ഫ്ലിപ്കാർട്ട് ജീവനക്കാർ 150 കോടി രൂപയിലധികം കോഴ വാങ്ങിയെന്ന പരാതിയിൽ മാതൃകമ്പനിയായ വാൾമാർട്ട് അന്വേഷണം ആരംഭിച്ചു. സ്മാർട്ട്ഫോൺ, യാത്രാ ബാഗുകൾ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിസിബിലിറ്റി നൽകാൻ പണം കൈപ്പറ്റി എന്നാണ് കണ്ടെത്തൽ. ഐപിഒ വൈകുന്നതുൾപ്പെടെയുള്ള പ്രതിസന്ധികൾക്കിടെയാണ് ഫ്ലിപ്കാർട്ടിന് തിരിച്ചടിയായി പുതിയ അന്വേഷണം.

ഫ്ളിപ്കാർട്ട് ജീവനക്കാർ 150 കോടി രൂപയിലധികം കോഴ വാങ്ങിയെന്ന പരാതിയിന്മേൽ അന്വേഷണം ആരംഭിച്ച് മാതൃകമ്പനിയായ വാൾമാർട്ട്. സ്മാർട്ട്ഫോൺ, യാത്രാ ബാഗുകൾ എന്നീ വിഭാഗങ്ങളിലെ ജീവനക്കാർക്ക് എതിരെയൊണ് ആരോപണം ഉയർന്നിരിക്കുന്നത്. ചില മൊബൈൽ ബ്രാൻഡ് വെണ്ടർമാരിൽ നിന്നും ജീവനക്കാർ അനധികൃതമായി പണം കൈപ്പറ്റുകയും, പകരം ഫ്ലിപ്കാർട്ട് പ്ലാറ്റ്‌ഫോമിൽ ഈ ഉൽപ്പന്നങ്ങൾക്ക് ഉയർന്ന വിസിബിലിറ്റിയും കൂടുതൽ വിൽപ്പനയ്ക്കുള്ള സൗകര്യങ്ങളും നൽകുന്നു എന്നുമാണ് പ്രാഥമികമായ കണ്ടെത്തൽ. മണികൺട്രോളാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്.

പ്രധാനമായും ഫ്ലിപ്കാർട്ടിന്റെ ബിസിനസ് ടു ബിസിനസ് (B2B) വിഭാഗത്തിലാണ് ഈ ക്രമക്കേട് നടന്നിട്ടുള്ളത്. വിഷയത്തിൽ വാൾമാർട്ട് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ലെങ്കിലും, തങ്ങൾക്ക് കർശനമായ ഭരണനിർവഹണ സംവിധാനങ്ങളുണ്ടെന്നും ഏത് പരാതിയും ഗൗരവമായി പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചു.

കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഫ്ലിപ്കാർട്ടിലെ സാമ്പത്തിക ക്രമക്കേടുകളുമായി ബന്ധപ്പെട്ട് വാൾമാർട്ട് നടത്തുന്ന മൂന്നാമത്തെ അന്വേഷണമാണിത്. മുമ്പ് നടത്തിയ അന്വേഷണങ്ങളിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ചില ജീവനക്കാരെ പുറത്താക്കുകയും ചിലർ രാജിവയ്ക്കുകയും ചെയ്തിരുന്നു. നിലവിൽ ഐപിഒ (IPO) വൈകുന്നതിലെ ആശങ്കകൾ, മുതിർന്ന ഉദ്യോഗസ്ഥരുടെ രാജി, ജീവനക്കാരുടെ ഇഎസ്ഒപി (ESOP) തർക്കങ്ങൾ എന്നിവ നേരിടുന്ന ഫ്ലിപ്കാർട്ടിന് പുതിയ അന്വേഷണം വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയിരിക്കുന്നത്.