ഉപ്പ് മുതൽ എയർ ഇന്ത്യയും സുഡിയോയും വരെ; 158 വർഷത്തെ പാരമ്പര്യം! സാധാരണക്കാരുടെ സ്വന്തം ‘ടാറ്റ സാമ്രാജ്യം’

Published : Jun 29, 2026, 01:19 PM IST
Tata Company

Synopsis

ഇന്ത്യക്കാരുടെ നിത്യജീവിതത്തിൽ ടാറ്റ ഗ്രൂപ്പിനുള്ള സ്വാധീനം വളരെ വലുതാണ്. ഉപ്പ്, ചായ പോലുള്ള അടുക്കള ഉൽപ്പന്നങ്ങൾ മുതൽ ഫാഷൻ, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈൽ, വ്യോമയാനം വരെ നീളുന്ന ടാറ്റയുടെ പ്രധാന ബ്രാൻഡുകളാണ് ടാറ്റക്കുള്ളത്. രാജ്യത്തിന്റെ വിശ്വസ്ത ബ്രാൻഡായി ടാറ്റയുടെ വിശേഷങ്ങളറിയാം. 

ഇന്ത്യയിൽ ജീവിക്കുന്ന ഒരാളെ സംബന്ധിച്ച് ടാറ്റയുടെ ഏതെങ്കിലും ഒരു ഉൽപ്പന്നമോ ഒരു സേവനമോ ഉപയോഗിക്കപ്പെടുത്താതെ ഒരു ദിവസം കടന്നു പോകുക പ്രയാസമാണ്. അതുകൊണ്ടാണ് 158 ലധികം വർഷത്തെ പാരമ്പര്യമുള്ള ടാറ്റ ഗ്രൂപ്പിനെ നമ്മുടെ വിശ്വസ്ത ബ്രാൻഡായി രാജ്യം നെഞ്ചിലേറ്റുന്നത്. 1868 ൽ ആണ് കമ്പനി ആരംഭിച്ചത്. വെറുമൊരു ബിസിനസ് സ്ഥാപനം എന്നതിലുപരി, ഇന്ത്യയുടെ വളർച്ചയ്ക്കൊപ്പം സഞ്ചരിച്ച ചരിത്രമാണ് ടാറ്റക്കുള്ളത്. സാധാരണക്കാരുടെ ബ്രാന്റെന്ന് ഇപ്പോഴും ആളുകൾ വിശേഷിപ്പിക്കുന്നത് ടാറ്റയെ തന്നെയാണ്.

ടാറ്റയുടെ വമ്പൻ സാമ്രാജ്യത്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് വിഭാഗങ്ങളാണ് ടാറ്റ ഗ്രൂപ്പും (Tata Group), എഫ്എംസിജി (FMCG) ഉൽപ്പന്നങ്ങൾ കൈകാര്യം ചെയ്യുന്ന ടാറ്റ കൺസ്യൂമർ പ്രൊഡക്റ്റ്സും (Tata Consumer Products). രാജ്യത്തെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ നിത്യജീവിതത്തിന്റെ ഭാഗമായി മാറിയ ടാറ്റയുടെ പ്രധാന ബ്രാൻഡുകൾ ഏതൊക്കെയാണെന്ന് നോക്കാം.

അടുക്കളയിലെ രാജാവ്

സാധാരണക്കാരുടെ വീടുകളിലെ അടുക്കളകളിൽ വളരെ സാധാരണയായി കാണപ്പെടുന്ന ചില സാധനങ്ങൾ നോക്കാം.

ടാറ്റ സാൾട്ട് (Tata Salt): 'ദേശത്തിന്റെ ഉപ്പ്' (Desh Ka Namak) എന്ന പരസ്യവാചകത്തിലൂടെ ഇന്ത്യൻ അടുക്കളകളിൽ വിപ്ലവം സൃഷ്ടിച്ച ബ്രാൻഡ്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന പാക്കറ്റ് ഉപ്പാണിത്.

ചായ : ലോകത്തിലെ തന്നെ ഏറ്റവും വലിയ രണ്ടാമത്തെ ചായ നിർമ്മാതാക്കളാണ് ടാറ്റ. ടാറ്റ ടീ (Tata Tea), മലയാളികളുടെ സ്വന്തം കണ്ണൻ ദേവൻ (Kannan Devan), ചക്ര ഗോൾഡ് എന്നിവ ഈ വിഭാഗത്തിലെ പ്രമുഖരാണ്. കൂടാതെ ടാറ്റ കോഫി (Tata Coffee) വഴി കാപ്പി വിപണിയിലും ഇവർ ശക്തമാണ്.

ടാറ്റ സമ്പന്ന (Tata Sampann): പരിപ്പുവർഗ്ഗങ്ങൾ, മസാലകൾ, മറ്റ് ഭക്ഷ്യധാന്യങ്ങൾ എന്നിവ ഈ ബ്രാൻഡിന് കീഴിലാണ് വരുന്നത്.

സ്റ്റാർബക്സ് ഇന്ത്യ (Starbucks India): ആഗോള കോഫി ഭീമനായ സ്റ്റാർബക്സിനെ ടാറ്റയാണ് 50:50 ജോയിന്റ് വെഞ്ച്വർ വഴി ഇന്ത്യയിലെത്തിച്ചത്. ഇന്ന് യുവാക്കളുടെ പ്രിയപ്പെട്ട ഹബ്ബായി ഇത് മാറിക്കഴിഞ്ഞു.

ഫാഷൻ

തനിഷ്ക് (Tanishq): ഇന്ത്യയിലെ ഏറ്റവും വലിയ വിശ്വസ്ത ആഭരണ ബ്രാൻഡ്. ഇതിനൊപ്പം സാധാരണക്കാർക്കായി 'മിയ' (Mia), ഓൺലൈൻ ജ്വല്ലറി ബ്രാൻഡായ 'കാരറ്റ്‌ലെയ്ൻ' (CaratLane) എന്നിവയും ടാറ്റയുടേതാണ്.

സുഡിയോ (Zudio) & വെസ്റ്റ് സൈഡ് (Westside): ഫാഷൻ ലോകത്ത് വലിയ തരംഗമാണ് ടാറ്റയുടെ ട്രെന്റ്സ് ഗ്രൂപ്പുകൾ സൃഷ്ടിക്കുന്നത്. പ്രത്യേകിച്ച് 'സൂഡിയോ' കുറഞ്ഞ വിലയിൽ മികച്ച വസ്ത്രങ്ങൾ നൽകി യുവാക്കളെയടക്കം ആകർഷിക്കുന്നു.

ഇലക്ട്രോണിക്സും ഗൃഹോപകരണങ്ങളും

വോൾട്ടാസ് (Voltas): എയർ കണ്ടീഷണർ (AC) വിപണിയിൽ ഇന്ത്യയിലെ ഒന്നാം സ്ഥാനക്കാരാണ് വോൾട്ടാസ്. വോൾട്ടാസ് ബെക്കോ (Voltas Beko) വഴി ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ എന്നിവയും നമ്മുടെ വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കുമെത്തുന്നു.

ക്രോമ (Croma): ഇലക്ട്രോണിക്സ് ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ അണിനിരത്തുന്ന വമ്പൻ റീട്ടെയിൽ ശൃംഖല.

എയർ ഇന്ത്യ & താജ്

എയർ ഇന്ത്യ (Air India): ടാറ്റ ഗ്രൂപ്പ് തുടങ്ങി വെക്കുകയും പിന്നീട് സർക്കാർ ഏറ്റെടുക്കുകയും ചെയ്ത എയർ ഇന്ത്യയെ അടുത്തിടെ ടാറ്റ തിരികെ സ്വന്തമാക്കിയിരുന്നു. വിസ്താര, എയർ ഇന്ത്യ എക്സ്പ്രസ് എന്നിവയെ ലയിപ്പിച്ചുകൊണ്ട് ആകാശ വിപണിയിൽ വലിയ മാറ്റങ്ങളാണ് ടാറ്റ വരുത്തുന്നത്.

താജ് ഹോട്ടൽ (Taj Hotels): ഇന്ത്യൻ ഹോസ്പിറ്റാലിറ്റി രംഗത്തിന്റെ ആഗോള മുഖമായ 'താജ്' ഹോട്ടൽ ശൃംഖല ടാറ്റയുടെ അഭിമാന ബ്രാൻഡാണ്.

ഡിജിറ്റൽ യുഗത്തിലെ ടാറ്റ

ബിഗ്ബാസ്ക്കറ്റ് (BigBasket): ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ ഗ്രോസറി ഡെലിവറി പ്ലാറ്റ്‌ഫോം ടാറ്റയുടെ കീഴിലാണ്.

ടാറ്റ ന്യൂ (Tata Neu): ടാറ്റയുടെ എല്ലാ സേവനങ്ങളും ഒരൊറ്റ ആപ്പിൽ ലഭ്യമാക്കുന്ന സൂപ്പർ ആപ്പ്.

ടാറ്റ 1mg: ഓൺലൈൻ മരുന്ന് വിതരണ രംഗത്തെ മുൻനിര ബ്രാൻഡായി മാറാനും ടാറ്റക്ക് കഴിഞ്ഞു.

ഓട്ടോമൊബൈൽ

ഇന്ത്യൻ റോഡുകൾ ഭരിക്കുന്ന ടാറ്റ മോട്ടോഴ്സ് ഇന്ന് ഇലക്ട്രോണിക് വാഹന (EV) വിപണിയിലും ഒന്നാമതാണ്. കൂടാതെ ആഗോള ആഡംബര ബ്രാൻഡുകളായ ജാഗ്വാർ ലാൻഡ് റോവർ (JLR) ടാറ്റയുടെ ഉടമസ്ഥതയിലുള്ളതാണ്.

ബിസിനിൽ ലാഭത്തിനപ്പുറം രാജ്യത്തിന്റെ പുരോഗതിക്കും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും (Tata Trusts വഴി) മുൻഗണന നൽകുന്നതിനാലാണ് ടാറ്റ എന്ന നാലക്ഷരം ഓരോ ഇന്ത്യക്കാരന്റെയും ജീവിതത്തിന്റെ ഭാഗമായി മാറുന്നത്. ഉപ്പ് തൊട്ട് കർപ്പൂരം വരെ എന്ന് പറയുന്നതുപോലെ, ഇന്ന് 'ഉപ്പ് മുതൽ എയർ ഇന്ത്യ വരെ' നീളുന്നതാണ് ഈ ടാറ്റാ സാമ്രാജ്യം.

PREV
Read more Articles on
click me!

Recommended Stories

ചരിത്രത്തിലെ ഏറ്റവും വലിയ അഴിച്ചുപണി! ഒരു ലക്ഷം ജീവനക്കാരെ പിരിച്ചുവിടാൻ ഫോക്‌സ്‌വാഗൺ; 4 വമ്പൻ ഫാക്ടറികൾ പൂട്ടിയേക്കും
പരസ്യമായി മാപ്പ് വരെ പറയേണ്ടി വന്നു, പിന്നീട് നടന്നത് ചരിത്രം! 3 മാസത്തിൽ 3.64 ലക്ഷം കോടി രൂപയുടെ ലാഭം; ലോകത്തെ ഞെട്ടിച്ച സാംസങ്ങിന്റെ തിരിച്ചുവരവ്