ഇന്‍ഡിഗോ വിമാനക്കമ്പനി സിഇഒയുടെ വാക്കുകള്‍ ചര്‍ച്ചയാകുന്നു: 'സുവർണ്ണ കാലമെന്ന്' കമ്പനി മേധാവി

By Web TeamFirst Published Nov 17, 2019, 10:45 PM IST
Highlights

രാജ്യത്തെ വ്യോമയാന രംഗത്ത് മുൻ വർഷത്തെ അപേക്ഷിച്ച് താഴ്ന്ന വളർച്ചാ നിരക്കാണ് ഉണ്ടായത്. വെറും 1.18 ശതമാനം മാത്രമായിരുന്നു വർധന.

ദില്ലി: രാജ്യം സാമ്പത്തിക മാന്ദ്യത്തിലാണെന്ന് വാർത്തകൾ വരുമ്പോൾ ഇന്റിഗോ വിമാനക്കമ്പനിയുടെ സിഇഒയ്ക്ക് പക്ഷെ ഭയമേതുമില്ല. ഇന്ത്യയിലെ വ്യോമയാന രംഗത്ത് ഇപ്പോൾ സുവർണ്ണകാലമാണെന്നാണ് റോണോജോയ് ദത്ത പറയുന്നത്. ആഭ്യന്തര വിമാന സേവന രംഗത്ത് ആരോഗ്യപരമായ മത്സരം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ, രാജ്യത്തെ വ്യോമയാന രംഗത്ത് മുൻ വർഷത്തെ അപേക്ഷിച്ച് താഴ്ന്ന വളർച്ചാ നിരക്കാണ് ഉണ്ടായത്. വെറും 1.18 ശതമാനം മാത്രമായിരുന്നു വർധന. സെപ്തംബറിലെ കണക്കുകൾ പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതൽ വിപണി വിഹിതമുളള വിമാനക്കമ്പനിയാണ് ഇന്റിഗോയുടെ ഉടമസ്ഥരായ ഇന്റർഗ്ലോബ് ഏവിയേഷൻ.

വിമാന ഇന്ധനത്തിന് അധിക നികുതി ഏർപ്പെടുത്തിയതടക്കം വലിയ പ്രതിസന്ധിയാണെന്ന് പറയുമ്പോഴും വലിയ അവസരങ്ങളാണ് കാത്തിരിക്കുന്നതെന്നാണ് ദത്ത പറയുന്നത്. സമ്പദ് വ്യവസ്ഥയിൽ എപ്പോഴും പ്രശ്നങ്ങൾ കാണുമെന്ന് പറഞ്ഞ അദ്ദേഹം ഇന്ത്യയിലെ സാമ്പത്തിക അടിത്തറ ശക്തമാണെന്നും അഭിപ്രായപ്പെട്ടു.

എയർലൈൻ ടർബൈൻ ഫ്യുവൽ എന്നറിയപ്പെടുന്ന വിമാന ഇന്ധനത്തിന്റെ വില മറ്റ് രാഷ്ട്രങ്ങളെ അപേക്ഷിച്ച് ഇന്ത്യയിൽ 30 ശതമാനം അധികമാണെന്നാണ് ദത്ത പറയുന്നത്. ഇതിനെ ജിഎസ്‌ടിയുടെ പരിധിയിൽ കൊണ്ടുവരണം എന്നത് വിമാനക്കമ്പനികളുടെ ദീർഘനാളത്തെ ആവശ്യമാണ്. എന്നാൽ, ഇതിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല.

കഴിഞ്ഞ ഒരു വർഷത്തിനിടെ 11 വിദേശ റൂട്ടിലേക്കാണ് ഇന്റിഗോ പുതിയ സർവ്വീസുകൾ ആരംഭിച്ചത്. ഈയിടെ 300 പുതിയ വിമാനങ്ങൾക്ക് കൂടി എയർബസുമായി കരാർ ഒപ്പിട്ടിട്ടുണ്ട് ഇന്റിഗോ. ആഭ്യന്തര സർവ്വീസിൽ മത്സരം കൂടുതൽ ശക്തമായതിനാലാണ് ഈ തീരുമാനം എന്നാണ് കമ്പനി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ഇക്കഴിഞ്ഞ സെപ്തംബറിൽ 55.59  ലക്ഷം യാത്രക്കാരാണ് ഇന്റിഗോ വിമാനത്തിൽ പറന്നതെന്നാണ് കണക്കുകൾ.

യാത്രക്കാർക്ക് ലോയൽറ്റി പ്രോഗ്രാം ഏർപ്പെടുത്താനുള്ള പദ്ധതിയില്ലെന്ന ദത്ത വിശദീകരിച്ചു. ആ കാര്യം പഠിച്ചതാണെന്നും തങ്ങളുടെ കമ്പനിക്ക് അത് അനുയോജ്യമല്ലെന്നുമാണ് മനസിലായതെന്നും അദ്ദേഹം പറഞ്ഞു.

click me!