ശരീരഭാരം കുറയ്ക്കുന്ന മരുന്നുകള്‍ ഉയര്‍ത്തിയ ഭീഷണിയെ ബിസിനസ് അവസരമാക്കി മാറ്റുകയാണ് നെസ്ലേ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ മരുന്നുകള്‍ ഉപയോഗിക്കുന്നവര്‍ക്കായി പേശി നഷ്ടം പോലുള്ള പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കുന്ന പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയാണ് കമ്പനി.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന മരുന്നുകളുടെ വരവോടെ ആളുകളുടെ ഭക്ഷണം കഴിക്കുന്ന ശീലം കുറഞ്ഞത് ഭക്ഷ്യോത്പാദകര്‍ക്ക് വലിയ ആശങ്കയായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാല്‍ ഈ പ്രതിസന്ധിയെ ഒരു മികച്ച ബിസിനസ് അവസരമാക്കി മാറ്റാന്‍ ഒരുങ്ങുകയാണ് പ്രമുഖ ഭക്ഷ്യോത്പന്ന കമ്പനിയായ നെസ്ലെ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ, ഭാരം കുറയ്ക്കാനുള്ള മരുന്നുകള്‍ കഴിക്കുന്ന ദശലക്ഷക്കണക്കിന് ആളുകള്‍ക്കായി പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുകയാണ് കമ്പനി.
ഭീഷണിയെ അവസരമാക്കി മാറ്റുന്നു
നോവോ നോര്‍ഡിസ്‌കിന്റെ 'ഓസെംപിക്', 'വിഗോവി' , എലി ലില്ലിയുടെ 'മൗഞ്ചാരോ', 'സെപ്ബൗണ്ട്'തുടങ്ങിയ വിശപ്പ് കുറയ്ക്കുന്ന മരുന്നുകള്‍ക്ക് വിപണിയില്‍ ആവശ്യക്കാരേറിയതോടെ സ്‌നാക്‌സുകള്‍, പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള പാക്കേജ്ഡ് ഭക്ഷണങ്ങളുടെ ഡിമാന്‍ഡ് കുറയുമെന്ന് നിക്ഷേപകര്‍ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ പെട്ടെന്ന് ഭാരം കുറയുമ്പോഴുണ്ടാകുന്ന പാര്‍ശ്വഫലങ്ങള്‍ പരിഹരിക്കാന്‍ ലക്ഷ്യമിട്ടുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് വലിയൊരു പുതിയ വിപണിയുണ്ടെന്നാണ് നെസ്ലെയുടെ കണ്ടെത്തൽ. പെട്ടെന്ന് ശരീരഭാരം കുറയുമ്പോള്‍ പേശികള്‍ നഷ്ടപ്പെടുന്നതും മുഖത്തെ കൊഴുപ്പ് കുറഞ്ഞ് പ്രായം തോന്നിക്കുന്ന 'ഓസെംപിക് ഫെയ്‌സ്' എന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇതിനെ നേരിടാനുള്ള ഉല്‍പ്പന്നങ്ങള്‍ വിപണിയിലെത്തിക്കാനാണ് കമ്പനിയുടെ ശ്രമം.
സഹായത്തിന് എഐ
ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ വിശകലനം ചെയ്യാനും അനുയോജ്യമായ പോഷകങ്ങളുടെ സംയോജനം കണ്ടെത്താനും നെസ്ലെ എഐ സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. പുതിയ ഉല്‍പ്പന്നങ്ങളുടെ പരീക്ഷണങ്ങള്‍ക്കും ഉപഭോക്താക്കളുടെ പ്രതികരണം മുന്‍കൂട്ടി അറിയാനും എഐയുടെ സഹായം നെസ്ലെ തേടുന്നുണ്ട്. കമ്പനിയുടെ പക്കലുള്ള 1,20,000ത്തോളം റെസിപ്പികളില്‍ നിന്ന് പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കാന്‍ 'ഫുഡ് ജീനി'എന്നൊരു പ്ലാറ്റ്ഫോമും അവര്‍ ഉപയോഗിക്കുന്നു. കൂടാതെ സമൂഹമാധ്യമങ്ങളിലെ വിവരങ്ങള്‍ വിശകലനം ചെയ്ത് ഉപഭോക്താക്കളുടെ പുതിയ താല്‍പര്യങ്ങള്‍ കണ്ടെത്താനും എഐ ഉപയോഗിക്കുന്നുണ്ട്.
ഭാരം കുറയുമ്പോള്‍ നഷ്ടപ്പെടുന്ന പേശികളെ വേഗത്തില്‍ വീണ്ടെടുക്കാന്‍ സഹായിക്കുന്ന പ്രോട്ടീനും മൈക്രോ ന്യൂട്രിയന്റുകളും ചേര്‍ന്നുള്ള ഒരു ഫോര്‍മുല കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഇത്തരം മരുന്നുകളുടെ ഉപയോഗം നിര്‍ത്തുമ്പോള്‍ അനുഭവപ്പെടുന്ന കടുത്ത വിശപ്പ് കുറയ്ക്കാനായി പ്രത്യേക ചേരുവകള്‍ക്കും നെസ്ലെ പേറ്റന്റ് നേടിയിട്ടുണ്ട്.
പുതിയ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
ബോസ്റ്റണ്‍ കണ്‍സള്‍ട്ടിംഗ് ഗ്രൂപ്പിന്റെ കണക്കനുസരിച്ച് അമേരിക്കയില്‍ മാത്രം ഏകദേശം 1.6 കോടി ആളുകളാണ് ഭാരം കുറയാനുള്ള മരുന്നുകള്‍ ഉപയോഗിക്കുന്നത്. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ ഇത് കുത്തനെ ഉയരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുകണ്ട് നെസ്ലെ ഇതിനോടകം തന്നെ ചില ഉല്‍പ്പന്നങ്ങള്‍ വിപണിയിലിറക്കിയിട്ടുണ്ട്.


