
2001-ലെ ഒരു രാത്രി. ആപ്പിളിന്റെ പുതിയൊരു ഉല്‍പ്പന്നത്തിന് വേണ്ടിയുള്ള പണികള്‍ ഒരു ഫാക്ടറിയില്‍ പുരോഗമിക്കുകയാണ്. അന്ന് ആപ്പിളില്‍ ചേര്‍ന്നതേയുള്ളൂ ജോണ്‍ ടെര്‍നസ് എന്ന യുവാവ്. കൈയിലൊരു ലെന്‍സും പിടിച്ച് അയാൾ ഒരു ചെറിയ നട്ടിലേക്ക് കണ്ണുനട്ടിരിക്കുകയാണ്. നട്ടിന്റെ തലയിലെ ചെറിയ വരകള്‍ ഓരോന്നായി എണ്ണുകയാണ് ലക്ഷ്യം. കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ 35 വരകള്‍! പക്ഷേ, ആപ്പിളിന്റെ ഡിസൈന്‍ നിയമപ്രകാരം അതില്‍ കൃത്യം 25 വരകളേ പാടുള്ളൂ. വിതരണക്കാരുമായി അയാൾ തര്‍ക്കിച്ചു, ഒടുവില്‍ ജയിച്ചു. അന്ന് ആരും ശ്രദ്ധിക്കാത്ത ആ ചെറിയ കാര്യത്തില്‍ പിടിവാശി കാണിച്ച ജോണ്‍ ടെര്‍നസ് ഇന്ന് ആപ്പിള്‍ എന്ന ആഗോള ടെക് ഭീമന്റെ സി.ഇ.ഒ കസേരയിലേക്ക് കയറിയിരിക്കുകയാണ്.
ടിം കുക്കിന്റെ പടിയിറക്കത്തിന് ശേഷം ആപ്പിളിനെ നയിക്കുന്നത് ജോണ്‍ ആണ്. കുക്ക് ഇനി എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ സ്ഥാനത്തേക്ക് മാറും. ആപ്പിളില്‍ 25 വര്‍ഷം തികയ്ക്കുന്ന വേളയിലാണ് ടെര്‍നസിനെ തേടി ഈ അവസരമെത്തുന്നത്.
പെന്‍സില്‍വാനിയ സര്‍വകലാശാലയില്‍ നിന്ന് 1997-ല്‍ എന്‍ജിനീയറിങ് ബിരുദം നേടിയ ടെര്‍നസ്, വെര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റുകള്‍ ഉണ്ടാക്കുന്ന ചെറിയൊരു കമ്പനിയിലാണ് കരിയര്‍ തുടങ്ങിയത്. 2001-ല്‍ ആപ്പിളില്‍ എത്തുമ്പോള്‍ ചുറ്റുമുള്ള വമ്പന്മാരെ കണ്ട് പേടിച്ച കാര്യവും, അറിയാത്ത കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കാന്‍ മടിക്കരുത് എന്ന് പഠിച്ചതും 2024-ല്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കവേ ടെര്‍നസ് ഓര്‍ത്തെടുക്കുന്നു. കോളജ് കാലത്ത് ഒരു സി.എന്‍.സി മെഷീന്‍ തകര്‍ത്തതിന് 'ക്രാഷ്'എന്നൊരു വിളിപ്പേരും ഇദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ കഴുത്തിന് താഴോട്ട് തളര്‍ന്നുപോയ രോഗികള്‍ക്ക് സ്വയം ഭക്ഷണം കഴിക്കാന്‍ സഹായിക്കുന്ന ഒരു യന്ത്രക്കൈ കോളജ് പഠനകാലത്ത് ടെര്‍നസും കൂട്ടുകാരും ചേര്‍ന്ന് വികസിപ്പിച്ചെടുത്ത് സ്റ്റാറായതും ഇക്കാലത്ത് തന്നെ....
ഐഫോണ്‍, ഐപാഡ് ,ആപ്പിള്‍ വാച്ച്, മാക് വിഷന്‍ പ്രോ തുടങ്ങിയ ആപ്പിളിന്റെ സൂപ്പര്‍ഹിറ്റ് ഗാഡ്ജറ്റുകള്‍ക്ക് പിന്നിലെല്ലാം ടെര്‍നസിന്റെ ബുദ്ധിയുണ്ടായിരുന്നു. പ്രത്യേകിച്ച് 2020-ല്‍ ഇന്റല്‍ പ്രൊസസറുകള്‍ ഉപേക്ഷിച്ച് ആപ്പിള്‍ സ്വന്തം 'ആപ്പിള്‍ സിലിക്കണ്‍' ചിപ്പുകളിലേക്ക് മാറിയത് ടെര്‍നസിന്റെ നേതൃത്വത്തിലായിരുന്നു. നിശ്ചയിച്ചതിലും നേരത്തെ ആ ദൗത്യം അദ്ദേഹം വിജയിപ്പിച്ചു. 'എന്‍ജിനീയറുടെ ബുദ്ധിയും, കണ്ടുപിടിത്തക്കാരന്റെ ആത്മാവും, സത്യസന്ധതയുള്ള ഹൃദയവുമുള്ള വ്യക്തിയാണ് ജോണ്‍' എന്നാണ് ടിം കുക്ക് ടെര്‍നസിനെ വിശേഷിപ്പിച്ചത്.
ആപ്പിള്‍ മികച്ച ലാഭത്തിൽ നില്‍ക്കുന്ന സമയത്താണ് പുതിയ സി.ഇ.ഒ ചുമതലയേല്‍ക്കുന്നത്. എങ്കിലും ടെര്‍നസിന് കാര്യങ്ങള്‍ എളുപ്പമാകില്ല. ഗൂഗിളും ഓപ്പണ്‍ എ.ഐയും പോലെയുള്ള വമ്പന്മാര്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ മുന്നേറുമ്പോള്‍ ആപ്പിളിനെ അവിടെ മുന്‍നിരയിലെത്തിക്കണമെന്നതാണ് ഇതില്‍ പ്രധാനം. ആഗോള പ്രശ്‌നങ്ങളും നിര്‍മാണച്ചെലവും കാരണം ഐഫോണുകളുടെ വില ഇനിയും കൂടിയേക്കാമെന്നതും വെല്ലുവിളിയാണ്. ഒരു ചെറിയ നട്ടിന്റെ വരകളില്‍ പോലും കൃത്യത തിരഞ്ഞ ആ എന്‍ജിനീയറുടെ കയ്യില്‍ ഇനി ആപ്പിളിന്റെ ഭാവി സുരക്ഷിതമായിരിക്കുമോ? കാത്തിരുന്നു കാണാം!