
ഇന്ത്യയുടെ ഉപഭോക്തൃ വിപണിയിലേക്ക് വീണ്ടും വന്‍കിട വിദേശ നിക്ഷേപങ്ങള്‍ ഒഴുകുന്നു. ആഗോളതലത്തില്‍ പല രാജ്യങ്ങളിലും പ്രതിസന്ധി തുടരുമ്പോഴും, ഇന്ത്യയെ മികച്ച നിക്ഷേപ കേന്ദ്രമായാണ് വന്‍കിട കമ്പനികള്‍ കാണുന്നത്. ഇതിന്റെ ഭാഗമായി തങ്ങളുടെ നിര്‍മ്മാണ പ്ലാന്റുകളും മറ്റും ഇന്ത്യയില്‍ വിപുലീകരിക്കാനൊരുങ്ങുകയാണ് പല ബഹുരാഷ്ട്ര കമ്പനികളും. വരും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ അയ്യായിരത്തോളം പുതിയ തൊഴിലവസരങ്ങളാണ് ഇതിലൂടെ സൃഷ്ടിക്കപ്പെടുക.
ഭക്ഷണം, പാനീയങ്ങള്‍, ആരോഗ്യമേഖല, ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകളിലെ വമ്പന്മാരെല്ലാം ഇന്ത്യയില്‍ എഞ്ചിനീയറിംഗ്, മാനുഫാക്ചറിംഗ്, ഡിജിറ്റല്‍, കോര്‍പ്പറേറ്റ് തസ്തികകളിലേക്ക് നിയമനം വര്‍ദ്ധിപ്പിക്കുകയാണ്.
പെപ്സികോ
മധ്യപ്രദേശിലെ ഉജ്ജയിനില്‍ പാനീയങ്ങളുടെ ഫ്‌ലേവര്‍ നിര്‍മ്മിക്കുന്നതിനായി 1,266 കോടി രൂപയുടെ പുതിയ പ്ലാന്റാണ് പെപ്‌സികോ ഒരുക്കുന്നത്. ഇന്ത്യയിലെ കമ്പനിയുടെ രണ്ടാമത്തെയും ലോകത്തെ ഒമ്പതാമത്തെയും ഫ്‌ലേവര്‍ നിര്‍മ്മാണ കേന്ദ്രമാണിത്. ഇതുവഴി 500 പേര്‍ക്ക് നേരിട്ട് തൊഴില്‍ ലഭിക്കും. ആഗോളതലത്തില്‍ തങ്ങള്‍ക്ക് ഏറ്റവും തന്ത്രപ്രധാനമായ വിപണിയാണ് ഇന്ത്യയെന്ന് പെപ്‌സികോ ഇന്റര്‍നാഷണല്‍ ബിവറേജസ് സിഇഒ യൂജിന്‍ വില്ലെംസെന്‍ വ്യക്തമാക്കി.
ഹാലിയോണ്‍
സെന്‍സൊഡൈന്‍ ടൂത്ത് പേസ്റ്റ്, സെന്‍ട്രം സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാതാക്കളായ ഹാലിയോണ്‍ (നേരത്തെ ജിഎസ്‌കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത്കെയര്‍) മധ്യപ്രദേശില്‍ 2,000 കോടി രൂപയുടെ പുതിയ ഉത്പാദന യൂണിറ്റ് തുടങ്ങുന്നു. 500 നേരിട്ടുള്ള തൊഴിലവസരങ്ങള്‍ക്കും പുറമെ പരോക്ഷമായ നിരവധി തൊഴിലവസരങ്ങളും ഇതുവഴി ഉണ്ടാകും. പ്രാദേശിക പ്രതിഭകളെയും നൈപുണ്യ വികസനത്തെയും ലക്ഷ്യമിട്ടാണ് ഈ പ്ലാന്റ് ഒരുക്കുന്നതെന്ന് കമ്പനിയുടെ ഇന്ത്യ സിഇഒ കേദാര്‍ ലേലെ പറഞ്ഞു.
കാരിയര്‍ ഗ്ലോബല്‍
ആന്ധ്രാപ്രദേശിലെ ശ്രീ സിറ്റിയില്‍ 100 ദശലക്ഷം ഡോളര്‍ (ഏകദേശം 830 കോടി രൂപ) മുതല്‍ മുടക്കില്‍ പുതിയ നിര്‍മ്മാണ പ്ലാന്റ് ഒരുക്കുകയാണ് കാരിയര്‍ ഗ്ലോബല്‍. ഇവിടെ 1,500 ജീവനക്കാരെയാണ് കമ്പനി പുതുതായി എടുക്കുന്നത്. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ എണ്ണം 5,000-ല്‍ നിന്ന് 6,500 ആയി ഉയര്‍ത്തുമെന്ന് സിഇഒ ഡേവിഡ് ഗിറ്റ്ലിന്‍ അറിയിച്ചു.
ഡാബര്‍
തമിഴ്നാട്ടില്‍ 400 കോടി രൂപയുടെ പുതിയ പ്ലാന്റ് ഡാബര്‍ ആരംഭിക്കുന്നു. ഇതില്‍ 250 പേര്‍ക്ക് നേരിട്ട് ജോലി ലഭിക്കും. ഇതിനായുള്ള മൂന്നിലൊന്ന് നിക്ഷേപവും ഇതിനകം നടത്തിക്കഴിഞ്ഞതായി ഡാബര്‍ സിഇഒ മോഹിത് മല്‍ഹോത്ര വ്യക്തമാക്കി.
നിര്‍മ്മാണ പ്ലാന്റുകള്‍ക്ക് പുറമെ, ആഗോള കമ്പനികളുടെ സാങ്കേതിക കേന്ദ്രങ്ങളായ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകളിലേക്കും ഇന്ത്യയില്‍ വലിയ നിക്ഷേപമെത്തുന്നുണ്ട്. മക്‌ഡൊണാള്‍ഡ്‌സ്, ലോറിയല്‍ തുടങ്ങിയ കമ്പനികള്‍ തങ്ങളുടെ പുതിയ ജിസിസികളിലേക്ക് നിയമനം ആരംഭിച്ചു കഴിഞ്ഞു. കാള്‍സ്ബര്‍ഗ്, ഡാബര്‍ തുടങ്ങിയവരും തങ്ങളുടെ ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയാണ്.
ലോറിയല്‍
ഹൈദരാബാദില്‍ കമ്പനിയുടെ ആദ്യത്തെ ഗ്ലോബല്‍ ടെക്‌നോളജി ഹബ് ഒരുങ്ങുകയാണ്. 3,500 കോടി രൂപയുടെ വന്‍ നിക്ഷേപമാണ് ഇതിനായി നടത്തുന്നത്. 2030-ഓടെ 2,000 പേര്‍ക്ക് ഇവിടെ തൊഴില്‍ ലഭിക്കും.
കാള്‍സ്ബര്‍ഗ്
ഹരിയാനയിലെ ഗുരുഗ്രാമില്‍ ആരംഭിക്കുന്ന പുതിയ ഐടി ജിസിസിയിലേക്ക് ആദ്യഘട്ടത്തില്‍ 300 ഐടി പ്രൊഫഷണലുകളെയാണ് കാള്‍സ്ബര്‍ഗ് ഗ്രൂപ്പ് നിയമിക്കുന്നത്. തങ്ങളുടെ ഡിജിറ്റല്‍ മാറ്റങ്ങള്‍ക്ക് ഈ കേന്ദ്രം കരുത്തേകുമെന്ന് സിഐഒ എസ്തര്‍ വു പറഞ്ഞു.
ആഗോള സാമ്പത്തിക രംഗത്ത് അനിശ്ചിതത്വങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ശക്തമായ ആഭ്യന്തര വിപണിയാണ് വന്‍കിട കമ്പനികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്. ഇന്ത്യയില്‍ ആരംഭിക്കുന്ന പല പ്ലാന്റുകളും ഇന്ത്യക്കാര്‍ക്ക് മാത്രമല്ല, വിദേശ വിപണികളിലേക്കുള്ള കയറ്റുമതി കൂടി ലക്ഷ്യമിട്ടുള്ളതാണ്.