെത്തി. വിപണിയില്‍ മാന്ദ്യമുണ്ടെങ്കിലും ബാങ്ക് കരുത്തുറ്റ പ്രകടനം കാഴ്ചവെച്ചുവെന്നാണ് ഈ മികച്ച ഫലം വ്യക്തമാക്കുന്നതെന്ന് മാനേജിങ് ഡയറക്ടറും സിഇഒയുമായ കെ പോള്‍ തോമസ് പ്രതികരിച്ചു. "ബിസിനസിലെ വളര്‍ച്ച ആസ്തി ഗുണമേന്മയെ ബാധിച്ചിട്ടില്ല. ദരിദ്രരും പാര്‍ശ്വവല്‍കൃതരുമായ ജനവിഭാഗത്തെ ശാക്തീകരിക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു കൊണ്ടു തന്നെ എല്ലാവര്‍ക്കും സംതൃപ്ത ബാങ്കിങ് സേവനം നല്‍കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നുവെന്നും ഈ ഫലം ചൂണ്ടിക്കാട്ടുന്നു," അദ്ദേഹം പറഞ്ഞു.

സാമ്പത്തിക വര്‍ഷം ബിസിനസ് 49.05 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി 13,846 കോടി രൂപയിലെത്തി. നിക്ഷേപങ്ങള്‍ 62.81 ശതമാനം വര്‍ധിച്ച് 7,028 കോടി രൂപയായി. വായ്പകള്‍ (കൈകാര്യം ചെയ്യുന്ന ആസ്തി) 37.11 ശതമാനം വര്‍ധിച്ച് 6,818 കോടി രൂപയിലുമെത്തി.

മൊത്ത നിഷ്‌ക്രിയ ആസ്തി 1.61 ശതമാനത്തില്‍ നിന്നും 1.53 ശതമാനമായും അറ്റ നിഷ്‌ക്രിയ ആസ്തി 0.77  ശതമാനത്തില്‍ നിന്നും 0.64 ശതമാനമായും കുറയ്ക്കാനും ബാങ്കിനു കഴിഞ്ഞു. കിട്ടാക്കടം കുറയ്ക്കുന്നതിനുള്ള നീക്കിയിരുപ്പ് അനുപാതം മുന്‍ വര്‍ഷത്തെ 78.45 ശതമാനത്തില്‍ നിന്നും 79.93 ശതമാനമായി വര്‍ധിച്ചിട്ടുണ്ട്. ബാങ്കിന്റെ മൂലധന പര്യാപ്തതാ അനുപാതം 24.03 ശതമാനമെന്ന മികച്ച നിരക്കിലാണ്.

കോവിഡ്19 മഹാമാരി കാരണം വിപണിയിലുണ്ടായ പ്രതികൂല സാഹചര്യം വിലയിരുത്തിയ ശേഷം അനുയോജ്യമായ സമയത്ത് ഐപിഒ സംബന്ധിച്ച തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്ന് ബാങ്ക് മേധാവി പോള്‍ തോമസ് അറിയിച്ചു. നിലവില്‍ ഇന്ത്യയിലുടനീളം 17 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണ പ്രദേശത്തും ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് സാന്നിധ്യമുണ്ട്. 

click me!