60 വർഷത്തെ പാരമ്പര്യം! എല്‍ജി ടിവി നിര്‍മ്മാണം നിര്‍ത്തുന്നു? വിശദീകരണവുമായി കമ്പനി രംഗത്ത്

Published : May 29, 2026, 04:31 PM IST
LG TV

Synopsis

തങ്ങളുടെ ടിവി നിർമ്മാണ ബിസിനസ് വിൽക്കാൻ ഒരുങ്ങുന്നുവെന്ന വാർത്തകൾ നിഷേധിച്ച് ദക്ഷിണ കൊറിയൻ ടെക് ഭീമനായ എൽജി. ചൈനീസ് കമ്പനിയായ ഹൈസെൻസുമായി ചർച്ചകൾ നടത്തിയെന്ന റിപ്പോർട്ടുകൾ അടിസ്ഥാനരഹിതമാണെന്ന് കമ്പനി വ്യക്തമാക്കി. ടിവി വിപണിയിലെ കടുത്ത മത്സരവും, മുൻപ് സ്മാർട്ട്ഫോൺ ബിസിനസ് അവസാനിപ്പിച്ചതുമാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കാരണമായത്.

ദക്ഷിണ കൊറിയന്‍ ടെക് ഭീമനായ എല്‍ജി ഇലക്ട്രോണിക്സ്തങ്ങളുടെ ടിവി നിര്‍മ്മാണ ബിസിനസ് വില്‍ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കമ്പനി രംഗത്ത്. ഇത്തരം വാര്‍ത്തകള്‍ തികച്ചും അടിസ്ഥാനരഹിതവും തെറ്റുമാണെന്ന് എല്‍ജി പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ചൈനീസ് ഇലക്ട്രോണിക്‌സ് വമ്പന്‍മാരായ ഹൈസെന്‍സിന് എല്‍ജി തങ്ങളുടെ ടിവി ബിസിനസ് വില്‍ക്കുന്നതിന് വേണ്ടി ചര്‍ച്ചകള്‍ നടത്തിയെന്നായിരുന്നു ദക്ഷിണ കൊറിയന്‍ മാധ്യമമായ ഇബിഎന്‍ അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതിനായി എല്‍ജിയുടെ ഉന്നത ഉദ്യോഗസ്ഥര്‍ ബെയ്ജിംഗിലെത്തി ചര്‍ച്ചകള്‍ നടത്തിയതായും റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് കമ്പനിയുടെ വിശദീകരണം. കഴിഞ്ഞ ആറു പതിറ്റാണ്ടോളമായി ടെലിവിഷന്‍ നിര്‍മ്മാണ രംഗത്തുള്ള എല്‍ജി, ലോകത്തിലെ ഏറ്റവും മികച്ച പ്രീമിയം ടിവി ബ്രാന്‍ഡുകളിലൊന്നാണ്. ഈ ബിസിനസ് വില്‍ക്കുകയാണെങ്കില്‍ അത് കമ്പനിയുടെ ചരിത്രത്തിലെ വലിയൊരു മാറ്റമായിരിക്കുമെന്ന് സാമ്പത്തിക ലോകം വിലയിരുത്തിയിരുന്നു. എന്നാല്‍ ഈ അഭ്യൂഹങ്ങളെയെല്ലാം എല്‍ജി ഇപ്പോള്‍ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞിരിക്കുകയാണ്.

ടിവി വിപണിയിലെ കടുത്ത മത്സരം

ആഗോള ടെലിവിഷന്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ വലിയ കടന്നുകയറ്റമാണ് ഇപ്പോള്‍ കാണുന്നത്. മാര്‍ക്കറ്റ് റിസര്‍ച്ച് ഏജന്‍സിയായ ഒംഡിയയുടെ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ലോകത്ത് വിറ്റഴിക്കപ്പെട്ട ടിവികളില്‍ 14 ശതമാനവും ചൈനീസ് കമ്പനിയായ ടിസിഎല്ലിന്റേതായിരുന്നു. ഹൈസെന്‍സിന്റെ വിഹിതം 12.5 ശതമാനമായിരുന്നു. ഇതേസമയം, 2024 മുതല്‍ ടിസിഎല്‍, ഹൈസെന്‍സ്, ഷവോമി എന്നീ ചൈനീസ് കമ്പനികളുടെ മൊത്തം വില്‍പന എല്‍ജി, സാംസങ് തുടങ്ങിയ വമ്പന്‍മാരെ മറികടക്കുന്ന സാഹചര്യവുമുണ്ട്. ഈ കടുത്ത മത്സരമാണ് എല്‍ജി ടിവി ബിസിനസ്സ് വില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്ക് ആക്കം കൂട്ടിയത്.

സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് പോലെ ആകുമോ?

2021-ല്‍ കനത്ത നഷ്ടത്തെ തുടര്‍ന്ന് എല്‍ജി തങ്ങളുടെ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാണം പൂര്‍ണ്ണമായും അവസാനിപ്പിച്ചിരുന്നു. ഇതിന് സമാനമായൊരു തീരുമാനം ടിവിയുടെ കാര്യത്തിലും കമ്പനി എടുക്കുമോ എന്നതായിരുന്നു പലരുടെയും സംശയം. സ്മാര്‍ട്ട്‌ഫോണ്‍ ബിസിനസ് നിര്‍ത്തിയ ശേഷം ഇലക്ട്രിക് വാഹനങ്ങളുടെ യന്ത്രഭാഗങ്ങള്‍, റോബോട്ടിക്‌സ്, സ്മാര്‍ട്ട് ഹോം ടെക്‌നോളജി തുടങ്ങിയ പുതിയ മേഖലകളിലാണ് എല്‍ജി ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

നട്ടിലെ വരകളുടെ എണ്ണത്തില്‍ പോലും കണിശത; ആപ്പിളിന്റെ അമരത്തേക്ക് ജോണ്‍ ടെര്‍നസ് എത്തുമ്പോള്‍!
'നെറ്റ്ഫ്‌ലിക്‌സിലേക്ക് പോകേണ്ട'; കണ്ടന്റ് ക്രിയേറ്റർമാർക്ക് വേണ്ടി കോടികള്‍ എറിഞ്ഞ് യൂട്യൂബ്, ഒപ്പം മുന്നറിയിപ്പും