
ഓൺലൈൻ ഷോപ്പിംഗ് നടത്തുന്ന ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ഇനി വിനോദവും സൗജന്യം. പ്രതിമാസം നിശ്ചിത തുകയ്ക്ക് ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കൾക്ക് നെറ്റ്ഫ്ലിക്സിന്റെ (Netflix) മൊബൈൽ പ്ലാൻ പൂർണമായും സൗജന്യമായി ലഭിക്കും. ഇന്ന് (ഓഗസ്റ്റ് 1) മുതലാണ് ഇത് നിലവിൽ വരിക. പുതിയ സഹകരണത്തിന് ഫ്ലിപ്കാർട്ടും നെറ്റ്ഫ്ലിക്സും തുടക്കമിട്ടതോടെയാണ് ഓൺലൈൻ ഷോപ്പിംഗ് പ്രിയർക്ക് സന്തോഷ വാർത്തയെത്തിയത്. ഇന്ന് മുതൽ യോഗ്യരായ പ്ലസ് അംഗങ്ങൾക്ക് പ്രതിമാസം 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ സബ്സ്ക്രിപ്ഷൻ അധിക തുകയൊന്നും നൽകാതെ തന്നെ ആക്റ്റിവേറ്റ് ചെയ്യാം.
ഈ ആനുകൂല്യം ലഭിക്കുന്നതിനായി ഫ്ലിപ്കാർട്ട് പ്ലസ് അംഗങ്ങൾ താഴെ പറയുന്ന നിബന്ധനകൾ പാലിക്കേണ്ടതുണ്ട്. ഒരു കലണ്ടർ മാസത്തിനുള്ളിൽ കുറഞ്ഞത് 4 ഓർഡറുകൾ പൂർത്തിയാക്കിയിരിക്കണം. ഓരോ ഓർഡറിനും കുറഞ്ഞത് 299 രൂപയുടെ മൂല്യം ഉണ്ടായിരിക്കണം. ഫ്ലിപ്കാർട്ട്, ഫ്ലിപ്കാർട്ട് ഗ്രോസറി (Grocery), ഫ്ലിപ്കാർട്ട് മിനിറ്റ്സ് (Minutes - Quick Commerce) എന്നിവയിലെല്ലാം നടത്തുന്ന ഷോപ്പിംഗ് ഇതിലേക്ക് കണക്കാക്കും. നാലാമത്തെ ഓർഡർ വിജയകരമായി പൂർത്തിയാകുന്നതോടെ ഉപഭോക്താക്കൾക്ക് ഫ്ലിപ്കാർട്ട് ആപ്പിലൂടെ നേരിട്ട് 30 ദിവസത്തെ നെറ്റ്ഫ്ലിക്സ് മൊബൈൽ പ്ലാൻ ക്ലെയിം ചെയ്യാം. അടുത്ത മാസവും സൗകര്യം ലഭിക്കാൻ ഈ നിബന്ധനങ്ങൾ പാലിക്കണം.
നിലവിൽ ഫ്ലിപ്കാർട്ട് പ്ലസ് അംഗമല്ലാത്തവർക്കും എളുപ്പത്തിൽ ഇതിന്റെ ഭാഗമാകാം. 12 മാസത്തിനിടെ 15 ഓർഡറുകൾ പൂർത്തിയാക്കുന്ന ഏതൊരു ഉപഭോക്താവിനും സൗജന്യമായി ഫ്ലിപ്കാർട്ട് പ്ലസ് അംഗത്വം ലഭിക്കും. ഇതിനായി പ്രത്യേക മെമ്പർഷിപ്പ് ഫീസുകളൊന്നും നൽകേണ്ടതില്ല.
നെറ്റ്ഫ്ലിക്സിന്റെ മൊബൈൽ പ്ലാൻ വഴി ഉപഭോക്താക്കൾക്ക് എല്ലാ ഇന്ത്യൻ, അന്തർദേശീയ സിനിമകളും വെബ് സീരീസുകളും മറ്റ് വിനോദ പരിപാടികളും സ്മാർട്ട്ഫോണുകളിലോ ടാബ്ലെറ്റുകളിലോ കാണാൻ സാധിക്കും.