ഓണ്‍ലൈന്‍ വിനോദ രംഗത്ത് യൂട്യൂബും നെറ്റ്ഫ്‌ലിക്‌സും തമ്മില്‍ കടുത്ത മത്സരം ആരംഭിച്ചിരിക്കുകയാണ്. ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്‍മാരെ സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് ശ്രമിക്കുമ്പോള്‍, ദശലക്ഷക്കണക്കിന് ഡോളർ വാഗ്ദാനം ചെയ്ത് അവരെ നിലനിർത്താൻ യൂട്യൂബ് പ്രതിരോധം തീർക്കുകയാണ്.
ഓണ്‍ലൈന്‍ വിനോദ രംഗത്ത് വമ്പന്‍ പോരിന് തുടക്കമിട്ട് ടെക് ഭീമന്മാരായ യൂട്യൂബും നെറ്റ്ഫ്‌ലിക്‌സും. ഏറ്റവും ജനപ്രിയരായ കണ്ടന്റ് ക്രിയേറ്റര്‍മാരെ സ്വന്തമാക്കാന്‍ നെറ്റ്ഫ്‌ലിക്‌സ് ശ്രമം ഊര്‍ജ്ജിതമാക്കിയതോടെയാണ് പ്രതിരോധവുമായി യൂട്യൂബ് രംഗത്തെത്തിയിരിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകാതിരിക്കാന്‍ ദശലക്ഷക്കണക്കിന് ഡോളറാണ് യൂട്യൂബ് പ്രമുഖ ക്രിയേറ്റര്‍മാര്‍ക്ക് വാഗ്ദാനം ചെയ്യുന്നത്.
ഓഫറുകള്‍ക്കൊപ്പം കടുത്ത മുന്നറിയിപ്പും!
യൂട്യൂബില്‍ മാത്രം വീഡിയോകള്‍ എക്‌സ്‌ക്ലൂസീവായി പോസ്റ്റ് ചെയ്യുന്നവര്‍ക്കാണ് വമ്പന്‍ തുക യൂട്യൂബ് ഓഫര്‍ ചെയ്യുന്നത്. ചില പ്രോഗ്രാമുകള്‍ക്ക് നേരിട്ട് പണം മുടക്കിയും, വന്‍കിട ബ്രാന്‍ഡ് പരസ്യങ്ങളുടെ വിഹിതം നല്‍കിയുമാണ് ഇവരെ നിലനിര്‍ത്താന്‍ യൂട്യൂബ് ശ്രമിക്കുന്നത്. എന്നാല്‍ യൂട്യൂബിന്റെ ഓഫര്‍ നിരസിച്ച് നെറ്റ്ഫ്‌ലിക്‌സുമായി കരാറിലെത്തുന്നവര്‍ക്ക് കൃത്യമായ മുന്നറിയിപ്പും കമ്പനി നല്‍കുന്നുണ്ട്.
നെറ്റ്ഫ്‌ലിക്‌സിലും ഒരേസമയം വീഡിയോ പോസ്റ്റ് ചെയ്താല്‍, യൂട്യൂബിന്റെ ഔദ്യോഗിക പ്രചാരണങ്ങളിലോ പ്രത്യേക പരിപാടികളിലോ അത്തരം ക്രിയേറ്റര്‍മാരെ ഉള്‍പ്പെടുത്തില്ല. വന്‍കിട ബ്രാന്‍ഡ് ക്യാമ്പയിനുകളില്‍ നിന്ന് ലഭിക്കേണ്ട ഭീമമായ വരുമാനവിഹിതം ഇവര്‍ക്ക് നിഷേധിക്കും. ഒരേ വീഡിയോ മറ്റ് പ്ലാറ്റ്ഫോമുകളില്‍ വരുന്നത് യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തെ ബാധിക്കുമെന്നും യൂട്യൂബ് വ്യക്തമാക്കുന്നു.
എന്തുകൊണ്ട് നെറ്റ്ഫ്‌ലിക്‌സ്?
നിലവില്‍ 32.5 കോടിയിലധികം വരിക്കാരുള്ള നെറ്റ്ഫ്‌ലിക്‌സ്, ചെറുപ്പക്കാരായ പ്രേക്ഷകരെ ആകര്‍ഷിക്കാനാണ് യൂട്യൂബ് താരങ്ങളെ ലക്ഷ്യമിടുന്നത്. അലന്‍ ചിക്കിന്‍ ചൗ , നിക്ക് ദി ജിയോവാനി തുടങ്ങിയ പ്രമുഖ യൂട്യൂബര്‍മാര്‍ക്ക് കോടികള്‍ നല്‍കി അവരുടെ വീഡിയോകള്‍ നെറ്റ്ഫ്‌ലിക്‌സിലും ഒരേസമയം സ്ട്രീം ചെയ്യുന്നുണ്ട്. തങ്ങള്‍ നിര്‍മ്മിക്കുന്ന വീഡിയോകള്‍ക്ക് അധികമായി കോടികള്‍ ലഭിക്കുന്നതും പുതിയൊരു പ്രേക്ഷക സമൂഹത്തിലേക്ക് എത്താന്‍ കഴിയുന്നതും ക്രിയേറ്റര്‍മാരെ നെറ്റ്ഫ്‌ലിക്‌സിലേക്ക് ആകര്‍ഷിക്കുന്നു.
നെറ്റ്ഫ്‌ലിക്‌സിന്റെ 'പണികള്‍'!
എങ്കിലും ചില പ്രമുഖ യൂട്യൂബര്‍മാര്‍ നെറ്റ്ഫ്‌ലിക്‌സിന്റെ ഓഫര്‍ വേണ്ടെന്നുവെച്ചിട്ടുണ്ട്. വീഡിയോകള്‍ റിലീസ് ചെയ്യുന്നതിന് ദിവസങ്ങള്‍ക്ക് മുന്‍പേ നെറ്റ്ഫ്‌ലിക്‌സിന് നല്‍കണം എന്നതാണ് ഇതിന്റെ പ്രധാന കാരണം.വീഡിയോകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ചില സ്വകാര്യ ബ്രാന്‍ഡ് സ്‌പോണ്‍സര്‍ഷിപ്പുകള്‍ നീക്കം ചെയ്യാന്‍ നെറ്റ്ഫ്‌ലിക്‌സ് ആവശ്യപ്പെടുന്നതും ക്രിയേറ്റര്‍മാരെ ചൊടിപ്പിച്ചിട്ടുണ്ട്.
മാറുന്ന ഒടിടി യുദ്ധം
ഒരു കാലത്ത് വന്‍കിട സിനിമകള്‍ക്കും വെബ് സീരീസുകള്‍ക്കുമായി നെറ്റ്ഫ്‌ലിക്‌സും, ജനങ്ങളുടെ സ്വന്തം വീഡിയോകള്‍ക്കായി യൂട്യൂബും വെവ്വേറെ സാമ്രാജ്യങ്ങള്‍ ഭരിച്ചിരുന്നെങ്കില്‍ ഇന്ന് ആ അതിര്‍വരമ്പുകള്‍ മാഞ്ഞുപോയിരിക്കുന്നു. സ്മാര്‍ട്ട് ടിവികളിലൂടെ ഏറ്റവുമധികം ആളുകള്‍ കാണുന്ന സ്ട്രീമിങ് സേവനമായി യൂട്യൂബ് മാറിയപ്പോള്‍, നെറ്റ്ഫ്‌ലിക്‌സ് യൂട്യൂബ് താരങ്ങളെ സ്വന്തമാക്കാന്‍ നെട്ടോട്ടമോടുകയാണ്. മുമ്പ് ടിക് ടോക് തരംഗമായപ്പോഴും സമാനമായി യൂട്യൂബ് ഷോര്‍ട്‌സ് അവതരിപ്പിച്ച് കമ്പനി പ്രതിരോധിച്ചിരുന്നു. എന്നാല്‍ ഇത്തവണ നെറ്റ്ഫ്‌ലിക്‌സിന്റെ കടന്നുകയറ്റത്തെ പ്രതിരോധിക്കാന്‍ സിഇഒ നീല്‍ മോഹന്റെ നേതൃത്വത്തില്‍ പണമെറിഞ്ഞുള്ള കളി തന്നെയാണ് യൂട്യൂബ് പുറത്തെടുക്കുന്നത്.


